ട്രംപിന്റെ തീരുവകൾ നിയമവിരുദ്ധമെന്ന് യുഎസ് അപ്പീൽ കോടതി

വാഷിംഗ്ടൺ: ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങൾക്കുമേൽ അധികതീരുവ ചുമത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടികൾ നിയമവിരുദ്ധമെന്ന് യുഎസ് അപ്പീൽ കോടതി. താരിഫ് ചുമത്താൻ പ്രസിഡന്റ് ട്രംപിന് നിയമപരമായി അധികാരമില്ലെന്ന് കോടതി പറഞ്ഞു. വാഷിങ്ടൺ ഡിസിയിലെ യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ദി ഫെഡറൽ സർക്യൂട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തീരുവ ചുമത്തിയതിലൂടെ ട്രംപ് തന്റെ തന്റെ അധികാരം മറികടന്നതായും ഈ തീരുവകൾ വ്യാപാര ചർച്ചകൾക്കായും വിദേശരാജ്യങ്ങളെ സമ്മർദത്തിലാക്കാനും ഉപയോഗിച്ചെന്നും കോടതി കണ്ടെത്തി. ട്രംപിന്റെ നടപടി യുഎസ് ഭരണഘടനാ ലംഘനമാണെന്ന് അന്താരാഷ്ട്ര വ്യാപാര കോടതി നേരത്തേ വിധിച്ചിരുന്നു. ഇതിനെതിരെ ഭരണകൂടം അപ്പീൽ കോടതിയെ സമീപിക്കുകയായിരുന്നു.
അതേസമയം ഇന്ത്യയ്ക്കുമേൽ അധികതീരുവ ചുമത്തുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പുമായി അമേരിക്കൻ സാമ്പത്തിക വിദഗ്‌ദൻ റിച്ചാർഡ് വോൾഫ് രംഗത്തെത്തി. ‘ബ്രിക്‌സ്’ പോലുള്ള ബദൽ സംവിധാനങ്ങളെ ഇൗ നീക്കം ശക്തിപ്പെടുത്തുമെന്നു അദ്ദേഹം പറഞ്ഞു. ‘ലെബനൻ പോലുള്ള കുഞ്ഞൻ രാജ്യങ്ങളെ കൈകാര്യംചെയ്യുന്നത് പോലെയല്ല ഇന്ത്യയെ കൈകാര്യം ചെയ്യേണ്ടത്. ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയാണ് മുന്നിൽ. ദീർഘകാലം റഷ്യയുമായി ചരിത്രപരമായ ബന്ധമുള്ള രാജ്യം കൂടിയാണ്’– വോൾഫ് പറഞ്ഞു. ഇന്ത്യയ്ക്കുമേലുള്ള അധികതീരുവ തുടർന്നാൽ റഷ്യയെപ്പോലെ ഇന്ത്യയും കയറ്റുമതിക്ക് മറ്റൊരു സ്ഥലം കണ്ടുപിടിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.








0 comments