print edition വീണ്ടും യുഎസ് ബോംബിങ്; തിരിച്ചടിച്ച് ഇറാൻ: സമാധാനം അകലെ

തെക്കൻ ലെബനനിലെ ടയര്‍ നഗരത്തില്‍ ഇസ്രയേൽ നടത്തിയ വ്യോമാക്രമണം
തെഹ്റാൻ/വാഷിങ്‌ടൺ: പശ്‌ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം സൃഷ്‌ടിച്ച് ഇറാന്റെ സൈനികകേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തി. ഗോരുക് നഗരത്തിലെയും ക്വഷം ദ്വീപിലെയും ഇറാന്റെ റഡാർ, ഡ്രോൺ കേന്ദ്രങ്ങൾക്ക് നേരെയാണ് ബോംബിങ് നടത്തിയതെന്ന് വെൈറ്റ്‌ഹൗസ് സ്ഥിരീകരിച്ചു.
തൊട്ടുപിന്നാലെ മേഖലയിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ പ്രത്യാക്രമണം നടത്തി. കുവൈത്തിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട്ചെയ്‌തു. ഇറാൻ തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈൽ ആകാശത്തുവച്ച് തകർത്തതായി യുഎസ് അവകാശപ്പെട്ടു.
സിറിക് ദ്വീപിന് നേരെയുള്ള ആക്രമണത്തിന് ഉപയോഗിച്ച യുഎസ് സൈനികതാവളം ലക്ഷ്യമിട്ട് ശക്തമായി തിരിച്ചടിച്ചതായി ഇറാൻ റെവല്യൂഷണറി ഗാർഡ് കോർ പറഞ്ഞു. സമാധാനശ്രമങ്ങൾക്കിടെയുള്ള അമേരിക്കൻ ആക്രമണത്തോടെ മേഖല കൂടുതൽ സംഘർഷഭരിതമായി. ഇറാനുമായി അനുകൂലമായ കരാറിലേക്ക് അടുക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
അമേരിക്കയുമായുള്ള ആശയവിനിമയം തുടരുകയാണെന്ന് സ്ഥിരീകരിച്ച ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്ചികരാർ അന്തിമമായി ഒപ്പുവയ്‌ക്കുംവരെ ഒന്നിനും ഉറപ്പില്ലെന്നും കൂട്ടിച്ചേർത്തു. യുഎസ് വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇറാൻ പാർലമെന്റ് സ്‌പീക്കറും മുഖ്യ ചർച്ചക്കാരനുമായ മുഹമ്മദ് ബാഗർ ഖാലിബാഫ് കുറ്റപ്പെടുത്തി. കരാറിൽ കൂടുതൽ കർശന നിബന്ധനകൾ ഉൾപ്പെടുത്താനാണ് ട്രംപിന്റെ സമ്മർദമെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്‌തു.
ഉപരോധങ്ങൾ പിൻവലിക്കുക, വിദേശബാങ്കുകളിൽ മരവിപ്പിച്ച ഫണ്ട് വിട്ടുനൽകുക, തുറമുഖ ഉപരോധം നീക്കുക എന്നിവയാണ് ഇറാന്റെ പ്രധാന ആവശ്യങ്ങൾ. അതേസമയം, ലെബനനിലെ ഇസ്രയേൽ കടന്നാക്രമണം രൂക്ഷമായി. നിരവധി ഗ്രാമങ്ങളിൽ ജനങ്ങളെ നിർബന്ധിതമായി കുടിയിറക്കി. ലബനനിലെ സാഹചര്യം ചർച്ചചെയ്യാൻ യുഎൻ രക്ഷാസമിതിയുടെ അടിയന്തരയോഗം വിളിക്കാൻ ഫ്രാൻസ് ആവശ്യപ്പെട്ടു.
യുദ്ധഭീതിയെ തുടർന്ന് ആഗോളവിപണിയിൽ അസംസ്‌കൃത എണ്ണവില മൂന്ന് ശതമാനത്തിലധികം വർധിച്ചു.
ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധത്തെ തുടർന്ന് ആഗോള എണ്ണവിതരണത്തിന്റെ പ്രധാനപാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടിരിക്കുകയാണ്. 24 മണിക്കൂറിൽ പ്രത്യേക അനുമതിയോടെ നാലു എണ്ണക്കപ്പലുകൾ ഉൾപ്പെടെ 15 കപ്പലുകൾ മാത്രമാണ് ഇതിലൂടെ കടന്നുപോയത്.










0 comments