Deshabhimani

print edition ബഹിരാകാശത്തും 
ആയുധശേഖരവുമായി അമേരിക്ക

america weapon spece

പ്രതീകാത്മക ചിത്രം
 (എഐ)

വെബ് ഡെസ്ക്

Published on Sep 16, 2026, 12:17 AM | 1 min read

വാഷിങ്‌ടൺ/ബീജിങ്‌: ഭൂമിയെയും കടലിനെയും യുദ്ധക്കളമാക്കിയതിനു പിന്നാലെ ബഹിരാകാശത്തും ഏറ്റുമുട്ടലിന് കോപ്പുകൂട്ടി അമേരിക്കൻ സാമ്രാജ്യത്വം. ഭൂമിയുടെ ഭ്രമണപഥത്തിൽ മാരകായുധങ്ങൾ വിന്യസിച്ചതായി അമേരിക്ക ഇതാദ്യമായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ‘എയർ, സ്പേസ് ആൻഡ് സൈബർ' കോൺഫറൻസിൽ സംസാരിക്കവെ യുഎസ് എയർഫോഴ്സ് സെക്രട്ടറി ട്രോയ് മെയ്ൻക് ആണ് ബഹിരാകാശത്തെ ‘ഓൺ ഓർബിറ്റ്' യുദ്ധവിന്യാസ വിവരം വെളിപ്പെടുത്തിയത്.


റഷ്യയുടെയും ചൈനയുടെയും പദ്ധതികളെ പ്രതിരോധിക്കാനെന്ന പതിവ് ന്യായീകരണവുമായാണ് അമേരിക്കയുടെ ആയുധവിന്യാസം. സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെയും ബഹിരാകാശത്തെ ആയുധപ്പന്തയത്തിനെതിരെയും ചൈന കടുത്ത മുന്നറിയിപ്പ് നൽകി. ബഹിരാകാശത്ത് സൈനികശേഷി വ്യാപിപ്പിക്കുന്നതും യുദ്ധത്തിന് കോപ്പുകൂട്ടുന്നതും അമേരിക്ക ഉടൻ അവസാനിപ്പിക്കണമെന്ന് ചൈനീസ് വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു.


ബഹിരാകാശത്തെ അധീശത്വം ഉറപ്പാക്കാനായി ശത്രുക്കളുടെ ഉപഗ്രഹങ്ങളെ തകർക്കാനും ആശയവിനിമയം തടസ്സപ്പെടുത്താനും ശേഷിയുള്ള കൈനറ്റിക്, നോൺ-കൈനറ്റിക് ആയുധങ്ങളാണ് വിന്യസിച്ചിട്ടുള്ളതെന്ന് യുഎസ് സ്പേസ് ഫോഴ്സ് വക്താവ് സമ്മതിച്ചു. ശത്രുക്കളുടെ ഉപഗ്രഹങ്ങളിലേക്ക് മിസൈൽ ഇടിപ്പിച്ചു തകർക്കുന്നതും റേഡിയോ തരംഗങ്ങൾ ജാം ചെയ്യുന്നതുമായ സാങ്കേതികവിദ്യയാണ് അമേരിക്ക ഉപയോഗിച്ചിരിക്കുന്നതെന്ന് പ്രതിരോധ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.


അമേരിക്കയെ മിസൈൽ ആക്രമണങ്ങളിൽനിന്ന് സംരക്ഷിക്കാനെന്ന പേരിൽ ഡോണൾഡ്‌ ട്രംപ് ആസൂത്രണം ചെയ്യുന്ന ‘ഗോൾഡൻ ഡോം' പ്രതിരോധ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യമാണ് ബഹിരാകാശ ആയുധങ്ങളെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്. സ്പേസ് ഫോഴ്സിനെ പ്രതിരോധത്തിനപ്പുറം ആക്രമണസേനയായി ഉപയോഗിക്കാൻ അനുമതി നൽകുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് നേരത്തെ ഒപ്പുവച്ചിരുന്നു. 1967-ലെ അന്താരാഷ്ട്ര ബഹിരാകാശ കരാറുകളെല്ലാം കാറ്റിൽപ്പറത്തിയാണ് അമേരിക്ക വിനാശകരമായ നീക്കങ്ങളുമായി മുന്നോട്ടുപോകുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home