കേരളത്തിൽ സെപ്തംബറിൽ വിപുലീകൃത സംസ്ഥാനകമ്മിറ്റി; തിരുത്തൽ നടപടികൾ കൈക്കൊള്ളും: എം എ ബേബി

എം എ ബേബി
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളുടെ ഫലം കേന്ദ്രകമ്മിറ്റിയോഗം വിശദമായി വിലയിരുത്തിയെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. അതത് സംസ്ഥാന കമ്മിറ്റികളുടെ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ നിലവിലെ രാഷ്ട്രീയ സഹാചര്യങ്ങൾ കേന്ദ്രകമ്മിറ്റി ചർച്ചചെയ്തു. തെരഞ്ഞെടുപ്പിൽ പാർടിക്കുണ്ടായ ന്യൂനതകളും പ്രചാരണത്തിലെ പോരായ്മകളും സ്ഥാനാർഥി നിർണയത്തിലെ വീഴ്ചയും എല്ലാം വിശദമായി ചർച്ചചെയ്തെന്നും എം എ ബേബി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തിരിച്ചടികളെ നേരിടാനും ശക്തമായി തിരിച്ചുവരാനും പാർടി ആവശ്യമായ തിരുത്തൽനടപടികൾ സ്വീകരിക്കും. പശ്ചിമ ബംഗാളിലും കേരളത്തിലും ചേരുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗങ്ങളിൽ ഇത് സംബന്ധിച്ച തീരുമാനങ്ങളുണ്ടാകും. ആഗസ്ത് അവസാന ആഴ്ചയാണ് ബംഗാളിൽ സംസ്ഥാന കമ്മിറ്റി ചേരുന്നത്. കേരളത്തിൽ സെപ്തംബർ പകുതിയോടെയും.
രാജ്യത്തെ വിവിധ രാഷ്ട്രീയ സംഭവവികാസങ്ങളും കേന്ദ്രകമ്മിറ്റിയോഗം ചർച്ചചെയ്തു. ഇന്ത്യയുടെ ജിഡിപി വളർച്ചാനിരക്ക് 6.6ശതമാനത്തിലേക്ക് താഴ്ന്നുവെന്ന് അടിവരയിടുന്നതാണ് ആർബിഐയുടെ ജൂണിലെ ബുള്ളറ്റിൻ. കാവർഷക്കെടുതിയും പ്രതിസന്ധി രൂക്ഷമാക്കും. സംസ്ഥാനങ്ങളുമായോ രാഷ്ട്രീയ പാർടികളുമായോ കൂടിയാലോചിക്കാതെയാണ് ബിജെപി സർക്കാർ ഭക്ഷ്യസുരക്ഷാ നിയമത്തിലെ ഭേദഗതി അവതരിപ്പിച്ചത്. രാജ്യത്തെ ദുർബലവിഭാഗങ്ങളെയും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയും സാരമായി ബാധിക്കുന്നതാണ് ഈ നീക്കം. സംഘപരിവാറിന് രാജ്യത്തോടോ അവർ പറയുന്ന വിശ്വാസങ്ങളോടെ യാതൊരു ഉത്കണ്ഠയുമില്ലെന്ന് തെളിയിക്കുന്നതാണ് അയോധ്യയിലെ രാമക്ഷേത്രത്തിലെ തട്ടിപ്പ്. ക്ഷേത്രക്കൊള്ളയിലെ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ജനസംഖ്യാപരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിന് ഉന്നതാധികാര സമിതിയെ രൂപീകരിച്ചത് അപകടകരമായ നീക്കമാണ്. ഈ സമിതിയിൽ വിദഗ്ധരായ ആരെയും ഉൾപ്പെടുത്തിയിട്ടില്ല. ന്യൂനപക്ഷവിഭാഗങ്ങളെ ലക്ഷ്യംവെച്ചുള്ള ആർഎസ്എസിന്റെ പദ്ധതിയാണിത്. ഭാവിയിൽ പൗരത്വ നിയമവുമായും ഇതിനെ ബന്ധിപ്പിച്ചേക്കും. ജർമനിയിൽ അഡോൾഫ് ഹിറ്റ്ലർ നടപ്പാക്കിയ ന്യൂറംബർഗ് നിയമങ്ങളുമായും സാദൃശ്യമുണ്ട്. ഈ നടപടികളെല്ലാം ബിജെപി സർക്കാരിന്റെ നവഫാസിസ്റ്റ് പ്രവണതകളെ തുറന്നുകാട്ടുന്നതാണ്.
കേരളത്തിലെ യുഡിഎഫ് സർക്കാര്‍ മൃദുഹിന്ദുത്വ നടപടികളാണ് സ്വീകരിക്കുനന്ത്. ഗവർണർ ആർഎസ്എസുകാരെ യൂണിവേഴ്സിറ്റികളിൽ വൈസ് ചാൻസലർമാരായി നിയമിച്ചപ്പോൾ സർക്കാർ യാതൊരു എതിർപ്പും ഉന്നയിച്ചില്ല. വിഴിഞ്ഞത്തെ ഓഹരിക്കൈമാറ്റം സംബന്ധിച്ച് ദുർബലമായ വാദങ്ങളാണ് സർക്കാർ ഉയർത്തുന്നത്.
കേന്ദ്ര ട്രേഡ് യൂണിയനുകളും സംയുക്ത കിസാൻ മോർച്ചയും പ്രഖ്യാപിച്ചിട്ടുള്ള ആഗസ്ത് 10ലെ പ്രക്ഷോഭത്തിന് പാർടി പിന്തുണ നൽകുമെന്നും എം എ ബേബി പറഞ്ഞു.











0 comments