ad
Deshabhimani

യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ ഇറാനിലെ ഗോലെസ്താൻ കൊട്ടാരത്തിന് നാശനഷ്ടങ്ങൾ; ആശങ്ക പ്രകടിപ്പിച്ച് യുനെസ്കോ

golestan palace iran
വെബ് ഡെസ്ക്

Published on Mar 03, 2026, 07:10 AM | 1 min read

തെഹ്‌റാൻ: ഇറാനിലെ ലോക പൈതൃക കേന്ദ്രങ്ങൾ തകർത്ത് അമേരിക്ക-ഇസ്രായേൽ സഖ്യം. പശ്ചിമേഷ്യയിൽ ഇറാനും അമേരിക്ക-ഇസ്രായേൽ സഖ്യവും തമ്മിലുള്ള ആക്രമണങ്ങൾ ക‌ടുക്കുന്നതിനിടെ ലോക പ്രശസ്തമായ ചരിത്രസ്മാരകങ്ങൾ തകർക്കപ്പെടുന്നതിൽ ആശങ്ക രേഖപ്പെടുത്തി യുനെസ്കോ. ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനിലെ വിഖ്യാതമായ ഗോലെസ്താൻ കൊട്ടാരത്തിന് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള ഈ കൊട്ടാര സമുച്ചയത്തിന് അമേരിക്ക-ഇസ്രായേൽ സഖ്യത്തിന്റെ ആക്രമണത്തിൽ കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ.


ഇറാനിലെ ഖജർ രാജവംശത്തിന്റെ അധികാര കേന്ദ്രമായിരുന്ന ഗോലെസ്താൻ കൊട്ടാരം പേർഷ്യൻ വാസ്തുവിദ്യയും പാശ്ചാത്യ ശൈലിയും സമന്വയിപ്പിച്ച അപൂർവ്വ നിർമ്മിതിയാണ്. യുദ്ധം തുടങ്ങുന്നതിന് മുൻപ് തന്നെ കൊട്ടാരത്തിലെ പ്രധാനപ്പെട്ട മ്യൂസിയം പുരാവസ്തുക്കളും വിഖ്യാതമായ 'കണ്ണാടി സിംഹാസനവും' സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നതിനാൽ വലിയൊരു ചരിത്രനഷ്ടം ഒഴിവാക്കാനായി. എങ്കിലും കൊട്ടാര സമുച്ചയത്തിന്റെ കെട്ടിടങ്ങൾക്ക് എത്രത്തോളം തകരാർ സംഭവിച്ചിട്ടുണ്ടെന്ന കാര്യത്തിൽ ഇപ്പോഴും കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.


സായുധ സംഘർഷങ്ങളുടെ സമയത്ത് സാംസ്കാരിക പൈതൃകങ്ങൾ സംരക്ഷിക്കപ്പെടണമെന്ന 1954-ലെ ഹേഗ് കൺവെൻഷനും 1972-ലെ ലോക പൈതൃക കൺവെൻഷനും അന്താരാഷ്ട്ര നിയമങ്ങളും ഈ സാഹചര്യത്തിൽ പാലിക്കപ്പെടണമെന്ന് യുനെസ്കോ ഓർമ്മിപ്പിച്ചു. ഗൾഫ് മേഖലയിലാകെ യുദ്ധം വ്യാപിക്കുന്ന സാഹചര്യത്തിൽ ചരിത്ര സ്മാരകങ്ങളെ സൈനിക നീക്കങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നാണ് യുനെസ്കോയുടെ ആവശ്യം. ദുബായ്, അബുദാബി, ദോഹ തുടങ്ങി പ്രധാന നഗരങ്ങളെല്ലാം മിസൈൽ ആക്രമണങ്ങളുടെ നിഴലിലായതോടെ മേഖലയിലെ മറ്റ് ചരിത്ര കേന്ദ്രങ്ങളുടെ സുരക്ഷയെക്കുറിച്ചും ആഗോളതലത്തിൽ ആശങ്ക ഉയരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home