സ്വാഭാവിക പ്രക്രിയകളെ പോലും വളച്ചൊടിക്കുന്ന യുഡിഎഫിന്റെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടുകയാണ് വസ്തുതകളുടെ ധവളപത്രം: പിണറായി വിജയൻ

തിരുവനന്തപുരം : യുഡിഎഫ് പ്രസിദ്ധീകരിച്ച ധവളപത്രത്തിൽ വസ്തുതാവിരുദ്ധമായ പരാമർശങ്ങളാണ് കുത്തിനിറച്ചിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പ്രശ്നങ്ങളെല്ലാം കഴിഞ്ഞ സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള ബോധപൂർവമായ ശ്രമമാണ് യുഡിഎ് നടത്തുന്നത്. അതെല്ലാം പൊതുജനങ്ങൾക്ക് തുറന്നുകാട്ടുന്നതിനായാണ് വസ്തുതകളുടെ ധവളപത്രം പുറത്തിറക്കിയതെന്നും പിണറായി വിജയൻ പറഞ്ഞു. എകെജി പഠനഗവേഷണ കേന്ദ്രം പുറത്തിറക്കിയ വസ്തുതകളുടെ ധവളപത്രം പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹം.
പത്തു വർഷം എൽഡിഎഫ് ഭരിച്ചപ്പോൾ സംസ്ഥാനത്തിന്റെ ബാധ്യത അനിയന്ത്രിതമായി ഉയർന്നു എന്നത് പൊതുമണ്ഡലത്തിലാകെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന അസത്യമാണ്. 2011- 16 യുഡിഎഫ് ഭരണകാലയളവിൽ സംസ്ഥാനത്തിന്റെ കടബാധ്യത 1.93 മടങ്ങ് വർധിച്ചു. എന്നാൽ 2016- 21 കാലയളവിൽ 1.86 മടങ്ങായി കുറഞ്ഞു. 2021- 26 വർഷത്തിൽ 1. 60 മടങ്ങായി കുറയുകയാണ് ചെയ്തത്. കാര്യമായ കുറവ് എൽഡിഎഫിന്റെ കാലത്തുണ്ടായി. എന്നാൽ കണക്കുകൾ മറച്ചുവെക്കുകയാണ് യുഡിഎഫ്. കഴിഞ്ഞ സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണിത്.
വ്യാജപ്രചരണങ്ങൾക്ക് കാലപരിധിയുണ്ട്, പക്ഷേ അത് യുഡിഎഫിന് ബാധകമല്ല. ഒന്നു തീർന്നാൽ മറ്റൊന്ന് എന്നതാണ് യുഡിഎഫിന്റെ തന്ത്രം. ഇതിനെ യഥാർഥ വസ്തുതകൾ അണിനിരത്തി പ്രതിരോധിക്കുകയാണ് വസ്തുതകളുടെ ധവളപത്രം. സംസ്ഥാനത്ത് 60 ശതമാനം ചെലവും തനത് വരുമാനത്തിന്റെ വിനിയോഗത്തിലാണ് നടക്കുന്നത്. എൽഡിഎഫ് ഭരിച്ച 2021-26 കാലയളവിൽ തനതുവരുമാനം ഇരട്ടിയായി വർധിപ്പിക്കാൻ കഴിഞ്ഞു. എന്നാൽ ഇവയെല്ലാം മറച്ചുവച്ചു. ലക്ഷം കോടിക്കുമുകളിൽ കുടിശികയെന്നാണ് മറ്റൊരു വ്യാജ പ്രചരണം. എന്നാാൽ ഇതിനെ സാധൂകരിക്കുന്ന കണക്കുകൾ അവതരിപ്പിക്കാൻ യുഡിഎഫിന് സാധിച്ചില്ല.
കണക്കുകൾ പൂർണമായി മറച്ചുവച്ച് സ്വാഭാവിക പ്രക്രിയകളെ പോലും വളച്ചൊടിച്ച് അവതരിപ്പിക്കുന്നു. എൽഡിഎഫ് ഭരിച്ച പത്ത് വർഷക്കാലം സംസ്ഥാനത്ത് ധനദൃഡീകരണ ഉദ്യമങ്ങളാണ് ഉണ്ടായത്. എന്നാൽ കണക്കുകൾ പൂർണമായി മറച്ചുവച്ച് വ്യാജനിർമിതികളുമായി ഇറങ്ങിയിരിക്കുകയാണ് യുഡിഎഫ് എന്നും പിണറായി വിജയൻ പറഞ്ഞു.










0 comments