ad
Deshabhimani

ഭോജ്‌ശാല തർക്കം: മുസ്ലിങ്ങൾക്ക് നമസ്‌കരിക്കാൻ താൽക്കാലിക സൗകര്യമൊരുക്കണമെന്ന് സുപ്രീംകോടതി

Bhojshala.jpg
വെബ് ഡെസ്ക്

Published on Jul 14, 2026, 05:18 PM | 1 min read

ന്യൂഡൽഹി: മധ്യപ്രദേശിലെ ധാർ ജില്ലയിലുള്ള വിവാദമായ ഭോജ്‌ശാല സരസ്വതി ക്ഷേത്ര-കമാൽ മൗല മസ്ജിദ് സമുച്ചയ കേസിൽ യഥാസ്ഥിതി തുടരണമെന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ച്‌ സുപ്രീംകോടതി. അതേസമയം, കേസിൽ അന്തിമ തീർപ്പുണ്ടാകുന്നത് വരെ മുസ്ലിം വിഭാഗത്തിന് വെള്ളിയാഴ്ചകളിൽ നമസ്‌കാരം നടത്തുന്നതിനായി തർക്കപ്രദേശത്തിന് തൊട്ടടുത്തുള്ള തുറന്ന സ്ഥലം താൽക്കാലികമായി കണ്ടെത്തി നൽകാൻ കോടതി നിർദേശിച്ചു.


ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരെ മുസ്ലിം വിഭാഗം നൽകിയ അപ്പീലുകളിൽ നോട്ടീസ് അയച്ചത്. കേസിൽ അന്തിമ തീരുമാനമുണ്ടാകുന്നത് വരെ എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് ഒരു മണി മുതൽ മൂന്ന് മണി വരെയുള്ള സമയത്ത് നമസ്‌കരിക്കാനുള്ള താൽക്കാലിക സൗകര്യം ഒരുക്കണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചിട്ടുള്ളത്.


ഇതിനൊപ്പം, സുപ്രീംകോടതിയുടെ അനുമതിയില്ലാതെ തർക്ക മന്ദിരത്തിൽ യാതൊരുവിധ ഘടനാപരമായ മാറ്റങ്ങളും വരുത്തരുതെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കും കോടതി കർശന നിർദേശം നൽകി. മധ്യപ്രദേശിലെ ഭോജ്‌ശാല സമുച്ചയം പൂർണ്ണമായും വാഗ്‌ദേവിയായ (സരസ്വതി) സരസ്വതി ദേവിക്ക് സമർപ്പിച്ചിട്ടുള്ള ക്ഷേത്രമാണെന്ന് പ്രഖ്യാപിച്ച മധ്യപ്രദേശ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജികളാണ് സുപ്രീംകോടതി അടിയന്തരമായി പരിഗണിച്ചത്.


ഹിന്ദു വിഭാഗം ഭോജ്‌ശാലയെ സരസ്വതി ക്ഷേത്രമായി കണക്കാക്കുമ്പോൾ, പതിനൊന്നാം നൂറ്റാണ്ടിലെ ഈ സ്മാരകം തങ്ങളുടെ കമാൽ മൗല മസ്ജിദാണെന്നാണ് മുസ്ലിം വിഭാഗത്തിന്റെ വാദം. എഎസ്ഐയുടെ സംരക്ഷണയിലുള്ള ഈ തർക്ക സമുച്ചയത്തിലെ ശാസ്ത്രീയ സർവേ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു നേരത്തെ ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home