ഹോർമുസിലെ 'ഗ്രേറ്റർ ടൺബ് ദ്വീപ്'; അമേരിക്കയുടെ പുതിയ ലക്ഷ്യസ്ഥാനം

പ്രതീകാത്മക ചിത്രം | REUTERS/Dado Ruvic/Illustration/File
ദുബായ് : ഹോർമുസ് കടലിടുക്കിലെ ഇറാൻ പ്രതിരോധ താവളങ്ങൾക്ക് നേരെ യുഎസ് സൈന്യത്തിന്റെ ശക്തമായ വ്യോമാക്രമണം. ഹോർമുസ് കടലിടുക്കിന്റെ പ്രവേശന കവാടത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഇറാന്റെ തന്ത്രപ്രധാനമായ ഗ്രേറ്റർ ടൺബ് ദ്വീപിലെ മിസൈൽ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു യുഎസ് മിലിട്ടറിയുടെ ആക്രമണം. ഇറാനിയൻ തുറമുഖങ്ങൾക്ക് മേൽ യുഎസ് വീണ്ടും സമുദ്ര ഉപരോധം ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ മേഖലയിലെ ഊർജ കയറ്റുമതി തടസപ്പെടുത്തുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
സൈനിക ഓപ്പറേഷൻ 90 മിനിറ്റോളം നീണ്ടുനിന്നതായി യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പൽ ഗതാഗതത്തിന് നേരെ ആക്രമണം നടത്താനുള്ള ഇറാന്റെ ശേഷിയെ ഈ വ്യോമാക്രമണം കൂടുതൽ തളർത്തിയതായും യുഎസ് അവകാശപ്പെടുന്നു. ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകളെ ആക്രമിക്കാൻ ഇറാൻ ഉപയോഗിക്കുന്ന സൈനിക ശേഷി തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യോമാക്രമണ പരമ്പര ആരംഭിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് സമൂഹ മാധ്യമത്തിലൂടെ ഔദ്യോഗികമായി അറിയിച്ചു.
പേർഷ്യൻ ഗൾഫിൽ സ്ഥിതി ചെയ്യുന്ന ഗ്രേറ്റർ ടുൺബ് ദ്വീപ് 1971 മുതൽ ഇറാന്റെ നിയന്ത്രണത്തിലാണ്. ലോകത്തിലെ മൊത്തം എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന അതീവ നിർണായകമായ ജലപാതയിലാണ് ലെസ്സർ ടൺബ് ദ്വീപിനൊപ്പം ഗ്രേറ്റർ ടുൺബും സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ ഈ സമുദ്ര വ്യാപാര പാതയിലൂടെയുള്ള കപ്പൽ ഗതാഗതം നിരീക്ഷിക്കുന്നതിലും നിയന്ത്രിക്കുന്നതിലും ഈ ദ്വീപുകൾക്ക് വലിയ പങ്കുണ്ട്.
1971 നവംബറിൽ യുഎഇയുടെ രൂപീകരണത്തിന് തൊട്ടുമുമ്പ് ബ്രിട്ടൻ സൈന്യത്തെ പിൻവലിച്ചപ്പോഴാണ് അന്നത്തെ ഇറാൻ ഭരണാധികാരി അബു മൂസ, ഗ്രേറ്റർ ടൺബ്, ലെസ്സർ ടൺബ് എന്നീ മൂന്ന് ദ്വീപുകളുടെ നിയന്ത്രണം ഏറ്റെടുത്തത്. അന്നുമുതൽ യുഎഇ ഈ ദ്വീപുകൾക്കുമേൽ അവകാശം ഉന്നയിക്കുന്നുണ്ട്. അബു മൂസ ദ്വീപിന്റെ കാര്യത്തിലെന്നപോലെ താൽക്കാലികമായോ അല്ലാതെയോ ഉള്ള യാതൊരുവിധ ഭരണപരമായ കരാറുകളും ടുൺബ് ദ്വീപുകളുടെ കാര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിലില്ലാത്തതിനാൽ പതിറ്റാണ്ടുകളായി ഈ ദ്വീപുകളുടെ പരമാധികാരത്തെച്ചൊല്ലി ഇറാനും അബുദാബിയും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്.
ഹോർമുസ് കടലിടുക്കിന് ചുറ്റുമുള്ള എട്ട് പ്രധാന ദ്വീപുകളിൽ ഏഴെണ്ണവും ഇറാന്റെ നിയന്ത്രണത്തിലാണ്. ഹോർമുസിന് സമീപം സ്ഥിതി ചെയ്യുന്ന ഖേഷ്ം, ഹോർമുസ്, ലാരാക്, അബു മൂസ എന്നീ ദ്വീപുകൾ ഈ സമുദ്രപാതയിൽ ഇറാന് വലിയ ഭൂമിശാസ്ത്രപരമായ മേൽക്കൈ നൽകുന്നുണ്ട്. അബു മൂസ, ഗ്രേറ്റർ ടൺബ്, ലെസ്സർ ടൺബ് എന്നീ ദ്വീപുകളുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി ഇറാനും യുഎഇയും തമ്മിൽ തർക്കമുണ്ടെങ്കിലും നിലവിൽ ഇവ ഇറാന്റെ നിയന്ത്രണത്തിലാണ്. ഈ ദ്വീപുകളുടെ നിയന്ത്രണം അമേരിക്കക്ക് കിട്ടുന്നതിലൂടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന്മേൽ വലിയ സ്വാധീനം ചെലുത്താൻ സഹായിക്കുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. അതിനാലാണ് യുഎസ് ഈ ദ്വീപുകളെ ലക്ഷ്യമിട്ടിരിക്കുന്നത്. ആഗോള വിപണിയെത്തന്നെ സ്വാധീനിക്കുന്ന ഈ മേഖലയിൽ യുഎസ് ആക്രമണം നടത്തിയതോടെ വരും ദിവസങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര-സൈനിക നീക്കങ്ങൾ ശക്തമാകാനാണ് സാധ്യത.











0 comments