ഇന്ത്യ-ചൈന വ്യാപാരത്തിൽ വൻ കുതിപ്പ്; ഇറക്കുമതി റെക്കോർഡ് നിലയിൽ, വ്യാപാര കമ്മി വര്‍ധിക്കുന്നു

ന്യൂഡൽഹി: 2026-ന്റെ ആദ്യ പകുതിയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിൽ വൻ കുതിപ്പ്. ചൈനീസ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം, ചൈനയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 21.8% വർധിച്ച് റെക്കോർഡ് തുകയായ 79.41 ബില്യൺ ഡോളറിലെത്തി.
ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ആകെ വ്യാപാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 23.6% ഉയർന്ന് 91.72 ബില്യൺ ഡോളറായി. ചൈന ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി മാറിയ 2025-ലെ റെക്കോർഡ് തുകയായ 155.62 ബില്യൺ ഡോളറിനെ മറികടക്കുന്ന രീതിയിലാണ് നിലവിലെ വ്യാപാര കുതിപ്പ്. ഇതിൽ സിംഹഭാഗവും ഇറക്കുമതിയിലാണ്.
വ്യാപാര കമ്മി വർധിക്കുന്നു,
വര്‍ധിക്കുമെന്ന് പ്രതീക്ഷ
ഇറക്കുമതി വര്‍ധിച്ചതോടെ ആദ്യ ആറ് മാസങ്ങളിലായി ഇന്ത്യയുടെ വ്യാപാര കമ്മി 67.1 ബില്യൺ ഡോളറിലെത്തിയിട്ടുണ്ട്. ഇത് കഴിഞ്ഞ വർഷത്തെ റെക്കോർഡ് തുകയായ 116.12 ബില്യൺ ഡോളറിനേക്കാൾ ഇനിയും ഉയരാം. ഇതോടൊപ്പം വ്യാപാര കമ്മിയും വര്‍ധിക്കും.
ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിലും വളർച്ച നിലനിര്‍ത്താനായി എന്നതാണ് വ്യാപാര കമ്മിയെ കുറിച്ചുള്ള ആശങ്ക തുലനപ്പെടുത്തുന്നത്. 37.2% വളർച്ചയോടെ ഇന്ത്യയുടെ കയറ്റുമതി 12.31 ബില്യൺ ഡോളറായി വര്‍ധിച്ചിട്ടുണ്ട്.
മൂല്യവര്‍ധിത വസ്തുക്കൾ പുറത്ത്
വ്യാപാര കമ്മിയുടെ മൊത്തത്തിലുള്ള അളവിനൊപ്പം കയറ്റിറക്കുമതികളിൽ ഉൾപ്പെടുന്ന ഉൽപ്പന്നങ്ങളുടെ സ്വഭാവത്തിലും വലിയ ആശങ്കയാണുള്ളത്. നിലവിൽ ഇന്ത്യ ചൈനയിൽ നിന്ന് വൻതോതിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളും മറ്റ് യന്ത്രസാമഗ്രികളും ഇറക്കുമതി ചെയ്യുന്നു. എന്നാൽ ഇതോടൊപ്പം ഇന്ത്യൻ നിർമാണ മേഖലയ്ക്ക് ആവശ്യമായ വസ്തുക്കളും രാജ്യത്തെ കയറ്റുമതി വർധിപ്പിക്കുന്നതിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും ചൈനയിൽ നിന്നുതന്നെ ഇറക്കുമതി ചെയ്യേണ്ടി വരുന്നു.
അതേസമയം, ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് കയറ്റി അയക്കുന്നതിൽ ഭൂരിഭാഗവും ഓർഗാനിക് കെമിക്കലുകൾ, ലോഹധാതുക്കൾ, സമുദ്രോത്പന്നങ്ങൾ തുടങ്ങിയ മൂല്യവർധനവ് നടത്തിയിട്ടില്ലാത്ത ഉൽപ്പന്നങ്ങളാണ്. ആഗോളതലത്തിൽ ഇന്ത്യയ്ക്ക് മികച്ച വിപണിയുള്ള ഫാർമസ്യൂട്ടിക്കൽസ് പോലുള്ള വസ്തുക്കളുടെ ചൈനയിലേക്കുള്ള കയറ്റുമതി വർധിപ്പിക്കണമെന്ന ലക്ഷ്യം നേടാനായില്ല.
നമ്മൾ വെറും അസംസ്‌കൃത വസ്തുക്കൾ കുറഞ്ഞ വിലയ്ക്ക് വിദേശ രാജ്യത്തിന് കൊടുക്കുന്നു, അവർ അത് വെച്ച് ഉണ്ടാക്കുന്ന മൂല്യവര്‍ധന വരുത്തിയ ഉൽപ്പന്നങ്ങൾ തിരിച്ചു വാങ്ങുന്നു എന്നതാണ് സാഹചര്യം. മൂല്യവര്‍ധന നടത്തിയ ഉൽപന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുക എന്നത് വ്യാപാര കമ്മി നികത്താൻ ആവശ്യമാണ്.
മൊത്തം കയറ്റുമതിയിലും തിരിച്ചടി
രാജ്യത്തെ ഔദ്യോഗിക കണക്കുകൾ പ്രകാരം 2026 ജൂൺ മാസത്തിലെ ഇന്ത്യയുടെ ആകെ വ്യാപാര കമ്മി മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 430% വർധിച്ച് 15.3 ബില്യൺ ഡോളറായിട്ടുണ്ട്. ഇന്ത്യയിൽ നിന്നും ചരക്കുകളും സേവനങ്ങളും ഉൾപ്പെടെയുള്ള ആകെ കയറ്റുമതിയും - ആകെ ഇറക്കുമതിയും തമ്മിലുള്ള വ്യത്യാസമാണിത്.
അസംസ്‌കൃത എണ്ണ, ഇലക്ട്രോണിക്സ്, സ്വർണം എന്നിവയുടെ ഇറക്കുമതിയിലുണ്ടായ വർധനവാണ് ഈ വ്യാപാര കമ്മിക്ക് പ്രധാന കാരണം. ആഗോള ഭൗമരാഷ്ട്രീയത്തിലെ അനിശ്ചിതത്വം ഈ ഭീഷണി മറികടക്കുന്നതിൽ വലിയ വെല്ലുവിളി തീര്‍ക്കുന്നു. ഗുരുതരമായ ഈ സാഹചര്യം നേരിടുന്നതിൽ കേന്ദ്ര സര്‍ക്കാരിന്റെ നയപരവും നയതന്ത്രപരവുമായി പാളിച്ചകളും തിരിച്ചടി തീര്‍ക്കുന്നു.
ചൈനയുമായുള്ള വ്യാപാര കണക്കുകൾ ആദ്യത്തെ ആറ് മാസത്തെ (2026 ജനുവരി - ജൂൺ) മൊത്തത്തിലുള്ളതാണ്. ഈ കാലയളവിൽ ചൈനയുമായി മാത്രം ഇന്ത്യയ്ക്ക് 67.1 ബില്യൺ ഡോളറിന്റെ വ്യാപാര കമ്മിയുണ്ട്.










0 comments