സർവകലാശാലകൾ സംഘപരിവാറിന്റെ കാൽക്കീഴിലേക്ക്; ലക്ഷ്യം വീതംവയ്‌പ്

സ്വന്തം ലേഖകൻ
Published on Sep 02, 2026, 12:38 AM | 1 min read
തിരുവനന്തപുരം : സംഘപരിവാർ അജൻഡയ്‌ക്ക് കീഴ്‌പ്പെട്ട് ഗവർണറുമായി ഉന്നത വിദ്യാഭ്യാസവകുപ്പ് ഒത്തുതീർപ്പുണ്ടാക്കിയത് വിസിമാരെയും അക്കാദമിക് സമിതി അംഗങ്ങളെയും വീതംവയ്‌ക്കാമെന്ന വ്യവസ്ഥയോടെ. ആർഎസ്‌എസ് ലക്ഷ്യമിടുന്ന കേരളസർവകലാശാല ഉൾപ്പെടെയുള്ളവ അടിയറവയ്‌ക്കാൻ യുഡിഎഫ് സർക്കാർ സന്നദ്ധമായെന്ന് സൂചന. ഇതോടെ ഒമ്പത് സർവകലാശാലകളിൽ നാലിലും സംഘപരിവാറിന് വ്യക്തമായ ആധിപത്യമാകും. മറ്റുള്ളവയിൽ കാര്യമായ സ്വാധീനത്തിന് സ്ഥാനങ്ങൾ വീതിച്ചുനൽകാമെന്നുമാണ് ഒത്തുതീർപ്പ്. ലോക്‌ഭവൻ കയറിയിറങ്ങുന്ന കോൺഗ്രസ് അധ്യാപക സംഘടന മുൻനേതാവാണ് ഇടനിലക്കാരൻ.
സാങ്കേതിക, ഡിജിറ്റൽ സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് ചാൻസലർ നൽകിയ കേസിലാണ് ഒത്തുതീർപ്പെങ്കിലും ഫലത്തിൽ എല്ലാ സർവകലാശാലയിലും ബാധകമാക്കും. സുപ്രീംകോടതി നിയമിച്ച ജസ്റ്റിസ് സുധാൻശു ധൂലിയ കമീഷൻ തയ്യാറാക്കിയ പാനലിൽനിന്ന് രണ്ടിടത്ത് വിസിമാരെ നിയമിച്ചിരുന്നു. ഇത് വിധിയിലും ഉൾപ്പെടുത്തി. ഇതനുസരിച്ച് സർക്കാരും ഗവർണറും തമ്മില്‍ കരാർ ആവശ്യമില്ല. അതിനാല്‍ പ്രസക്തിയില്ലാത്തതിനാലാണ് കേസ് അവസാനിപ്പിച്ചതെന്ന മന്ത്രിയുടെ വാദവും കള്ളം.
ഗവർണർ സർക്കാരുമായി കൂടിയാലോചിച്ച് വിസിമാരെ നിയമിക്കണമെന്നാണ് നിയമം. ചീഫ് സെക്രട്ടറി സെർച്ച് കമ്മറ്റി അധ്യക്ഷനാകണമെന്നും താൽക്കാലിക വിസിമാർ സർക്കാർ പാനലിൽ നിന്നാകണമെന്നും വ്യവസ്ഥയുണ്ട്. യുജിസി ചട്ടമാണ് അടിസ്ഥാനമെന്ന് സർക്കാർ സമ്മതിച്ചതോടെ ഇൗ വ്യവസ്ഥകൾ അപ്രസക്തമായി. വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള സർക്കാരിന്റെ അധികാരം നിയമപരമായി വീണ്ടും ഉറപ്പിക്കാനുള്ള അവസരമാണ് ഒത്തുതീർപ്പിലൂടെ അടിയറവച്ചത്. തുടർവാദത്തിലൂടെ സർക്കാരിന്റെ അവകാശം ഉറപ്പിക്കാനും നിയമപ്രശ്‌നത്തിൽ സുപ്രീംകോടതിയിൽ തീർപ്പുണ്ടാക്കാനും കഴിയുമായിരുന്നു.
എൽഡിഎഫ് സർക്കാർ ഇക്കാര്യങ്ങളിലെടുത്ത വിട്ടുവീഴ്‌ചയില്ലാത്ത നിലപാടിന്റെ ഫലമായി കോടതിയുടെ ഇടക്കാല നിർദേശങ്ങളിലടക്കം സംസ്ഥാനത്തിന്റെ അധികാരം സംരക്ഷിക്കാനും നിലനിർത്താനും കഴിഞ്ഞു. എന്നാൽ, യുഡിഎഫ് ലോക്‌ഭവന് കീഴടങ്ങിയതോടെ സർവകലാശാലകളിൽ ആർഎസ്‌എസിന് അധികാരം മാത്രമല്ല, സിലബസിൽ ഇടപെടാനുളള അവസരംകൂടിയാണ് ലഭിക്കുക.










0 comments