ad
Deshabhimani

വീണ്ടും ട്രംപിന്റെ ഇരുട്ടടി; ഇന്ത്യയുൾപ്പെടെ 60 രാജ്യങ്ങൾക്ക് പുതിയ ഇറക്കുമതി തീരുവ

Trump-AFP

Image Credit : AFP

വെബ് ഡെസ്ക്

Published on Jul 24, 2026, 11:16 AM | 2 min read

ന്യൂഡൽഹി : കോർപ്പറേറ്റ് സംരക്ഷണ നയങ്ങളുടെയും ട്രേഡ് വാറിന്റെയും ഭാഗമായി ലോകരാജ്യങ്ങൾക്ക് മേൽ വീണ്ടും കടുത്ത ഇറക്കുമതി തീരുവ അടിച്ചേൽപ്പിച്ച് ട്രംപ് ഭരണകൂടം. നിർബന്ധിത തൊഴിൽ നിരോധനം നടപ്പിലാക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് ആരോപിച്ചാണ് പുതിയ താരിഫ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയടക്കമുള്ള 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം തീരുവയാണ് ചുമത്തിയിരിക്കുന്നത്.


1974ലെ ട്രേഡ് ആക്റ്റിലെ അടിച്ചമർത്തൽ വകുപ്പായ സെക്ഷൻ 301 പ്രകാരം പ്രഖ്യാപിച്ച പുതിയ തീരുവകൾ വെള്ളിയാഴ്ച പുലർച്ചെ 12.01 മുതൽ പ്രാബല്യത്തിൽ വന്നു. തൊഴിൽ ചൂഷണത്തിലൂടെ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചുകൊണ്ട് ജൂൺ 14ന് ഇന്ത്യ തങ്ങളുടെ വിദേശവ്യാപാര നയത്തിൽ ഭേദഗതി വരുത്തിയിരുന്നു. ഈ നയമാറ്റം കണക്കിലെടുത്താണ് തുടക്കത്തിൽ പ്രഖ്യാപിച്ചിരുന്ന 12.5 ശതമാനത്തിൽ നിന്ന് തീരുവ നിരക്ക് 10 ശതമാനമായി ഉയർത്തിയിരിക്കുന്നത്.


തൊഴിൽ ചൂഷണത്തിനെതിരെയുള്ള നിരോധനം ഫലപ്രദമായി നടപ്പിലാക്കാൻ ഇത്തരം രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് 10 ശതമാനം നിരക്കിൽ തീരുവ ചുമത്താൻ യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ജാമിസൺ ഗ്രീർ ശുപാർശ ചെയ്തതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിൽ അവകാശപ്പെട്ടു. സാമ്രാജ്യത്വ താല്പര്യങ്ങൾക്ക് വഴങ്ങാത്ത രാജ്യങ്ങൾക്ക് മേൽ അനാവശ്യ ഉപാധികൾ അടിച്ചേൽപ്പിക്കുന്ന വിദേശകാര്യ തന്ത്രമാണിവിടെ പ്രയോഗിക്കപ്പെടുന്നത്.


തൊഴിൽ ചൂഷണം വഴി നിർമിക്കുന്ന ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കുന്നതിൽ പരാജയപ്പെട്ട 60 രാജ്യങ്ങൾക്ക് മേൽ ട്രംപിന്റെ നിർദ്ദേശപ്രകാരമാണ് അന്തിമ നടപടി സ്വീകരിച്ചതെന്ന് യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ഓഫീസ് അറിയിച്ചു. മനുഷ്യാവകാശ ലംഘനവും വ്യാപാര തടസം പരിഹരിക്കാനും തൊഴിലാളികളുടെ ക്ഷേമം മെച്ചപ്പെടുത്താനും ഈ നടപടി സഹായിക്കുമെന്നാണ് യുഎസ് അവകാശപ്പെടുന്നത്.


എന്നാൽ അമേരിക്കൻ വിപണിയിലില്ലാത്ത അസംസ്‌കൃത വസ്തുക്കൾ, യുഎസിൽ ആവശ്യത്തിന് ഉൽപ്പാദിപ്പിക്കാൻ കഴിയാത്ത അവശ്യ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് ഈ പുതിയ തീരുവ ബാധകമല്ലെന്ന് ട്രംപ് വ്യക്തമായിട്ടുണ്ട്.


പുതിയ തീരുവ നേരിടുന്ന 60 രാജ്യങ്ങളിൽ ഇന്ത്യ, കാനഡ, യുകെ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവയുൾപ്പെടെ 17 രാജ്യങ്ങൾക്ക് 10 ശതമാനം നിരക്ക് ബാധകമായിരിക്കും. ബാക്കിയുള്ള 43 രാജ്യങ്ങൾ 12.5 ശതമാനം ഉയർന്ന തീരുവ നേരിടേണ്ടി വരും. അമേരിക്കൻ നിബന്ധനകൾ അംഗീകരിക്കാത്ത ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്ക് 12.5 ശതമാനം തീരുവയായിരിക്കും. 2025 ഏപ്രിലിൽ ട്രംപ് അവതരിപ്പിച്ച ലിബറേഷൻ ഡേ തീരുവകളും അടിയന്തിരാധികാരം ഉപയോഗിച്ച് ഏർപ്പെടുത്തിയ പരസ്പര തീരുവകളും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് യുഎസ് സുപ്രീം കോടതി ഫെബ്രുവരിയിൽ തള്ളിയിരുന്നു. ഇതിന് തിരിച്ചടിയായാണ് ട്രംപ് ഭരണകൂടം താല്കാലിക തീരുവ പ്രഖ്യാപനങ്ങളിലൂടെ വിദേശരാജ്യങ്ങളുടെ പോക്കറ്റടിക്കുന്നത്.


യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് നടത്തുന്ന ഏകപക്ഷീയ അന്വേഷണങ്ങളെ ഇന്ത്യ മുൻപ് എതിർത്തിട്ടുണ്ടെങ്കിലും ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന ഉഭയകക്ഷി വ്യാപാര കരാറിന്റെ ഭാഗമായി ഈ വിഷയങ്ങൾ ചർച്ച ചെയ്യാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയും കയറ്റുമതിയുടെ പ്രധാന കേന്ദ്രവുമാണ് അമേരിക്ക. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2025ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചരക്ക് വ്യാപാരം ഏകദേശം 141 ബില്യൺ ഡോളറായിരുന്നു. ഇതിൽ ഇന്ത്യയുടെ കയറ്റുമതി മാത്രം 87.3 ബില്യൺ ഡോളറാണ്. അമേരിക്കയുടെ ഇത്തരം ഉപരോധ നയങ്ങളും തീരുവ ഭീഷണികളും ആഗോള വിപണിക്ക് വലിയ അനിശ്ചിതത്വമാണ് ഉണ്ടാക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home