ad
Deshabhimani

ടോക്കിയോയിലെ ഷോപ്പിംഗ് മാളിൽ രാസവസ്തു പ്രയോഗം; 26 പേർക്ക് ശാരീരിക അസ്വസ്ഥത

Japan
വെബ് ഡെസ്ക്

Published on May 26, 2026, 12:38 PM | 1 min read

ടോക്കിയോ: ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിലെ ഏറ്റവും തിരക്കേറിയതും ആഡംബരപൂർണ്ണവുമായ ഗിൻസ ഷോപ്പിംഗ് മേഖലയിൽ അജ്ഞാതൻ നടത്തിയ രാസവസ്തു പ്രയോഗത്തിൽ ഇരുപതിലധികം പേർക്ക് ശാരീരിക അസ്വസ്ഥതകൾ റിപ്പോർട്ട് ചെയ്തു. 'ഗിൻസ സിക്സ്' എന്ന കൊമേഴ്സ്യൽ കോംപ്ലക്സിലെ ബാങ്ക് കൗണ്ടറിന് സമീപമാണ് അക്രമം. കടുത്ത ഗന്ധം അനുഭവപ്പെട്ടതിന് പിന്നാലെ ആളുകൾക്ക് പെട്ടെന്ന് തൊണ്ടവേദനയും ചുമയും ഉണ്ടായി. പോലീസിനും ഫയർഫോഴ്സിനും അടിയന്തര സന്ദേശം ലഭിച്ചതോടെ ഇവരെ ആശുപത്രിയിൽ പ്രവേശിച്ചു. പ്രദേശത്ത് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കയാണ്.


മാളിന്റെ ഒന്നാം നിലയിലുള്ള സുമിതോമോ മിത്സുയി ബാങ്കിന്റെ എടിഎം കൗണ്ടറിന് സമീപം കറുത്ത ജാക്കറ്റും വെള്ള മാസ്കും ധരിച്ച ഒരാൾ വായുവിലേക്ക് രാസവസ്തു സ്പ്രേ ചെയ്യുന്നതായി സിസി ടിവി ദൃശ്യങ്ങളിൽ സ്ഥിരീകരിച്ചു. ആക്രമണത്തിന് ശേഷം പ്രതി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് ശക്തമാക്കിയിട്ടുണ്ട്.


ആകെ 26 പേർക്കാണ് പെട്ടെന്ന് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. 20 മുതൽ 80 വയസ്സ് വരെ പ്രായമുള്ളവരാണ്. പെട്ടെന്നുണ്ടായ കടുത്ത തൊണ്ടവേദന, ശ്വാസതടസ്സം, കണ്ണിനും തൊണ്ടയ്ക്കും അനുഭവപ്പെട്ട എരിച്ചിൽ എന്നിവയായിരുന്നു പ്രധാന ലക്ഷണങ്ങൾ. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.


സംഭവത്തെത്തുടർന്ന് കനത്ത സുരക്ഷാ സന്നാഹമാണ് പ്രദേശത്ത് ഏർപ്പെടുത്തിയത്. ടോക്കിയോ ഫയർ ഡിപ്പാർട്ട്മെന്റിൽ നിന്നും 'സൂപ്പർ ആംബുലൻസ്' ഉൾപ്പെടെ 59 ഓളം അടിയന്തര രക്ഷാപ്രവർത്തന വാഹനങ്ങൾ സ്ഥലത്തെത്തി. രാസായുധ ആക്രമണ സാധ്യത മുൻനിർത്തി 'ഹാസ്മത്' സ്യൂട്ടുകൾ ധരിച്ച പ്രത്യേക ദുരന്തനിവാരണ സേനാംഗങ്ങളാണ് മാളിനുള്ളിൽ പ്രവേശിച്ച് ആളുകളെ ഒഴിപ്പിച്ചത്. മാളിന് മുന്നിലുള്ള പ്രധാന റോഡുകൾ താൽക്കാലികമായി അടയ്ക്കുകയും ഗതാഗതം തിരിച്ചുവിടുകയും ചെയ്തു. ലോകത്തിൽ തന്നെ ഏറ്റവും കുറഞ്ഞ കുറ്റകൃത്യ നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home