ഇറാനിൽ വീണ്ടും യുഎസ് ആക്രമണം; തുറമുഖ നഗരങ്ങളിൽ സ്ഫോടനങ്ങൾ

Representative Image | AI
തെഹ്റാൻ: ഇറാനെതിരായ ആക്രമണം തുടർന്ന് അമേരിക്ക. ചൊവ്വാഴ്ച തുറമുഖ നഗരങ്ങൾക്കുനേരെ മിസൈലുകൾ തൊടുത്തുവിട്ടു. ഐആർജിസിയുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് പ്രതികരിച്ചു. ഇറാൻ തിരിച്ചടിച്ചാൽ കൂടുതൽ ശക്തമായ അമേരിക്കൻ ആക്രമണണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിമുഴക്കുകയും ചെയ്തു.
ബന്ദർ അബാസ്, സിറിക്, കൊനാരാക് തുടങ്ങിയ മേഖലകളിലാണ് സ്ഫോടനങ്ങളുണ്ടായതായാണ് റിപ്പോർട്ട്. ചബഹാറിലും കൊനാരാകിലും നാല് മിസൈലുകൾ പതിച്ചു.
ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിലുള്ള തങ്ങളുടെ പൗരന്മാർക്ക് അമേരിക്ക മുന്നറിയിപ്പ് നൽകി. ആക്രമണങ്ങൾക്ക് ഇറാൻ ഉടൻ തിരിച്ചടി നൽകിയേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസം ഹോർമുസ് കടലിടുക്കിന് സമീപത്തെ ലരാക്ക് ദ്വീപീലേക്ക് യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ സെെനികൻ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. രണ്ടുപേർക്ക് പരിക്കേറ്റു. ഇതേതുടർന്ന് യുഎഇയിലെയും ജോർദാനിലെയും യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ പ്രത്യാക്രമണം നടത്തി. യുഎഇയിലെ അൽ മിൻഹാദ് വ്യോമതാവളത്തിലേക്ക് എത്തിയ ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടു. ഇതിന് മറുപടിയായാണ് വീണ്ടും അമേരിക്ക യുദ്ധമുഖം തുറന്നിരിക്കുന്നത്.
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇനി സൈനിക നീക്കമുണ്ടാകില്ലെന്നും സാമ്പത്തിക സമ്മർദ്ദമേ ഉണ്ടാകൂവെന്നും യുഎസ് അറിയിച്ചതിനു പിന്നാലെയാണ് വീണ്ടും ആക്രമണത്തിന് മുതിർന്നത്. സാമ്പത്തികമായി ഞെരുക്കാൻ ഇറാനുമായി വ്യാപാരം നടത്തുന്ന എല്ലാ രാജ്യങ്ങൾക്കും ഉപരോധം ചുമത്താനും നടപടിയെടുത്തു.
ഇസ്രയേലിനെ കൂട്ടുപിടിച്ച് അമേരിക്ക ഇറാനിൽ ഫെബ്രുവരി 28നു തുടങ്ങിയ ആക്രമണം, ആയുധശേഖരം തീരാറായതോടെയാണ് ജൂലൈ അവസാനം പൂർണമായി ഉപേക്ഷിച്ചത്. യുദ്ധം തുടർന്നാൽ അമേരിക്കയുടെ ബലഹീനത വെളിപ്പെടുമെന്ന് യുഎസ് ഉന്നത നേതാക്കൾ മുന്നറിയിപ്പ് നൽകിയിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ ധൃതിയില്ലെന്നും ഇപ്പോഴും ഇറാനിലെ നേതാക്കൾ തന്റെ കൈപിടിയിലാണെന്നുമാണ് ട്രംപ് പറഞ്ഞത്. ഞായറാഴ്ച ഖാർഗ് ദ്വീപ് അമേരിക്കൻ സൈന്യം തകർക്കുന്ന എഐ വീഡിയോയും ട്രംപ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.










0 comments