കുവൈത്ത് സ്വകാര്യ ആശുപത്രിയിലെ പണമിടപാട്: 10 ദിനാറിന് മുകളിൽ ഡിജിറ്റൽ മാത്രം

കുവൈത്ത് സിറ്റി: സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ പണമിടപാടുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവ് പുറത്തിറക്കി കുവൈത്ത് വാണിജ്യ-, വ്യവസായ മന്ത്രാലയം. 10 കുവൈത്തി ദിനാറിൽ കൂടുതലുള്ള സേവനച്ചെലവ് ഇനിമുതൽ പണമായി സ്വീകരിക്കാൻ പാടില്ല. സെൻട്രൽ ബാങ്ക് അംഗീകരിച്ച ബാങ്കിങ് സംവിധാനങ്ങളിലൂടെയോ ഇ–പേയ-്‌മെന്റ് മാർഗങ്ങളിലൂടെയോ മാത്രമേ തുക സ്വീകരിക്കാവൂ എന്നും ഉത്തരവിലുണ്ട്.
തീരുമാനം തിങ്കളാഴ-്‌ചമുതൽ പ്രാബല്യത്തിൽ വന്നു. നിർദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് വാണിജ്യ-, വ്യവസായ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ആരോഗ്യ മന്ത്രാലയത്തിന്റെ ലൈസൻസിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രികൾ, മെഡിക്കൽ സെന്ററുകൾ, ക്ലിനിക്കുകൾ, ഹോം ഹെൽത്ത് കെയർ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ സ്വകാര്യ ആരോഗ്യ സേവനദാതാക്കൾക്കും ഇത് ബാധകമാണ്. ചട്ടം ലംഘിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിന് പുറമെ, തുടർനിയമനടപടികൾക്കായി ബന്ധപ്പെട്ട അന്വേഷണ ഏജൻസികൾക്ക് കൈമാറുമെന്നും മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ ആരോഗ്യ മേഖലയിലെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുകയും സുരക്ഷിതവും വിശ്വാസ്യതയുള്ളതുമായ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയുമാണ് നടപടിയുടെ ലക്ഷ്യമെന്ന് മന്ത്രാലയം അറിയിച്ചു.











0 comments