ad
Deshabhimani

യാത്രക്കാരെ ശല്യപ്പെടുത്തിയാൽ പിഴ അഞ്ചിരട്ടി; പുതിയ നിയമവുമായി ചെന്നൈ മെട്രോ

Chennai Metro

പ്രതീകാത്മക എഐ ചിത്രം

വെബ് ഡെസ്ക്

Published on Jul 14, 2026, 04:05 PM | 2 min read

ചെന്നൈ : ചെന്നൈ മെട്രോ ട്രെയിനിലിരുന്ന് ഇനി ഫോണിൽ ഉച്ചത്തിൽ പാട്ടുവെച്ചോ വീഡിയോ കണ്ടോ ആസ്വദിക്കാമെന്ന് കരുതേണ്ട, പണി പാളും. ചെന്നൈ മെട്രോയിൽ യാത്ര ചെയ്യുമ്പോൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ മൊബൈൽ ഫോൺ ഉച്ചത്തിൽ ഉപയോഗിച്ചാൽ കനത്ത പിഴ ഈടാക്കുമെന്ന് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് മുന്നറിയിപ്പ് നൽകി. ട്രെയിനുകൾക്കുള്ളിലോ സ്റ്റേഷനുകളിലോ വെച്ച് പാട്ട് കേൾക്കുമ്പോഴും വീഡിയോകൾ കാണുമ്പോഴും നിർബന്ധമായും ഇയർഫോണുകളോ ഹെഡ്ഫോണുകളോ ഉപയോഗിക്കണം. നിർദ്ദേശം ലംഘിച്ച് സഹയാത്രികരെ ബുദ്ധിമുട്ടിക്കുന്നവരിൽ നിന്ന് 2,500 രൂപ വരെ പിഴ ഈടാക്കാനാണ് പുതിയ തീരുമാനം.


യാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതിനും ശബ്ദമലിനീകരണം കുറയ്ക്കുന്നതിനും മികച്ച അന്തരീക്ഷം ഉറപ്പാക്കുന്നതിനുമാണ് ചെന്നൈ മെട്രോ അധികൃതർ ഈ കർശന നിർദ്ദേശം പുറപ്പെടുവിച്ചത്. സ്പീക്കറിൽ പാട്ട് വെക്കുന്നതും ഉറക്കെ വീഡിയോ കാണുന്നതും മറ്റു യാത്രക്കാർക്ക് അസ്വസ്ഥതകൾ ഉണ്ടാക്കുമെന്നതിനാലാണ് വലിയ തുക പിഴ ഈടാക്കാൻ തീരുമാനിച്ചത്. മുൻപ് 500 രൂപയായിരുന്ന പിഴയാണ് ഇപ്പോൾ 2,500 രൂപ വരെയായി ഉയർത്തിയത്. കൂടാതെ നിയമലംഘനം നടത്തുന്നവരെ മെട്രോ പരിസരത്ത് നിന്ന് പുറത്താക്കാനും ഉദ്യോഗസ്ഥർക്ക് പൂർണ അധികാരം നൽകിയിട്ടുണ്ട്. ഹെഡ്ഫോണുകൾ ഉപയോഗിച്ച് സഹയാത്രികരെ ബഹുമാനിക്കണമെന്ന് എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെ ചെന്നൈ മെട്രോ അധികൃതർ ഓർമിപ്പിച്ചു.


ഹെഡ്ഫോണുകൾ ഇല്ലാതെ പാട്ടോ വീഡിയോയോ പ്ലേ ചെയ്യുക, മൊബൈൽ ഫോണുകൾ ലൗഡ് സ്പീക്കറിൽ ഉപയോഗിക്കുക, സഹയാത്രക്കാരെ ബാധിക്കുന്ന രീതിയിൽ അമിതമായി ശബ്ദമുണ്ടാക്കുക എന്നിവ ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്ന യാത്രക്കാർക്ക് ഈ പുതുക്കിയ പിഴ ബാധകമാകുമെന്ന് ചെന്നൈ മെട്രോ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ട്രെയിനിലോ സ്റ്റേഷനുകളിലോ ഇരുന്നുകൊണ്ട് ഉച്ചത്തിൽ ഫോൺ സംസാരിക്കുന്നതും സഹയാത്രക്കാരുടെ സമാധാനം കെടുത്തുന്ന മറ്റ് പ്രവർത്തനങ്ങളും ഇതിന്റെ പരിധിയിൽ വരും. മറ്റുള്ളവർക്ക് അസൗകര്യമോ ബുദ്ധിമുട്ടോ ഉണ്ടാക്കുന്ന തരത്തിലുള്ള ഏത് പെരുമാറ്റത്തിനും പിഴ ചുമത്താവുന്നതാണ്.


മെട്രോ ശൃംഖലയിലുടനീളം അടിസ്ഥാന യാത്രാ മര്യാദകളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാൻ യാത്രക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ചെന്നൈ മെട്രോ പൊതുജന ബോധവത്കരണ കാമ്പയിൻ നടത്തി ആഴ്ചകൾക്ക് ശേഷമാണ് ഈ പുതിയ നിർദ്ദേശം കൊണ്ടുവന്നത്. ട്രെയിനിൽ കയറുന്നതിന് മുൻപ് യാത്രക്കാരെ ഇറങ്ങാൻ അനുവദിക്കുക, ട്രെയിന്റെ വാതിലുകൾക്ക് തടസം സൃഷ്ടിക്കാതിരിക്കുക, പ്ലാറ്റ്‌ഫോമുകളിൽ കാത്തുനിൽക്കുമ്പോൾ മഞ്ഞ രേഖയ്ക്ക് പിന്നിൽ നിൽക്കുക, എസ്‌കലേറ്ററുകളിൽ ഇടത് വശത്ത് നിൽക്കുകയും വലത് വശത്തുകൂടി നടക്കുകയും ചെയ്യുക എന്നിങ്ങനെയുള്ള ബോധവൽക്കരണവും ഈ കാമ്പയിനിന്റെ ഭാഗമായിരുന്നു. മെട്രോയിലെ യാത്രക്കാരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ അച്ചടക്കമുള്ള യാത്ര പ്രോത്സാഹിപ്പിക്കുന്നതിനും യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനുമാണ് ഈ തീരുമാനമെന്ന് അധികൃതർ അറിയിച്ചു.


മെട്രോയിലെ യാത്രക്കാരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ അച്ചടക്കമുള്ള യാത്ര പ്രോത്സാഹിപ്പിക്കുന്നതിനും യാത്രക്കാരുടെ പൊതുബോധം മെച്ചപ്പെടുത്തുന്നതിനുമാണ് ഈ തീരുമാനമെന്ന് അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home