സമ്പന്നർക്ക് പരവതാനി വിരിച്ച് ട്രംപ്: 43 കോടി രൂപ നൽകിയാൽ യുഎസ് പൗരത്വം

വാഷിങ്ടൺ : അനധികൃത കുടിയേറ്റക്കാരെന്നാരോപിച്ച് നിരവധി ജനങ്ങളെ നാടുകടത്തുന്നതിനിടെ സമ്പന്ന കുടിയേറ്റക്കാർക്ക് യുഎസ് പൗരത്വം നൽകാനുള്ള പുതിയ പദ്ധതിയുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അഞ്ച് മില്യൺ യുഎസ് ഡോളർ (43 കോടി ഇന്ത്യൻ രൂപ) നൽകിയാൽ പൗരത്വം ലഭിക്കുന്നതിനുള്ള 'ഗോൾഡ് കാർഡ്' നൽകുന്നതാണ് പുതിയ പദ്ധതി. ഗോൾഡ് കാർഡുകൾ വഴി ഗ്രീൻ കാർഡ് റസിഡൻസി സ്റ്റാറ്റസ് ലഭിക്കുമെന്നും അങ്ങനെ വിദേശികൾക്ക് അമേരിക്കൻ പൗരൻമാരാകാമെന്നുമാണ് ട്രംപിന്റെ വാദം. ഏകദേശം 1 മില്യൺ കാർഡുകൾ (10 ലക്ഷം) ഇപ്രകാരം വിറ്റുപോകുമെന്നാണ് ട്രംപ് സർക്കാർ പറയുന്നത്.
ദേശീയ കടം തീർക്കാൻ ഇതിലൂടെ കഴിയുമെന്നാണ് ട്രംപിന്റെ വാദം. വ്യവസായ സംരംഭങ്ങളിൽ നിക്ഷേപം നടത്തുന്ന വിദേശികൾക്കായുള്ള ഇബി- 5 (ഇമിഗ്രന്റ് ഇൻവെസ്റ്റേഴ്സ് വിസ പ്രോഗ്രാം- EB-5) പ്രോഗ്രാമിന് പകരമെന്നോണമാണ് പുതിയ ഗോൾഡ് കാർഡ് നടപ്പാക്കുന്നതെന്നാണ് ട്രംപ് പറയുന്നത്. വ്യവസായ സംരംഭങ്ങളിൽ വൻ തോതിൽ നിക്ഷേപം നടത്തുന്ന വിദേശികൾക്ക് അമേരിക്കയിൽ സ്ഥിര താമസം ഉറപ്പാക്കുന്ന പദ്ധതിയാണ് ഇബി -5.
'ഞങ്ങൾ ഗോൾഡ് കാർഡുകൾ വിൽക്കാനൊരുങ്ങുകയാണ്. 5 മില്യൺ ഡോളറാണ് വിലയിട്ടിരിക്കുന്നത്. ഗ്രീൻ കാർഡിന് തുല്യമായ പരിഗണകളെല്ലാം പുതിയ പൗരത്വ കാർഡിലൂടെ ലഭിക്കും. സമ്പന്നരായവർക്ക് മാത്രം അമേരിക്കയിലേക്ക് സ്വാഗതം'- ട്രംപ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ രണ്ടാഴ്ചയ്ക്കകം അറിയിക്കുമെന്നും ട്രംപ് പറഞ്ഞു. എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കും അമേരിക്കൻ പൗരൻമാരാകാമെന്നും പക്ഷേ സമ്പന്നരായിരിക്കണമെന്നുമാണ് പ്രസിഡന്റിന്റെ നയം.
യുഎസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രന്റ് സർവീസിന്റെ കീഴിലുള്ള ഇബി-5 പ്രോഗ്രാം 1990 മുതലാണ് ആരംഭിച്ചത്. എന്നാൽ ഇതിനെ അസംബന്ധം എന്നാണ് ട്രംപും മറ്റ് ഉദ്യോഗസ്ഥരും വിശേഷിപ്പിച്ചത്. അധികം പണച്ചിലവില്ലാതെ ഗ്രീൻ കാർഡ് ലഭിക്കുന്ന മാർഗമാണ് ഇബി - 5 എന്നും അതിനെ അവസാനിപ്പിക്കുകയാണെന്നും കൊമേഴ്സ് സെക്രട്ടറി ഹോവാർഡ് ലുട്നിക് പറഞ്ഞു.
അധികാരത്തിലേറിയതിനു ശേഷം നിരവധി ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളാണ് ട്രംപ് നടത്തുന്നത്. അനധികൃത കുടിയേറ്റക്കാരെന്നാരോപിച്ച് വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേരെയാണ് ട്രംപ് സർക്കാർ നാടുകടത്തിയത്. കൈകാലുകൾ വിലങ്ങും ചങ്ങലയും ഉപയോഗിച്ച് ബന്ധിച്ച് അങ്ങേയറ്റം മനുഷ്യത്വ രഹിതമായ രീതിയിലാണ് ട്രംപ് ജനങ്ങളെ നാടുകടത്തിയത്. മൂന്നു സെനികവിമാനങ്ങളിലായി 300ലധികം ഇന്ത്യക്കാരെ ഇതിനകം നാടുകടത്തി. ഇതിനു പിന്നാലെയാണ് സമ്പന്നർ മാത്രം അമേരിക്കയിൽ താമസിച്ചാൽ മതിയെന്ന പുതിയ തീരുമാനവുമായി ട്രംപ് എത്തുന്നത്.











0 comments