print edition ഇന്ധനനീക്കം നിലയ്ക്കും? നാലാംദിനവും യുഎസ് ആക്രമണം, തിരിച്ചടിച്ച് ഇറാൻ

ദുബായ്: ലോകത്തിലെ അഞ്ചിലൊന്ന് ഇന്ധനവ്യാപാരം നടക്കുന്ന ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാൻ ലക്ഷ്യമിട്ട് നാലാംദിനവും ഇറാനിൽ അമേരിക്കൻ വ്യോമാക്രമണം. ഇടക്കാല കരാർ സമാധാന കരാർ പൂർണമായി തകർത്ത് യുഎസ് സൈന്യം ഇറാനിയൻ തുറമുഖങ്ങൾക്ക് വീണ്ടും ഉപരോധം ഏർപ്പെടുത്തി. ഇതോടെ യുഎസ് സേനയ്‌ക്ക് താവളമൊരുക്കുന്ന ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാൻ പ്രത്യാക്രമണം തീവ്രമാക്കി. ഹോർമുസിനായുള്ള യുദ്ധം മേഖലയെ സമ്പൂർണ യുദ്ധത്തിലേക്ക് തള്ളിവിടുമെന്ന ഭീതിയിലാണ് ലോകരാജ്യങ്ങൾ. ചർച്ചയ്‌ക്ക് തയ്യാറായില്ലെങ്കിൽ അടുത്തയാഴ്‌ച ഇറാനിലെ പാലങ്ങളും ഊർജനിലയങ്ങളും ആക്രമിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിമുഴക്കി.
ഇടക്കാല കരാർ ഒപ്പുവെച്ചതോടെ ജൂണിൽ പിൻവലിച്ച നാവിക ഉപരോധം വീണ്ടും ഏർപ്പെടുത്തിയതിനെതിരെ ഇറാൻ ശക്തമായ പ്രതികരിച്ചു. ഉപരോധ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിൽനിന്നുള്ള എല്ലാ ഊർജ കയറ്റുമതിയും നിർത്തിവയ്‌പ്പിക്കുമെന്ന് ഇറാന്റെ റവല്യൂഷണറി ഗാർഡ് പ്രതികരിച്ചു."മേഖലയിൽ നിന്നുള്ള എണ്ണ, വാതക കയറ്റുമതി ഒന്നുകിൽ എല്ലാവർക്കും വേണ്ടിയുള്ളതായിരിക്കും, അല്ലെങ്കിൽ ആർക്കും ഉണ്ടായിരിക്കില്ല,' റവല്യൂഷണറി ഗാർഡ് പ്രസ്‌താവനയിൽ പറഞ്ഞു.
ഇറാനിലെ ഡസൻകണക്കിന് കേന്ദ്രങ്ങളിലേക്ക് ഏഴുമണിക്കൂർ നീണ്ട ബോംബാക്രണമണം നടത്തിയെന്ന് സെൻട്രൽ കമാൻഡ് അറിയിച്ചു. ബുധനാഴ്‌ച രാത്രിയും പകലും നടത്തിയ ആക്രമണങ്ങളിൽ മുന്നൂറോളം പേർക്ക് പരിക്കേറ്റു. ഏഴ് ഇറാൻ സൈനികർ കൊല്ലപ്പെട്ടു. സമീപകാല ആക്രമണങ്ങളിൽ 35 പേർ കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു.
ബഹ്‌റൈനിലും കുവൈത്തിലും ബുധനാഴ്‌ച അതിരാവിലെ ഇറാന്റെ മിസൈൽ മുന്നറിയിപ്പുകളുണ്ടായി. മൂന്ന് ഇറാനിയൻ മിസൈലുകൾ വെടിവച്ചിട്ടതായി ജോർദാൻ അറിയിച്ചു. കുവൈറ്റിലെ മിന അബ്‌ദുള്ളയിലുള്ള അമേരിക്കൻ സൈനിക ലോജിസ്റ്റിക്‌സ് കേന്ദ്രം അഗ്നിക്കിരയായി. നാല് നാവികസേനാംഗങ്ങൾക്ക് പരിക്കേറ്റതായും കെട്ടിടത്തിന് തീപിടിച്ചതായും കുവൈത്ത് സ്ഥിരീകരിച്ചു. ആക്രമണം അവസാനിപ്പിച്ചതായി അമേരിക്ക അറിയിച്ച് മണിക്കൂറുകൾക്ക് ശേഷം പേർഷ്യൻ ഗൾഫിലെ ഇറാനിയൻ നഗരമായ ബുഷെഹറിലും ആക്രമണമുണ്ടായി.
അമേരിക്കയെയും ഇറാനെയും വീണ്ടും ചർച്ചയ്‌ക്കെത്തിക്കാൻ മധ്യസ്ഥരാജ്യങ്ങൾ ശ്രമം തുടരുന്നു. ചർച്ച പുനരാരംഭിച്ചില്ലെങ്കിൽ രണ്ട് ദിവസത്തിനകം ഇറാനെ ആക്രമിക്കുമെന്നും അടുത്തയാഴ്‌ചയോടെ ഇറാന്റെ പാലങ്ങളും ഉൗർജനിലയങ്ങളും ലക്ഷ്യമിടുമെന്ന് ഭീഷണിപ്പെടുത്തിയ ട്രംപ് ഹോർമുസിലൂടെ പോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം ഫീസ് എന്ന തീരുമാനം ഉപേക്ഷിച്ചെന്ന് വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങളുമായി വ്യാപാര-നിക്ഷേപ കരാറുകളിൽ ഏർപ്പെടാനും പദ്ധതിയുണ്ട്. "കൂടുതൽ വ്യാപ്തിയുള്ള’ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ട്രംപ് സൈന്യത്തിലെ ഉന്നതരുമായി കൂടിക്കാഴ്‌ച നടത്തി.
ഹോർമുസിൽ ഇറാൻ നിയന്ത്രണ പരിധിക്ക് പുറത്ത് ഒമാന് സമീപമുള്ള പാതയിലൂടെ കപ്പലുകൾ കടത്തിവിടാനുള്ള യുഎസ് നീക്കമാണ് മേഖലയെ വീണ്ടും പ്രതിസന്ധിയിലാക്കിയത്. രണ്ട് വിമാനവാഹിനിക്കപ്പലുകളും ആയിരത്തിലധികം നാവികരുള്ള പടുകൂറ്റൻ യുദ്ധകപ്പലും ഉൾപ്പെടെ കുറഞ്ഞത് 19 യുഎസ് യുദ്ധക്കപ്പലുകൾ അറബിക്കടലിലുണ്ട്.
ഗ്രേറ്റർ തുംബ് ദ്വീപിൽ മിസൈൽ ആക്രമണം
തെഹ്‌റാൻ: ഇറാന്റെ തന്ത്രപ്രധാനമായ ഗ്രേറ്റർ തുംബ് ദ്വീപിലേക്ക് മിസൈൽ ആക്രമണം നടത്തി അമേരിക്ക. ഇറാന്റെ മിസൈൽ, നാവിക, വ്യോമ പ്രതിരോധ സംവിധാനങ്ങളും സൈനിക കെട്ടിടങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. ഹോർമുസ് കടലിടുക്കിന് സമീപത്തെ നിർണായക പ്രദേശമാണ് തുൻന്പ് ദ്വീപ്. ഇറാനിലെ നിരവധി തീരദേശ പ്രദേശങ്ങളിൽ അമേരിക്ക മിസൈൽ ആക്രമണം നടത്തി. ഇറാന്റെ അനുമതി ഇല്ലാതെ ഹോർമുസിലൂടെ കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുന്നത് തടയാനാണ് മിസൈൽ വർഷിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് പ്രതികരിച്ചു.
ഹോർമുസിൽ ചരക്കുകപ്പൽ മുങ്ങി
തെഹ്‌റാൻ: ഹോർമുസ് കടലിടുക്കിന് സമീപം കപ്പലുമായി കൂട്ടിയിടിച്ച് ഇന്ത്യയിൽ നിന്ന് യാത്ര തിരിച്ച ചരക്കുകപ്പൽ മുങ്ങി. സെയിന്റ് കിറ്റ്‌സ് ആൻഡ് നെവിസിൽ നിന്നുള്ള ‘ലൂണി’ എന്ന കപ്പൽ മുങ്ങുന്ന വീഡിയോ ഇറാൻ വാർത്താ ഏജൻസി പുറത്തുവിട്ടു.
കപ്പലിലുണ്ടായിരുന്ന 23 പേരെയും രക്ഷിച്ചതായി ഇറാൻ അധികൃതർ അറിയിച്ചു. ഇവരെ ഖേഷം ദ്വീപിലേക്ക് മാറ്റി. കപ്പൽ മുങ്ങാനുള്ള കാരണം വ്യക്തമല്ല. മറൈൻ ട്രാഫിക് ഡേറ്റ അനുസരിച്ച് കപ്പൽ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് പോവുകയായിരുന്നു. ഹോർമുസ് കടലിടുക്ക് ലക്ഷ്യമാക്കി അമേരിക്ക കടുത്ത വ്യോമാക്രമണം നടത്തുന്നതിനിടയിലാണ് കപ്പൽ മുങ്ങിയ വാർത്ത പുറത്തുവരുന്നത്.











0 comments