കണ്ണൂർ സർവകലാശാലയിൽ കടന്നുകയറ്റവുമായി ചാൻസലർ; 59 ബോർഡ് ഓഫ് സ്റ്റഡീസുകളിൽ നേരിട്ട് നിയമനം

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ 59 ബോർഡ് ഓഫ് സ്റ്റഡീസുകളിലേക്ക് സിൻഡിക്കേറ്റിന്റെ ശുപാർശകൾ പൂർണ്ണമായും തള്ളിക്കൊണ്ട് ചാൻസലർ നേരിട്ട് നിയമനം നടത്തി. സാധാരണഗതിയിൽ സിൻഡിക്കേറ്റ് നിർദ്ദേശിക്കുന്ന പാനലിൽ നിന്നാണ് അക്കാദമിക സമിതികളിൽ അംഗങ്ങളെ നിയമിക്കാറുള്ളത്.
എന്നാൽ, നിലവിലെ സർവകലാശാലാ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും ലംഘിച്ചാണ് ചാൻസലർ ഏകപക്ഷീയമായി ഉത്തരവിറക്കിയിരിക്കുന്നത്. സിൻഡിക്കേറ്റ് സമർപ്പിച്ച ഔദ്യോഗിക പട്ടികയിലെ പേരുകൾ വെട്ടിമാറ്റിയാണ് ചാൻസലർ സ്വന്തം നിലയിൽ പുതിയ അംഗങ്ങളെ നിശ്ചയിച്ചത്.
ചാൻസലറുടെ ഈ അസാധാരണ നടപടിക്ക് പിന്നിൽ വ്യക്തമായ രാഷ്ട്രീയ താല്പര്യങ്ങളുണ്ടെന്ന ആക്ഷേപം ശക്തമാണ്. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ അനാവശ്യമായി ഇടപെടാനും രാഷ്ട്രീയ താല്പര്യങ്ങൾ അടിച്ചേൽപ്പിക്കാനുമുള്ള ശ്രമമാണിതെന്ന് വിലയിരുത്തപ്പെടുന്നു.
രാജ്യത്തെ വിവിധ സർവകലാശാലകളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കാവിവൽക്കരണ അജണ്ടയുടെ ഭാഗമായാണ് കണ്ണൂരിലെയും നടപടിയെന്ന് സിൻഡിക്കേറ്റ് അംഗം എൽ സുകന്യ വ്യക്തമാക്കി. സംഘപരിവാർ ആശയങ്ങൾ പിന്തുടരുന്നവരെയും അനുകൂലികളെയും സർവകലാശാലകളുടെ അക്കാദമിക സമിതികളിലും അധ്യാപക തസ്തികകളിലും തിരുകിക്കയറ്റാനുള്ള ആസൂത്രിത ശ്രമങ്ങളുടെ തുടർച്ചയാണിതെന്നും അവർ പറഞ്ഞു.











0 comments