തമിഴ്‌നാട്ടിലെ ഗോവധം നിരോധനം; മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: തമിഴ്‌നാട്ടിൽ ഗോവധത്തിന് പൂർണ്ണ വിലക്കേർപ്പെടുത്തിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് തമിഴ്‌നാട് സർക്കാർ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചത്. സംസ്ഥാനത്ത് ബക്രീദ് തലേന്നോ മറ്റ് ദിവസങ്ങളിലോ പശുക്കളെയോ കന്നുകിടാങ്ങളെയോ അറുക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നായിരുന്നു കഴിഞ്ഞ മെയ് 27-ലെ മദ്രാസ് ഹൈക്കോടതി ഉത്തരവ്.
എന്നാൽ, ഹൈക്കോടതിയുടെ ഈ ഉത്തരവിലെ അവസാന ഭാഗം തിരുത്തപ്പെടേണ്ടതുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. 1958-ലെ തമിഴ്‌നാട് മൃഗസംരക്ഷണ നിയമത്തിന് തികച്ചും വിരുദ്ധമാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവെന്ന് തമിഴ്‌നാട് സർക്കാർ സുപ്രീംകോടതിയിൽ വാദിച്ചു.
നിലവിലെ സംസ്ഥാന നിയമപ്രകാരം പത്ത് വയസ്സിന് മുകളിലുള്ളതും, ജോലിക്കോ പ്രജനനത്തിനോ ഉപയോഗിക്കാൻ കഴിയാത്തതുമായ പശുക്കളെ ബന്ധപ്പെട്ട വെറ്ററിനറി ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രത്തോടെ അറുക്കാൻ അനുവാദമുണ്ടെന്ന് സർക്കാർ കോടതിയെ ധരിപ്പിച്ചു.
അംഗീകൃത അറവുശാലകളിൽ മാത്രമേ മൃഗങ്ങളെ അറുക്കാവൂ എന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു മക്കൾ കക്ഷി ജനറൽ സെക്രട്ടറി കെ സൂര്യ പ്രശാന്ത് നൽകിയ പൊതുതാൽപ്പര്യ ഹർജിയിലായിരുന്നു ഹൈക്കോടതി വിവാദ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ഈ ഉത്തരവാണ് ഇപ്പോൾ സുപ്രീംകോടതി സ്റ്റേ ചെയ്തത്.











0 comments