Deshabhimani

രണ്ട് വയസ്സുകാരനെ തനിച്ചാക്കി അമ്മയെ നാടുകടത്തി; മാസങ്ങൾക്ക് ശേഷം കുഞ്ഞ് ക്രൂരമായി കൊല്ലപ്പെട്ടു, അമ്മയെ കുറ്റപ്പെടുത്തി ഐസിഇ

us ice 2 yo
വെബ് ഡെസ്ക്

Published on May 17, 2026, 03:31 PM | 2 min read

വാഷിങ്ടൺ: രണ്ട് വയസ്സുകാരനായ മകനെ തന്നോടൊപ്പം വിടണമെന്ന് യുഎസ് അധികൃതരോട് കരഞ്ഞുപറഞ്ഞിട്ടും ഉദ്യോഗസ്ഥർ കേട്ടില്ലെന്നും, ഒടുവിൽ കുഞ്ഞ് ക്രൂരമായി കൊല്ലപ്പെട്ടപ്പോൾ കുറ്റം തന്റേതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ച് ഹോണ്ടുറാസ് സ്വദേശിയായ യുവതി രംഗത്ത്. യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന് (ICE) എതിരെയാണ് അമ്മ വെൻഡി ഹെർണാണ്ടസ് റെയസ് ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.


കഴിഞ്ഞ ജനുവരിയിലാണ് വെൻഡിയെ മകനായ ഒർലിൻ ജോസുവെ ഹെർണാണ്ടസ് റെയസിനെ കൂടെക്കൂട്ടാൻ അനുവദിക്കാതെ യുഎസ് അധികൃതർ ഹോണ്ടുറാസിലേക്ക് നാടുകടത്തിയത്. തുടർന്ന് ഫ്ലോറിഡയിലെ എസ്‌കാംബിയ കൗണ്ടിയിൽ അമ്മാവന്റെ സംരക്ഷണത്തിൽ കഴിഞ്ഞിരുന്ന കുഞ്ഞ് കഴിഞ്ഞ മാർച്ചിൽ ക്രൂരമായ പീഡനങ്ങളെത്തുടർന്ന് കൊല്ലപ്പെടുകയായിരുന്നു.


കുഞ്ഞിന്റെ വാരിയെല്ലുകൾ തകർന്ന നിലയിലായിരുന്നു. കൂടാതെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളും ലൈംഗിക പീഡനത്തിന്റെ ലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് കുഞ്ഞിന്റെ അമ്മാവനെ കൊലക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


കുഞ്ഞിന്റെ ദാരുണമായ മരണത്തിന് പിന്നാലെ, ഉത്തരവാദിത്തത്തിൽ നിന്ന് കൈകഴുകാൻ ഐസിഇ പുറത്തിറക്കിയ വാർത്താക്കുറിപ്പ് വലിയ വിവാദങ്ങൾക്ക് വഴി തുറന്നിരിക്കുകയാണ്. വെൻഡി തന്റെ മകനെ യുഎസിൽ 'ഉപേക്ഷിച്ച്' പോവുകയായിരുന്നുവെന്നും, ഒരു കൊലയാളിയുടെ കൈകളിൽ കുഞ്ഞിനെ ഏൽപ്പിക്കാനാണ് അവർ തീരുമാനിച്ചതെന്നും ഐസിഇ ആരോപിച്ചു.


കുട്ടികളുമായി സ്വയം നാടുകടക്കാൻ മാതാപിതാക്കൾ തയ്യാറാകണമെന്നും, അല്ലാത്തപക്ഷം കുട്ടികളെ ഒപ്പം കൂട്ടാനുള്ള അവസരം ഐസിഇ നൽകാറുണ്ടെന്നും ഐസിഇ ഡയറക്ടർ ടോഡ് എം. ലിയോൺസ് പറഞ്ഞു. ഈ അവസരം ഉപയോഗിക്കാതെ വെൻഡി കുഞ്ഞിനെ കൊലയാളിയുടെ സംരക്ഷണയിൽ വിട്ടതാണ് മരണത്തിന് കാരണമായതെന്നാണ് അധികൃതരുടെ വാദം. കൂടാതെ, കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മാവൻ യുഎസിൽ നിയമവിരുദ്ധമായി കഴിയുന്ന ആളാണെന്നും ഇയാൾ ഇവിടെ തുടരാൻ പാടില്ലായിരുന്നുവെന്നും ഐസിഇ പ്രസ്താവനയിൽ പറയുന്നു.


തന്റെ ജീവിതത്തിലെ എല്ലാമായിരുന്ന മകനെ താൻ എങ്ങനെ ഉപേക്ഷിക്കാനാണെന്ന് വെൻഡി പറയുന്നു. തന്നെ നാടുകടത്തുന്നതിന് മുൻപ് മകനെ ഒപ്പം വിടണമെന്ന് ഡിറ്റൻഷൻ സെന്ററിലെ ഉദ്യോഗസ്ഥരോട് പലതവണ കെഞ്ചിപ്പറഞ്ഞിരുന്നതായും അവർ വ്യക്തമാക്കി.


കഴിഞ്ഞ ജനുവരിയിൽ അലബാമയിലൂടെ സഹോദരിക്കൊപ്പം കാറിൽ യാത്ര ചെയ്യുമ്പോഴാണ് പ്രാദേശിക പൊലീസ് വെൻഡിയെ കസ്റ്റഡിയിലെടുക്കുന്നത്. പ്രാദേശിക പൊലീസിന് ഫെഡറൽ ഇമിഗ്രേഷൻ നിയമങ്ങൾ നടപ്പിലാക്കാൻ അധികാരം നൽകുന്ന '287(g)' എന്ന വിവാദ നിയമത്തിന്റെ മറവിലാണ് ഇവരെ ഐസിഇക്ക് കൈമാറിയത്.


തുടർന്ന് വെൻഡിയെ ലൂസിയാനയിലെ ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റി. 2022-ൽ യുഎസിലെത്തി അഭയത്തിനായി അപേക്ഷിച്ചിരുന്ന വെൻഡി, ഇമിഗ്രേഷൻ കോടതിയിലെ ഹിയറിങിന് ഹാജരാകാതിരുന്നതിനെ തുടർന്ന് ഇവർക്കെതിരെ നേരത്തെ തന്നെ നാടുകടത്തൽ ഉത്തരവുണ്ടായിരുന്നുവെന്നാണ് ഐസിഇ നൽകുന്ന വിശദീകരണം. എന്നാൽ കുഞ്ഞിനെ തിരികെ വേണമെന്ന ആവശ്യത്തോട് ക്രൂരമായ അനാസ്ഥയാണ് അധികൃതർ കാണിച്ചതെന്നും, ഇപ്പോൾ സ്വന്തം വീഴ്ച മറയ്ക്കാൻ അവർ ഒരു അമ്മയെ ക്രൂശിക്കുകയാണെന്നും മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home