ad
Deshabhimani

ഇന്ത്യന്‍ ദമ്പതികളുടെ പെടാപ്പാട് , ഫെബ്രുവരി 20ന്‌ മുമ്പ് 
കുഞ്ഞിന് ജന്മം നല്‍കിയാല്‍ പൗരത്വം ഉറപ്പിക്കാം

യുഎസില്‍ ജന്മാവകാശ പൗരത്വം റദ്ദാക്കൽ ; സിസേറിയനായി തിരക്ക്‌

us Citizenship by birth
വെബ് ഡെസ്ക്

Published on Jan 24, 2025, 02:44 AM | 2 min read


വാഷിങ്‌ടൺ : അമേരിക്കയിൽ ജനിക്കുന്ന എല്ലാവർക്കും പൗരത്വം നൽകുന്ന ജന്മാവകാശ പൗരത്വം റദ്ദാക്കിയുള്ള പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ ഉത്തരവ്‌ മറികടക്കാൻ പരക്കംപാച്ചിലിൽ ഇന്ത്യൻ ദമ്പതികൾ. ഫെബ്രുവരി 20ന്‌ നിയമം നിലവിൽവരുംമുമ്പ്‌ കുഞ്ഞിന് ജന്മംനല്‍കാന്‍ സിസേറിയൻ നടത്താന്‍ പ്രസവ ക്ലിനിക്കുകളില്‍ തിരക്കേറുന്നു. എട്ടും ഒമ്പതും മാസം ഗർഭിണികളായ നിരവധിപ്പേർ 20ന്‌ മുമ്പ്‌ സിസേറിയൻ നടത്തണമെന്ന ആവശ്യവുമായി ഗൈനക്കോളജിസ്റ്റുകളെ സമീപിക്കുന്നതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു.


ജന്മാവകാശ പൗരത്വമുള്ള കുട്ടികൾക്ക്‌ 21 വയസ്സ്‌ തികയുമ്പോൾ മാതാപിതാക്കൾക്കും അമേരിക്കയിൽ സ്ഥിരതാമസത്തിന്‌ അവകാശമുണ്ടാകും. ഇതിനാണ്‌ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യംപോലും അപകടത്തിലാക്കി, മാസംതികയുംമുമ്പേ പ്രസവം നടത്തി പൗരത്വം ഉറപ്പിക്കാനുള്ള നെട്ടോട്ടം. ഏഴുമാസവും അതിൽ കുറവും ഗർഭിണിയായാവർ പോലും സിസേറിയൻ ആവശ്യവുമായി എത്തുന്നതായി ന്യൂജേഴ്‌സിയിലെ ഇന്ത്യൻ വംശജയായ ഗൈനക്കോളജിസ്റ്റ്‌ മാധ്യമങ്ങളോട്‌ വെളിപ്പെടുത്തി.


ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ തീരുമാനം കുടിയേറ്റക്കാർക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. അമേരിക്കയില്‍ താൽക്കാലിക എച്ച്-1ബി, എൽ1 വിസകളിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ഇന്ത്യക്കാരുണ്ട്. മതിയായ രേഖകളില്ലാത്ത കുടിയേറ്റക്കാരില്‍ 7.25 ലക്ഷം പേര്‍ ഇന്ത്യക്കാരാണെന്നാണ് കണക്ക്.



അതിര്‍ത്തിയിലേക്ക് പട്ടാളം, 
തടവറകള്‍ ഒരുങ്ങുന്നു

പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ പ്രഖ്യാപിച്ച കുടിയേറ്റ വിരുദ്ധ നയങ്ങൾ നടപ്പാക്കാനുള്ള പ്രവർത്തനങ്ങൾക്ക്‌ തുടക്കമിട്ട്‌ അമേരിക്ക. മെക്‌സിക്കൻ അതിർത്തിയിലേക്ക്‌ 1500 സൈനികരെ അയച്ചുതുടങ്ങി. കുടിയേറ്റക്കാരെ പുറത്താക്കുമ്പോള്‍ സംഘർഷസാധ്യത കണക്കിലെടുത്താണ് സൈനിക വിന്യാസം.


ഉടൻ പുറത്താക്കുന്ന 5000 കുടിയേറ്റക്കാരെ കൊണ്ടുപോകാൻ ഹോംലാൻഡ്‌ സെക്യൂരിറ്റി വകുപ്പിനെ സഹായിക്കാന്‍ സൈനിക വിമാനങ്ങൾ വിട്ടുനൽകും. അതിർത്തിയിൽ മതിലുകളും ബാരിക്കേഡുകളും നിർമിക്കാനും സൈന്യം സഹായിക്കും.


3219 കിലോമീറ്റർ ദൈർഘ്യമുള്ള യുഎസ്‌–- മെക്‌സിക്കോ അതിർത്തിയിൽ നിലവിൽ 2500 പട്ടാളക്കാരുണ്ട്. നിലവിൽ സൈന്യത്തിന്‌ ക്രമസമാധാന ചുമതല വഹിക്കുന്നതിൽ നിയമപരമായ വിലക്കുണ്ട്‌. ഇതിൽ മാറ്റംവരുത്തുന്നതും ട്രംപ് പരിഗണിക്കുന്നു.


ലക്ഷംപേരെ പാർപ്പിക്കാൻ തടവറകൾ

പുറത്താക്കാനുള്ള അനധികൃത കുടിയേറ്റക്കാരെ തടഞ്ഞുവയ്‌ക്കാൻ കൂടുതൽ തടങ്കല്‍ പാളയങ്ങള്‍ ഒരുക്കാനും നടപടി തുടങ്ങി. 1.4 കോടി അനധികൃത കുടിയേറ്റക്കാർ ഉണ്ടെന്ന്‌ പറയുന്ന രാജ്യത്ത്‌ തടങ്കല്‍ പാളയങ്ങളില്‍ 41,000 പേരെ പാർപ്പിക്കാനുള്ള സാമ്പത്തികസ്ഥിതി മാത്രമേ ഇമിഗ്രേഷൻ ആൻഡ്‌ കസ്റ്റംസ്‌ എൻഫോഴ്‌സ്‌മെന്റ്‌ വകുപ്പിനുള്ളൂ. 1.1 ലക്ഷം പേരെ പാര്‍പ്പിക്കാന്‍ ജയിലുകളൊരുക്കാനായി അമേരിക്കന്‍ കോണ്‍​ഗ്രസ് പ്രത്യേകനിയമം പാസാക്കി.


രേഖയില്ലാതെ കുടിയേറിയവരുടെ കുട്ടികളെ സൈനിക താവളങ്ങളില്‍ പാര്‍പ്പിക്കാന്‍ മുമ്പ്‌ പ്രസിഡന്റായിരുന്നപ്പോൾ ട്രംപ്‌ അനുവാദം നൽകിയിരുന്നു.


കുടിയിറക്കപ്പെടുന്നവരെ 
സ്വീകരിക്കാൻ മെക്സിക്കോ

അമേരിക്കയിൽനിന്ന്‌ പുറത്താക്കപ്പെടുന്നവരുടെ കുത്തൊഴുക്ക്‌ നേരിടാനുള്ള ഒരുക്കങ്ങളുമായി മെക്സിക്കോ. അമേരിക്കൻ അതിർത്തിക്കടുത്ത്‌ വലിയ ടെന്റുകളുടെ നിർമാണം ആരംഭിച്ചു. ടെക്സസിലെ എൽ പാസോയിലെ ഒഴിഞ്ഞ സ്ഥലത്ത്‌ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ പുറത്തുവന്നു. പുറത്താക്കപ്പെടുന്ന മെക്സിക്കൻ പൗരരെ പാർപ്പിക്കാനുള്ള സൗകര്യങ്ങളാണ്‌ ആദ്യഘട്ടത്തിൽ ഒരുക്കുന്നത്‌.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home