ഇറാനിലെ അമേരിക്കൻ ആക്രമണം വിഭവങ്ങൾ നിയന്ത്രിക്കാനുള്ള 
ഗൂഢനീക്കം: ഇടതുപക്ഷ പാർടികൾ

left parties
avatar
സ്വന്തം ലേഖകൻ

Published on Jun 23, 2025, 01:15 AM | 1 min read

ന്യൂഡൽഹി :ഇറാന്റെ പരമാധികാരവും യുഎൻ ചാർട്ടറും ലംഘിച്ച്‌ അമേരിക്ക നടത്തിയ ബോംബാക്രമണത്തെ ശക്തമായി അപലപിച്ച്‌ ഇടതുപക്ഷ പാർടികൾ. ഇറാനെ നശിപ്പിക്കുന്നതിനൊപ്പം പശ്ചിമേഷ്യയിൽ സാമ്രാജ്യത്വ ആധിപത്യം സ്ഥാപിച്ച്‌ ആഗോള വിഭവങ്ങളുടെ ഒഴുക്കിനെ നിയന്ത്രിക്കാനുള്ള അമേരിക്കയുടെ തന്ത്രമാണിത്‌. യുഎസ്‌–ഇസ്രയേൽ അനുകൂല വിദേശനയം ഉപേക്ഷിച്ച്‌ യുദ്ധം അവസാനിപ്പിക്കാനുള്ള ആഗോളശ്രമങ്ങളിൽ കേന്ദ്രസർക്കാർ പങ്കുചേരണം–- സംയുക്ത പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. ഇറാൻ ആണവായുധം വികസിപ്പിക്കുന്നതിന്റെ വക്കിലാണെന്ന് അവകാശപ്പെട്ടാണ്‌ അമേരിക്കയും ഇസ്രയേലും കടന്നാക്രമണത്തെ ന്യായീകരിക്കുന്നത്‌. ആണവായുധം നിർമിക്കാൻ ഇറാൻ ആസൂത്രിതമായ ശ്രമം നടത്തുന്നതിന്‌ തെളിവില്ലെന്ന്‌ അന്താരാഷ്‌ട്ര ആണവോർജ ഏജൻസിയും (ഐഎഇഎ) യുഎസ് രഹസ്യാന്വേഷണ ഏജൻസികളും സമ്മതിച്ചതാണ്‌. ചർച്ചയ്‌ക്കായി ഇറാന്‌ രണ്ടാഴ്‌ച സമയം നൽകിയ ട്രംപ്‌ ഇപ്പോൾ ഇസ്രയേൽ കടന്നാക്രമണത്തിനൊപ്പം ചേർന്നു.


അസത്യമെന്ന്‌ പിന്നീട്‌ തെളിയിക്കപ്പെട്ട അവകാശവാദങ്ങളുടെ പേരിൽ ഇറാഖിൽ നടത്തിയ അധിനിവേശത്തെ ഓർമിപ്പിക്കുന്നതാണ്‌ അമേരിക്കന്‍ ആക്രമണം. രണ്ടാം ലോകയുദ്ധത്തിന്റെ അവസാനത്തിൽ ജപ്പാൻ ചർച്ചക്ക്‌ തയ്യാറായിട്ടും ആണവായുധം ഉപയോഗിച്ച അമേരിക്ക ഇപ്പോൾ ആണവായുധ ഭീഷണിയെക്കുറിച്ച് സംസാരിക്കുന്നത് വിരോധാഭാസമാണ്. എണ്ണയ്‌ക്കും തൊഴിലിനുമായി പശ്ചിമേഷ്യയെ ആശ്രയിക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ സാധാരണക്കാരുടെ ഉപജീവനത്തെ യുദ്ധം ബാധിക്കും. സാമ്പത്തിക പ്രത്യാഘാതങ്ങൾ കൂടുതൽ ബാധിക്കുക തൊഴിലാളികളെയായിരിക്കും. സാമ്രാജ്യത്വ ആക്രമണത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ എല്ലാ ഘടകങ്ങളോടും അഭ്യർഥിക്കുന്നതായി സിപിഐ എം, സിപിഐ, സിപിഐ എംഎൽ (ലിബറേഷൻ), ആർഎസ്‌പി, ഫോർവേർഡ്‌ ബ്ലോക്ക്‌ എന്നിവ പ്രസ്‌താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home