കലിക്കറ്റ് സർവകലാശാലയുടെ ഗ്രൗണ്ട് സ്വകാര്യ ക്ലബ്ബിന്; ഇന്റർസോൺ ഫുട്ബോൾ പൊരിവെയിലത്ത്; ദുരിതത്തിലായി കുട്ടികൾ

മലപ്പുറം: കലിക്കറ്റ് സർവകലാശാല ഇന്റർസോൺ ഫുട്ബോൾ മത്സരത്തില് പങ്കെടുത്ത് പൊരിവെയിലത്ത് കരിഞ്ഞുണങ്ങി കൗമരതാരങ്ങള്. സർവകലാശാല ഗ്രൗണ്ട് സ്വകാര്യ ക്ലബ്ബിന് വിട്ടു കൊടുത്തതാണ് പ്രതിസന്ധിക്ക് വഴിവെച്ചത്. നിലവിൽ ഒരു ഗ്രൗണ്ടിൽ മാത്രമായാണ് ഇന്റർസോൺ ഫുട്ബോൾ നടക്കുന്നത്. ഇതോടെ നട്ടുച്ച നേരത്തും വിദ്യാർഥികൾക്ക് മത്സരത്തിനിറങ്ങേണ്ടിവന്നു.
ഉച്ച നേരത്തെ മത്സരങ്ങൾ മൂലം നിർജലീകരണം, പേശിവലിവ്, ചതവ് തുടങ്ങിയ പരിക്കുകൾക്ക് കാരണമാകുന്നുവെന്നും താരങ്ങളുടെ പ്രകടനത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും പരാതിയുണ്ട്. കലിക്കറ്റ് സർവകലാശാലയിൽ രണ്ട് ഫുട്ബോൾ ഗ്രൗണ്ടുകളാണുള്ളത്. ഇതിൽ ഒന്ന് സർവകലാശാല സ്പോർട്സ് ഡയറക്ടർ വി പി സക്കീർ ഹുസൈൻ ഇടപ്പെട്ട് മലപ്പുറം എഫ്സിക്ക് പരിശീലനത്തിനായി വിട്ടുനൽകുകയായിരുന്നു. മുസ്ലിം ലീഗ് നിയന്ത്രണത്തിലുള്ള സംഘടനാ നേതാവായ സക്കീർ ഹുസൈന്റെ നിലപാടിനെതിരെ ഇതിനോടകം വിമർശനമുയർന്നു കഴിഞ്ഞു.
വിദ്യാർഥികളും അധ്യാപകരും കടുത്ത വെയിലിൽ ബുദ്ധിമുട്ടുമ്പോൾ സ്വകാര്യ ടീമുകൾക്ക് സൗകര്യമൊരുക്കുന്നവർ എസി മുറികളിൽ സുഖമായി കഴിയുകയാണ്. സ്വകാര്യ ടീമുകളെ സഹായിക്കാൻ സർവകലാശാലാ വിദ്യാർഥികളുടെ കായികാവകാശങ്ങൾ അവഗണിക്കുകയാണ്. ഇന്റർസോൺ മത്സരങ്ങൾക്ക് പിന്നാലെ ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി, സൗത്ത് സോൺ ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങളിലും കലിക്കറ്റ് സർവകലാശാലയ്ക്കായി കളിക്കേണ്ട താരങ്ങളുടെ ശാരീരികക്ഷമതയെ ഇത്തരം സാഹചര്യങ്ങൾ ബാധിക്കുമെന്നാണ് ആശങ്ക.
സംസ്ഥാന സ്കൂൾ കായിക മേളക്കായി എൻഐടി ഗ്രൗണ്ട് ഉയർന്ന തുകയ്ക്കാണ് വാടകക്ക് നൽകിയതെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ സ്പോർട്സ് ഡയറക്ടറുടെ വ്യക്തി താല്പര്യത്തിന്റെ പുറത്ത് കലിക്കറ്റ് സർവകലാശാലയുടെ ഗ്രൗണ്ട് സ്വകാര്യ ഫുട്ബോൾ ക്ലബായ മലപ്പുറം എഫ്സിക്ക് കുറഞ്ഞ നിരക്കിലാണ് വിട്ട് നൽകിയത്. ഇതിനെതിരെയും പ്രതിഷേധമുയർന്നു.
സർവകലാശാലയുടെ സാമ്പത്തിക സഹായത്തോടെ നിർമിച്ച ഗ്രൗണ്ടുകൾ ആദ്യം വിദ്യാർഥികളുടെ കായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കണമെന്നാണ് ആവശ്യം. സർവകലാശാലാ മത്സരങ്ങൾ നടക്കുന്ന സമയത്തെങ്കിലും ഗ്രൗണ്ടുകൾ പൂർണമായും വിദ്യാർഥികൾക്ക് ലഭ്യമാക്കുന്ന തരത്തിൽ നിലവിലെ കരാർ വ്യവസ്ഥകളിൽ മാറ്റം വരുത്തണമെന്ന ആവശ്യവും ശക്തമാണ്. വിഷയത്തിൽ സർവകലാശാലാ കായിക വിഭാഗവും ഭരണസമിതിയും അടിയന്തരമായി ഇടപെട്ട് വിദ്യാർഥികൾക്കും അധ്യാപകർക്കും ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും സ്വകാര്യ ടീമുകൾക്ക് നൽകുന്ന പരിഗണനയുടെ മാനദണ്ഡങ്ങൾ വ്യക്തമാക്കണമെന്നും കുട്ടികൾ പറയുന്നു.








0 comments