'ഞങ്ങളെ രക്ഷിക്കൂ'; യുഎസ് പനാമയിലേക്ക് കടത്തിയ കുടിയേറ്റക്കാർ സഹായമഭ്യർഥിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

photo credit: X
പനാമ സിറ്റി : അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ച് അമേരിക്ക പനാമയിലേക്ക് കടത്തിയവർ സഹായം ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പനാമയിലെ ഹോട്ടലിൽ പാർപ്പിച്ചിരിക്കുന്ന ഇന്ത്യക്കാരടക്കമുള്ളവര്‍ 'ഞങ്ങളെ സഹായിക്കൂ' എന്നെഴുതിയ പോസ്റ്ററുകളുമായി ഹോട്ടൽ മുറികളുടെ ജനാലകളിൽ നിൽക്കുന്നതും ജനാലകളിൽ 'സഹായിക്കൂ' എന്ന് എഴുതുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള 300ഓളം കുടിയേറ്റക്കാരെയാണ് കഴിഞ്ഞ ദിവസം പനാമയിലെത്തിച്ചത്. രണ്ട് ഹോട്ടലുകളിലായാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇവരെ രാജ്യങ്ങളിലേക്ക് സ്വമേധയാ മടങ്ങാൻ അനുവദിച്ചിട്ടില്ല. മറ്റ് അന്താരാഷ്ട്ര സംഘടനകളുമായി ബന്ധപ്പെട്ട് എല്ലാവരെയും അവരവരുടെ രാജ്യങ്ങളിലേക്ക് മടക്കിയയയ്ക്കുമെന്നും അതുവരെ പനാമയിൽ കഴിയണമെന്നുമാണ് ട്രംപിന്റെ ഉത്തരവ്.
തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ് പനാമയിലെത്തിച്ച കുടിയേറ്റക്കാരുടെ കാര്യത്തിൽ അമേരിക്ക സ്വീകരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ഹോട്ടലിലെത്തിച്ച കുടിയേറ്റക്കാരുടെ ഫോണും പാസ്പോർട്ടും മറ്റ് രേഖകളും പിടിച്ചുവച്ചിരിക്കുകയാണെന്നാണ് വിവരം. ഇറാൻ, ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ളവരെയാണ് പനാമയിലെത്തിച്ചത്. ചില രാജ്യങ്ങളിലേക്ക് നേരിട്ട് കുടിയേറ്റക്കാരെ എത്തിക്കുന്നതിൽ പ്രശ്നമുണ്ടെന്നും അതിനാലാണ് പനാമയിലെത്തിച്ചതെന്നുമാണ് ട്രംപ് സർക്കാർ പറയുന്നത്.
സഹായിക്കണമെന്നും തങ്ങളുടെ രാജ്യത്ത് സുരക്ഷിതരായി ജീവിക്കാൻ സാധിക്കില്ലെന്നുമാണ് പനാമയിലെത്തിച്ചവരിൽ ഭൂരിഭാഗത്തിന്റെയും നിലപാട്. എത്തിച്ച 299 പേരിൽ 171 പേർ മാത്രമാണ് സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ സന്നദ്ധരായിട്ടുള്ളത്.
പനാമയും യുഎസുമായുള്ള കുടിയേറ്റ ഉടമ്പടി പ്രകാരം എത്തിയവർക്ക് വൈദ്യസഹായവും ഭക്ഷണവും കൃത്യമായി ലഭ്യമാക്കിയിട്ടുണ്ടെന്ന് പനാമ സെക്യൂരിറ്റി മിനിസ്റ്റർ ഫ്രാങ്ക് അബെർഗോ പറഞ്ഞു. കോസ്റ്ററീക്കയിലേക്കും പനാമയിലേക്കും കുടിയേറ്റക്കാരെ അയയ്ക്കുന്നതിന്റെ മുഴുവൻ ചെലവുകളും യുഎസ് തന്നെയാണ് വഹിക്കുന്നത്. പനാമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്നുള്ള ട്രംപിന്റെ ഭീഷണിയെത്തുടർന്നാണ് ഉടമ്പടിക്ക് പനാമ സർക്കാർ സമ്മതിച്ചതെന്നാണ് വിവരം.









0 comments