ad
Deshabhimani

യുഡിഎഫിന്റെ ജനവിരുദ്ധ അജണ്ട തുറന്നുകാട്ടുന്ന ‘വസ്‌തുതകളുടെ ധവളപത്രം’

left white paper
avatar
പ്രത്യേക ലേഖകൻ

Published on Jul 14, 2026, 06:02 PM | 2 min read

തിരുവനന്തപുരം: സ്വകാര്യവൽക്കരണവും നവഉദാരീകരണ നയങ്ങളും ഒളിച്ചുകടത്താൻ ലക്ഷ്യമിട്ട യുഡിഎഫ് സർക്കാരിന്റെ ധവളപത്രവും ബജറ്റും തുറന്നുകാട്ടുന്ന ‘വസ്തുതകളുടെ ധവളപത്രം’. സർക്കാർ പുറത്തിറക്കിയ ‘കേരളത്തിന്റെ സാമ്പത്തിക ആരോഗ്യം: തൽസ്ഥിതി റിപ്പോർട്ട്’ തികഞ്ഞ അക്കാദമിക് സത്യസന്ധതയില്ലായ്മയുടെയും രാഷ്ട്രീയ-ഗൂഢാലോചനയുടെയും ഉത്തമോദാഹരണമാണെന്ന് എ കെ ജി പഠനഗവേഷണ കേന്ദ്രം പ്രസിദ്ധീകരിച്ച ബദൽ ധവളപത്രത്തിൽ സമർഥിക്കുന്നു. കണക്കുകൾ വളച്ചൊടിച്ചും വസ്തുതകൾ തമസ്കരിച്ചും കേരളം സാമ്പത്തികത്തകർച്ചയിലാണെന്ന് വരുത്തിത്തീർക്കാനാണ് യുഡിഎഫ് ശ്രമം. എൽഡിഎഫ് ഭരണത്തിൽ കേരളം കൈവരിച്ച നേട്ടങ്ങളും സാമ്പത്തിക മുന്നേറ്റങ്ങളും സാധ്യമാക്കിയ ഘടനാപരമായ മാറ്റങ്ങളും അക്കമിട്ട് നിരത്തി യുഡിഎഫിന്റെ പൊള്ളത്തരം പുറത്തുകൊണ്ടുവരികയാണ് ഈ ബദൽരേഖ.


നേടിയ സാമ്പത്തിക വളർച്ചയിൽ യുഡിഎഫ് ഭരണകാലവും (2011–2016) എൽഡിഎഫ് ഭരണകാലവും (2016–2026) തമ്മിലുള്ള താരതമ്യം കേരളത്തിലെ യാഥാർഥ്യം വ്യക്തമാക്കുന്നു. യുഡിഎഫ് കാലത്ത് സ്ഥിരവിലയുടെ അടിസ്ഥാനത്തിലുള്ള സംസ്ഥാന ജിഡിപി വളർച്ച 5.52 ശതമാനം മാത്രമായിരുന്നു. കോവിഡിനു മുമ്പുള്ള കാലത്ത് ഈ നിരക്ക് 7.10 ശതമാനമായി ഉയർത്താൻ എൽഡിഎഫ് സർക്കാരിനു കഴിഞ്ഞു. കോവിഡിനുശേഷം വളർച്ചാനിരക്ക് 11.78 ശതമാനമായി വർധിപ്പിക്കാനായി. യുഡിഎഫിന്റെ കാലത്ത് സംസ്ഥാനത്തെ കാർഷികമേഖലയിലുണ്ടായ 21.5 ശതമാനത്തിന്റെ തകർച്ച സ്വാതന്ത്ര്യാനന്തര കേരളത്തിൽ കാർഷികമേഖലയിലെ ഏറ്റവും വലിയ വീഴ്ചയായിരുന്നു. ഇത് പൂർണമായും മറികടന്ന് കാർഷികമേഖലയിൽ 7.6 ശതമാനം വളർച്ച കൈവരിക്കാൻ എൽഡിഎഫ് ഭരണകാലത്ത് സാധിച്ചു.


പൊതുകടവും കടവും ബാധ്യതകളും തമ്മിലുള്ള വ്യത്യാസം മറച്ചുവച്ചാണ് യുഡിഎഫ് വ്യാജകണക്കുകൾ നിരത്തുന്നത്. 2026ൽ ലഭ്യമായ അക്കൗണ്ടന്റ് ജനറലിന്റെ കണക്കുപ്രകാരം മൊത്തം കടവും ബാധ്യതകളും 4.79 ലക്ഷം കോടി രൂപയാണ്. സംസ്ഥാന ജിഡിപിയുടെ 33.6 ശതമാനം മാത്രം. ഇതിൽ വിപണി വായ്പകളും കേന്ദ്രവായ്പകളും അടങ്ങുന്ന യഥാർഥ പൊതുകടം 3.47 ലക്ഷം കോടി രൂപ മാത്രം; ജിഡിപിയുടെ 24.3 ശതമാനം. കേരളത്തിന് ആറ് ലക്ഷം കോടി രൂപയുടെ കടമുണ്ടെന്ന് പ്രചരിപ്പിച്ച യുഡിഎഫ്, അവരുടെ ധവളപത്രത്തിൽ ഇത് അഞ്ച് ലക്ഷം കോടിയാക്കി.


സർക്കാരിന്റെ സേവന മേഖലകളെയും പൊതുമേഖലാ സ്ഥാപനങ്ങളെയും സ്വകാര്യവൽക്കരിക്കുക എന്നതാണ് യുഡിഎഫ് അജണ്ട. പൊതുസേവനങ്ങൾ സ്വകാര്യകുത്തകകൾക്ക് വിൽക്കില്ല എന്നതാണ് എൽഡിഎഫ് നയം. കിഫ്ബിയെ തകർക്കുക വഴി സംസ്ഥാനത്തിന്റെ പശ്ചാത്തല വികസനം സ്തംഭിപ്പിക്കുകയാണ് യുഡിഎഫ് ലക്ഷ്യം. കിഫ്ബിക്ക് നൽകുന്ന മോട്ടോർവാഹന നികുതിയുടെ 50 ശതമാനവും പെട്രോളിയം സെസും ഭരണഘടനാവിരുദ്ധമാണെന്ന യുഡിഎഫ് വാദം അസംബന്ധമാണ്. ഈ നികുതിയും സെസും ധനവിനിയോഗ ബില്ലിൽ ഉൾപ്പെടുത്തി നിയമസഭയുടെ അംഗീകാരത്തോടെ സംസ്ഥാന സഞ്ചിതനിധിയിൽ കൊണ്ടുവന്നശേഷം കിഫ്ബി നിയമഭേദഗതി പ്രകാരമാണ് ആ സ്ഥാപനത്തിന് കൈമാറിയത്. യുഡിഎഫ് ഭരണത്തിൽ മൂലധനച്ചെലവ് സംസ്ഥാന ജിഡിപിയുടെ 1.2 ശതമാനമായിരുന്നു (മൊത്തം ചെലവിന്റെ 8.8 ശതമാനവും). കിഫ്ബി വഴിയുള്ള ഇടപെടലുകളിലൂടെ എൽഡിഎഫ് സർക്കാർ ഇത് ജിഡിപിയുടെ 2.5 ശതമാനമായും മൊത്തം ചെലവിന്റെ 12.8 ശതമാനമായും ഉയർത്തി. യുഡിഎഫിന്റെ പുതുക്കിയ ബജറ്റിൽ ഈ സാമ്പത്തികവർഷം 1,69,646 കോടി രൂപയുടെ തനതുവരുമാനവും 2,27,567 കോടി രൂപയുടെ ചെലവും പ്രതീക്ഷിക്കുന്നുണ്ട് എന്നത് സംസ്ഥാനത്ത് സാമ്പത്തികത്തകർച്ചയാണെന്ന വാദം പൊള്ളയാണെന്ന് തെളിയിക്കുന്നു.


ധവളപത്രം വഴി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി പ്രതീതിയുടെ മറവിൽ സർക്കാർ ജീവനക്കാരുടെ അർഹമായ ക്ഷാമബത്ത കുടിശ്ശികകളും പെൻഷൻ ആനുകൂല്യങ്ങളും ബോധപൂർവം നിഷേധിക്കുകയാണ്. വീര്യം കുറഞ്ഞ മദ്യത്തിന്മേലുള്ള എക്സൈസ് തീരുവ വെട്ടിക്കുറച്ചതിലൂടെ മദ്യലോബിക്ക് സർക്കാർ വൻ ഇളവുകളാണ് നൽകിയത്. അമൂല്യമായ കരിമണൽസമ്പത്ത് കോർപ്പറേറ്റുകൾക്ക് തീറെഴുതാനാണ് നീക്കം. എൽഡിഎഫ് സർക്കാർ നിരുത്തരവാദപരമായി പണം ചെലവഴിക്കുകയായിരുന്നില്ല; ധീരമായ നിലപാടോടെ സംസ്ഥാനത്തിന്റെ വികസനം മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു. മൂലധനനിക്ഷേപം ഇരട്ടിയാക്കുകയും അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്തു; മഹാമാരിയും മഹാപ്രളയവും കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധവും മറികടന്നാണ് ഇതൊക്കെ സാധ്യമാക്കിയത്. ഇത് മറച്ചുവച്ച് കേരളം കടക്കെണിയിലാണെന്ന് വലതുപക്ഷം പ്രചരിപ്പിക്കുന്നത് അടിസ്ഥാനരഹിതമാണ്. കേരളത്തിനു ഗുണകരമായ ബദൽ സാമ്പത്തികനയം എന്നത് കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾക്ക് മുന്നിൽ നിരുപാധികം കീഴടങ്ങലല്ല. നവഉദാരീകരണ ധനമൂലധന ശക്തികളുടെ ലാഭം മാത്രം ലക്ഷ്യമിടാതെ, നാടിന്റെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും താൽപ്പര്യങ്ങളിൽനിന്ന് ഉറവെടുക്കുന്ന പുരോഗമന സാമ്പത്തിക പരിപാടിയാണ് കേരളം അർഹിക്കുന്നത്.


കേന്ദ്രത്തിന്റെയും മദ്യലോബിയുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ സാധാരണക്കാരുടെ വയറ്റത്തടിക്കുന്ന ബജറ്റാണ് യുഡിഎഫ് സർക്കാർ കൊണ്ടുവന്നത്. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക, ന്യൂനപക്ഷ, മത്സ്യത്തൊഴിലാളി വിഹിതങ്ങൾ വെട്ടിക്കുറച്ചു. സാമ്പത്തികവും ധാർമികവുമായ ദിശാബോധം നഷ്ടമായ ബജറ്റിനെ തിരുത്തിക്കാനുള്ള ഇടപെടലാണ് ബദൽ ധവളപത്രം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home