വിവാദ ഹാലോവീൻ പാർട്ടി; ആലുവയിലെ റിസോർട്ടിൽ ലഹരി പാർട്ടികൾ പതിവെന്ന് നാട്ടുകാർ

ആലുവ : ആലുവയിൽ ഹാലോവീൻ പാർട്ടിക്കിടെ പതിനഞ്ചുകാരിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ റിസോർട്ടിനെതിരെ നാട്ടുകാർ. റിസോർട്ടിൽ ലഹരി പാർടികൾ പതിവാണെന്നും പലതവണ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. വർഷങ്ങളായി രാത്രിയിൽ റിസോർട്ടിൽ പാർട്ടി നടത്താറുണ്ടെന്നും വലിയ ശബ്ദത്തിൽ പാട്ടുവച്ച് നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.
ഹാലോവീൻ ദിനത്തിൽ ആലുവ വെളിയത്തുനാടുള്ള റിസോർട്ടിൽ നടന്ന പാർട്ടിക്കിടെയാണ് പതിനഞ്ചുകാരി ലൈംഗികാതിക്രമം നേരിട്ടത്. സംഭവത്തിൽ കോട്ടയം പെരുന്ന കരിപ്പമറ്റം അലക്‌സിനെ(20) അറസ്റ്റ് ചെയ്തു. കഴിഞ്ഞ 31നായിരുന്നു സംഭവം. മുപ്പതോളം പേർ പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പതിനഞ്ചുവയസുള്ള രണ്ട് പെൺകുട്ടികളടക്കം പ്രായപൂർത്തിയാകാത്ത കൂടുതൽ പേർ പാർടിയിൽ ഉണ്ടായിരുന്നതായാണ് വിവരം. മദ്യത്തിനു പുറമെ മറ്റ് ലഹരിയുപയോഗം നടന്നിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
ഇൻസ്റ്റഗ്രാം വഴിയാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. അറസ്റ്റിലായ അലക്സാണ് റിസോർട്ട് ബുക്ക് ചെയ്തത്. 15 പേർ താമസിക്കാനായി എത്തുമെന്നും പതിനഞ്ചുപേർ പാർടിക്കുശേഷം രാത്രി തന്നെ തിരിച്ചുപോകുമെന്നുമാണ് പറഞ്ഞിരുന്നതെന്ന് റിസോർട്ട് ജീവനക്കാർ പറയുന്നു. പതിനഞ്ചുപേരുടെ ഐഡി കാർഡും നൽകിയിരുന്നു.
പെൺകുട്ടികൾ മാത്രമാണ് പരിപാടിയിൽ പങ്കെടുക്കുന്നതെന്നാണ് അതിക്രമത്തിന് ഇരയായ കുട്ടി വീട്ടിൽ പറഞ്ഞിരുന്നത്. പാർട്ടി നടക്കുന്നതിനിടെ സ്ഥലത്തെത്തിയ മറ്റൊരു പെൺകുട്ടിയുടെ അച്ഛനാണ് മദ്യസൽക്കാരം കണ്ടത്. അദ്ദേഹം ഇതിന്റെ ചിത്രങ്ങൾ പകർത്തി. മകളെ വിളിച്ചുകൊണ്ടുപോയി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടുകാരെയും അറിയിച്ചു. തുടർന്ന് അവരുമെത്തി മകളെ കൂട്ടിക്കൊണ്ടു പോയി. പിന്നീടാണ് പൊലീസിൽ പരാതി നൽകിയത്. സംഘാടകരെയും റിസോർട്ട് നടത്തിപ്പുകാരെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.







0 comments