വൈഷ്‌ണോദേവി ക്ഷേത്രത്തിലും തട്ടിപ്പ്; ഭക്തർ നൽകിയ 550 കോടിയുടെ വെള്ളിയിലും വ്യാജം

ശ്രീനഗർ: ജമ്മു കശ്മീരിലെ വൈഷ്‌ണോദേവി ക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച വെള്ളി വഴിപാടുകളിൽ കോടികളുടെ തട്ടിപ്പ് നടന്നതായി പരാതി. ഇതുമായി ബന്ധപ്പെട്ട രേഖകൾ ഉടനടി ഹാജരാക്കാൻ ക്രൈംബ്രാഞ്ചിന് കോടതി നിർദേശം നൽകി.
550 കോടി രൂപ മൂല്യം കണക്കാക്കുന്ന വെള്ളി വഴിപാടുകളിൽ തിരിമറി നടന്നെന്ന പരാതിയിലാണ് ജമ്മു ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ അടിയന്തര ഇടപെടൽ. കഴിഞ്ഞ മേയിൽ ഉരുക്കുന്നതിനായി ക്ഷേത്ര ബോർഡ് സർക്കാരിലേക്ക് അയച്ച 20 ടൺ വെള്ളി പരിശോധിച്ചപ്പോഴാണ് ആസൂത്രിതമായ തട്ടിപ്പ് പുറത്തായത്.
ക്ഷേത്ര ബോർഡ് അയച്ച വെള്ളിയിൽ വെറും അഞ്ച് ശതമാനം മാത്രമാണ് യഥാർത്ഥ വെള്ളിയുള്ളതെന്ന് പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. ബാക്കി 95 ശതമാനവും കാഡ്മിയം, ഇരുമ്പ് എന്നിവ കലർന്ന വ്യാജ ലോഹങ്ങളായിരുന്നു. ഇതോടെ 550 കോടി രൂപ വിലമതിക്കുമെന്ന് കരുതിയ വെള്ളിയുടെ യഥാർത്ഥ മൂല്യം വെറും 30 കോടി രൂപയായി കുറഞ്ഞു.
ഭക്തർ വ്യാജ വെള്ളി സമർപ്പിച്ചതാണോ അതോ ക്ഷേത്രത്തിലെ വഴിപാടുകൾ ശേഖരിച്ച ശേഷം അതിൽ വൻ തിരിമറി നടത്തിയതാണോ എന്ന് കണ്ടെത്തണമെന്നാണ് ഹർജിയിലെ ആവശ്യം. അഭിഭാഷകനായ ദീപക് ശർമ്മ നൽകിയ പരാതിയിൽ ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വിശ്വാസവഞ്ചന, ഔദ്യോഗിക രേഖകളിൽ കൃത്രിമത്വം കാണിക്കൽ എന്നിവ നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു.
സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ക്ഷേത്രത്തിലെ സിസിടിവി. ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച ശേഷം ആവശ്യമായ റിപ്പോർട്ടുകളുമായി ഈ മാസം 29-നകം ഹാജരാകാനാണ് ക്രൈംബ്രാഞ്ചിനോട് കോടതി നിർദേശിച്ചിരിക്കുന്നത്.











0 comments