ad
Deshabhimani

കേന്ദ്രത്തിന്റെ ‘ഉമാംഗ്’ ആപ്പിൽ ഗുരുതര സുരക്ഷാ വീഴ്ച; വിവരങ്ങൾ ചോരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

Umang.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 14, 2026, 05:38 PM | 1 min read

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വിവിധ സേവനങ്ങൾ ലഭ്യമാക്കുന്ന ഔദ്യോഗിക ആപ്ലിക്കേഷനായ 'ഉമാംഗ്' പോർട്ടലിൽ ഗുരുതര സുരക്ഷാ വീഴ്ചയുള്ളതായി കണ്ടെത്തൽ. പതിനായിരക്കണക്കിന് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും സാമ്പത്തിക വിവരങ്ങളും എളുപ്പത്തിൽ ചോർത്താൻ കഴിയുന്ന തരത്തിലാണ് ഈ സാങ്കേതിക പിഴവെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.


ആപ്പിലൂടെ ലഭ്യമാകുന്ന നൂറോളം പ്രധാന സർക്കാർ സേവനങ്ങളിലെ വിവരങ്ങൾ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. സാങ്കേതിക വിദഗ്ധരായ അക്ഷയ് സിഎസ്, വിരൽ വഘേല എന്നിവരാണ് ഉമാംഗ് ആപ്പിലെ സുരക്ഷാ പിഴവുകൾ കണ്ടെത്തി പുറത്തുവിട്ടത്.


ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) കൈകാര്യം ചെയ്യുന്ന അതീവ സുരക്ഷിതമാകേണ്ട പോർട്ടലിലാണ് വിള്ളലുകൾ കണ്ടെത്തിയിരിക്കുന്നത്. പല നിർണായക സുരക്ഷാ പിഴവുകളും വർഷങ്ങളായി പോർട്ടലിൽ നിലനിൽക്കുന്നതാണെന്നും വ്യക്തിഗത വിവരങ്ങൾ ചോർത്താനുള്ള വലിയ സാധ്യതയാണ് ഇതിലൂടെ തുറന്നുനൽകിയിരിക്കുന്നതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.


ആപ്ലിക്കേഷന്റെ ഘടനയിലുള്ള അടിസ്ഥാനപരമായ പിഴവുകളാണ് ഈ സുരക്ഷാ ഭീഷണിക്ക് വഴിവെച്ചിട്ടുള്ളതെന്ന് അക്ഷയ് സിഎസും വിരൽ വഘേലയും വിശദീകരിച്ചു. ഡൽഹിയിൽ നടന്ന അഞ്ചാമത് ഗ്ലോബൽ കോൺഫറൻസ് ഓൺ സൈബർ സ്പേസിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉമാംഗ് പോർട്ടൽ ഉദ്ഘാടനം ചെയ്തത്.


കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള വിവിധ വകുപ്പുകളിൽ നിന്നായി ഏകദേശം 2400 ഓളം ഇ-സേവനങ്ങളാണ് നിലവിൽ ഈ ആപ്പ് വഴി ലഭ്യമാകുന്നത്. ഇത്രയധികം ആളുകൾ ആശ്രയിക്കുന്ന ആപ്പിൽ വർഷങ്ങളായി സുരക്ഷാ വീഴ്ച തുടരുന്നത് ആശങ്ക വർധിപ്പിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home