കുവൈത്തിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയിലെ കവർച്ച: രണ്ട് പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷുയൂഖിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയിൽ നിന്ന് ഏകദേശം 39,000 കുവൈത്തി ദിനാർ വിലമതിക്കുന്ന സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും കവർന്ന കേസിൽ രണ്ട് സിറിയൻ പ്രവാസികളെ കുവൈത്ത് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്തു. കവർന്ന മുഴുവൻ സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും കവർച്ചയ്ക്കുപയോഗിച്ച പ്ലാസ്റ്റിക് കളിത്തോക്കും അന്വേഷണ സംഘം വീണ്ടെടുത്തു.
വ്യാഴം രാവിലെ എട്ടുമണിയോടെയാണ് സംഭവം. സ്ത്രീ വേഷത്തിൽ മുഖംമറച്ചെത്തിയ ഒരാളും മുഖംമൂടി ധരിച്ച മറ്റൊരാളും ജ്വല്ലറിയിൽ കയറുകയായിരുന്നു. പ്ലാസ്റ്റിക് കളിത്തോക്ക് കാട്ടി ജീവനക്കാരനെ ഭീഷണിപ്പെടുത്തി കൈകാലുകൾ കെട്ടിയിട്ടശേഷം സ്വർണച്ചെയിനുകൾ, വളകൾ ഉൾപ്പെടെയുള്ള ആഭരണങ്ങളും മൊബൈൽ ഫോണുകളും കവർന്ന് രക്ഷപ്പെട്ടു. പിന്നീട് മറ്റൊരു ജീവനക്കാരൻ കടയിലെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം പുറത്തറിയുന്നത്.
സംഭവത്തെ തുടർന്ന് ഫർവാനിയ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം സിസിടിവി ദൃശ്യങ്ങളും ഫോറൻസിക് തെളിവുകളും കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ശാസ്ത്രീയ തെളിവുകളുടെയും സാങ്കേതിക പരിശോധനയുടെയും അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിഞ്ഞ അന്വേഷണ സംഘം ഒരാളെ ജലീബ് അൽ ഷുയൂഖിൽ നിന്നും മറ്റൊരാളെ ഹവല്ലിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
കവർച്ചയ്ക്കായി രണ്ടാഴ്ച മുമ്പ് മോഷ്ടിച്ച വാഹനമാണ് പ്രതികൾ ഉപയോഗിച്ചതെന്നും തിരിച്ചറിയൽ ഒഴിവാക്കാൻ വാഹനത്തിന്റെ മുൻവശത്തും പിൻവശത്തും വ്യത്യസ്ത നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചതായും കണ്ടെത്തി. കവർച്ചയ്ക്കുശേഷം തെളിവുകൾ നശിപ്പിക്കുന്നതിനായി വാഹനം ജലീബ് അൽ ഷുയൂഖ് പ്രദേശത്ത് കത്തിച്ചെങ്കിലും ശാസ്ത്രീയ തെളിവുകളുടെ സഹായത്തോടെ പ്രതികളിലേക്ക് എത്താൻ അന്വേഷണ സംഘത്തിന് സാധിച്ചു.











0 comments