പ്രമേയം തള്ളി ഹമാസ്
print edition ഗാസയിൽ അന്താരാഷ്‌ട്ര സേന ; യുഎസ് പ്രമേയത്തിന് രക്ഷാസമിതി അംഗീകാരം

ന്യൂയോര്‍ക്കില്‍ യുഎന്‍ ആസ്ഥാനത്തിന് പുറത്ത് പലസ്തീന്‍ അനുകൂല പ്രക്ഷോഭകര്‍ പ്ലക്കാര്‍ഡുമായി
ഐക്യരാഷ്‌ട്ര കേന്ദ്രം
ഗാസയിൽ അന്താരാഷ്‌ട്ര സേനയെ നിയോഗിക്കാനുള്ള യുഎസ് പ്രമേയത്തിന് അംഗീകാരം നൽകി യുഎൻ രക്ഷാസമിതി. എതിരില്ലാത്ത 13 വോട്ടിനാണ് പ്രമേയം പാസായത്. ഡോണൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ ശക്തിപ്പെടുത്താൻ തയ്യാറാക്കിയ പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന് റഷ്യയും ചൈനയും വിട്ടുനിന്നു.
ട്രംപിന്റെ ഇരുപതിന ഗാസ സമാധാന പദ്ധതിക്ക് അന്താരാഷ്ട്ര നിയമസാധുത നല്‍കാനാണ് പ്രമേയം ലക്ഷ്യമിട്ടത്. അതിർത്തി സുരക്ഷിതമാക്കുന്നതിനും ഗാസയിലെ സൈനികവൽക്കരണം അവസാനിപ്പിക്കുന്നതിനും സാധാരണക്കാരെ സംരക്ഷിക്കുന്നതിനും പുതുതായി പരിശീലനം ലഭിച്ച പലസ്‌തീൻ പൊലീസിനൊപ്പം ഇസ്രയേലും ഈജിപ്തും ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രമേയം പറയുന്നു. ഈ സേന ഐക്യരാഷ്‌ട്ര സംഘടനയുടെ ഔദ്യോഗിക സമാധാന സേനയായിരിക്കില്ല. പ്രമേയം ഗാസയെ അഭിവൃദ്ധിപ്പെടുത്തുമെന്നും സുരക്ഷിതമായി ജീവിക്കാൻ അനുവദിക്കുന്ന അന്തരീക്ഷത്തിന് വഴിയൊരുക്കുന്ന സുപ്രധാന ചുവടുവയ്‌പ്പാണെന്നും യുഎസ് അംബാസഡർ മൈക്ക് വാൾട്ട്സ് പറഞ്ഞു. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവും പലസ്‌തീൻ അതോറിട്ടിയും പ്രമേയത്തെ സ്വാഗതംചെയ്‌തു. പ്രമേയം അധിനിവേശ പലസ്‌തീൻ പ്രദേശത്ത് അമേരിക്ക നടത്തുന്ന അനിയന്ത്രിതമായ നീക്കങ്ങൾക്ക് മറയായി മാറരുതെന്ന് റഷ്യയുടെ യുഎൻ അംബാസഡർ വാസിലി നെബെൻസിയ പറഞ്ഞു.
പ്രമേയം തള്ളി ഹമാസ്
യുഎസ് പ്രമേയം പലസ്‌തീൻകാരുടെ രാഷ്‌ട്രീയവും മാനുഷികവുമായ ആവശ്യങ്ങൾ നിറവേറ്റുന്നവയല്ലെന്ന് ഹമാസ്. ഗാസയിൽ വിദേശ സൈനികരുടെ സാന്നിധ്യം അംഗീകരിക്കാനാകില്ല. ഗാസയിലെ ചെറുത്തുനിൽപ്പ് ഗ്രൂപ്പുകളെ നിരായുധീകരിക്കാൻ അന്താരാഷ്ട്ര സേനയെ നിയോഗിക്കുന്നത് അതിന്റെ നിഷ്‌പക്ഷതയെ ഇല്ലാതാക്കും. പലസ്‌തീന്റെ സ്വാതന്ത്ര്യത്തിനുപകരം വിദേശ രക്ഷാകർതൃത്വമാണ് അന്താരാഷ്‌ട്ര സേന നൽകുക. ഗാസയിലെ അധിനിവേശത്തിൽ ഇൗ സേനയും ഒരു കക്ഷിയായി മാറാമെന്നും ഹമാസ് വക്താവ് അൽ ജസീറയോട് പ്രതികരിച്ചു.











0 comments