ad
Deshabhimani

സംസാരിക്കാൻ പോലുമാകാതെ സോനം വാങ്ചുക്ക്; നിരാഹാരം 17ാം ദിവസം, കേന്ദ്രം ഇപ്പോഴും മൗനത്തിൽ

sonam wangchuk
വെബ് ഡെസ്ക്

Published on Jul 14, 2026, 04:33 PM | 2 min read

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുന്ന സാമൂഹ്യ-പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ ആശങ്ക തുടരുന്നു. സമരം ചൊവ്വാഴ്ച 17ാം ദിവസത്തിലെത്തി. സംസാരിക്കാൻ കഴിയാത്ത നിലയിൽ ക്ഷീണിതനായ വാങ്ചുക്ക് സമരവേദിയിൽ കിടക്കുകയാണ്.


നിരാഹാരം ആരംഭിച്ചതിനുശേഷം വാങ്ചുക്കിന്റെ ഭാരം 8.5 കിലോ കുറഞ്ഞെന്നും പേശികളുടെ ഭാരം കുറയുകയും കടുത്ത വേദന അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെന്നും സിജെപി അറിയിച്ചു. നിരാഹാരം അവസാനിപ്പിക്കാൻ അഭ്യർഥിച്ചവരോട്, സമരം നിർത്താൻ തന്നോടല്ല, ചർച്ചയ്ക്ക് തയ്യാറാകാത്ത സർക്കാരിനോടാണ് ആവശ്യപ്പെടേണ്ടതെന്ന് വാങ്ചുക്ക് പറഞ്ഞതായി സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ അറിയിച്ചു.


പരീക്ഷാ ചോദ്യപേപ്പർ ചോർച്ചകളുടെയും ക്രമക്കേടുകളുടെയും ഉത്തരവാദിത്വം ഏറ്റെടുത്ത് ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് സിജെപി ജന്തർ മന്തറിൽ സമരം നടത്തുന്നത്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് വാങ്ചുക്ക് നിരാഹാരം ആരംഭിച്ചത്. ജൂലൈ 20ന് പാർലമെന്റിലേക്ക് നടത്തുന്ന മാർച്ചിന്റെ ഒരുക്കങ്ങൾ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.


രാഷ്ട്രീയ-സിനിമാ രംഗത്തുനിന്ന് പിന്തുണയുമായി നിരവധിപേർ രം​ഗത്തുണ്ട്. എന്നാൽ ഉത്തരവാദിത്തമേറ്റെടുക്കേണ്ട കേന്ദ്രമന്ത്രിയും സർക്കാരും മൗനത്തിലാണ്. വേദിയിൽ ആദ്യമെത്തിയത് നടൻ പ്രകാശ് രാജ് ആയിരുന്നു. പ്രകാശ് രാജ് സമരവേദിയിലെത്തി വാങ്ചുക്കിനെ സന്ദർശിക്കുകയും ജൂലൈ 20ലെ പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.


കഴിഞ്ഞ ദിവസങ്ങളിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, പിബി അംഗങ്ങളായ ബൃന്ദ കാരാട്ട്, ജിതേന്ദ്ര ചൗധരി, കേന്ദ്ര കമ്മിറ്റിയംഗം ടി എം തോമസ് ഐസക് എന്നിവർ സമരവേദിയിലെത്തിയിരുന്നു. സിപിഐ എം നേതാക്കളായ നരേഷ് ജമാതിയ, കൃഷ്ണ രക്ഷിത്, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഹിമാഗ്നരാജ് ഭട്ടാചാര്യ, എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി, വൈസ് പ്രസിഡന്റ് സുഭാഷ് ജാഖഡ്, ഡൽഹി സംസ്ഥാന സെക്രട്ടറി ഐഷി ഘോഷ്, പ്രസിഡന്റ് സൂരജ് ഇളമൺ എന്നിവരും പിന്തുണ അറിയിച്ചു.


‘ത്രീ ഇഡിയറ്റ്സ്’ താരം ഓമി വൈദ്യ “ഫുൻസുഖ് വാങ്ഡു മരിക്കരുത്” എന്ന അഭ്യർഥനയുമായി രംഗത്തെത്തി. നടിമാരായ സീനത്ത് അമനും ശ്രേയ ധന്വന്തരിയും വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ ആശങ്ക അറിയിച്ചിട്ടുണ്ട്. സമാധാനപരമായ പ്രതിഷേധത്തോട് കേന്ദ്ര സർക്കാർ ചർച്ചയിലൂടെ പ്രതികരിക്കണമെന്ന് സീനത്ത് അമൻ ആവശ്യപ്പെട്ടു.


സമാജ്‌വാദി പാർടി അധ്യക്ഷൻ അഖിലേഷ് യാദവ് വാങ്ചുക്കിന്റെ ജീവൻ അമൂല്യമാണെന്ന് വ്യക്തമാക്കി. ആം ആദ്മി പാർടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ നിരാഹാരം അവസാനിപ്പിക്കണമെന്ന് അഭ്യർഥിക്കുകയും സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. വ്യാഴാഴ്ച ജന്തർ മന്തറിലെത്തുമെന്നും അദ്ദേഹം അറിയിച്ചു. മുൻ ഡൽഹി മുഖ്യമന്ത്രി അതിഷിയും നേരത്തെ സമരവേദിയിലെത്തി വാങ്ചുക്കിനെ സന്ദർശിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home