പാസ്‌പോർട്ട് പൗരത്വ രേഖയല്ലെന്ന കേന്ദ്രവാദം നാസി ജർമനിയെ ഓർമ്മിപ്പിക്കുന്നത്; രാജ്യം നവ ഫാസിസത്തിലേക്ക്: എം എ ബേബി

ന്യൂഡൽഹി: പാസ്‌പോർട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന കേന്ദ്ര സർക്കാരിന്റെ വാദം നാസി ജർമനിയിലെ ഹിറ്റ്‌ലറുടെ നടപടികൾക്ക് സമാനമാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം ഡൽഹിയിൽ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം അതിവേഗം നവ ഫാസിസത്തിലേക്കാണ് പോകുന്നതെന്നും ഒരു 'ഹിന്ദുരാഷ്ട്രം' സൃഷ്ടിക്കുകയാണ് സംഘപരിവാറിന്റെ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം പുതിയ വാദങ്ങളിലൂടെയും നിയമങ്ങളിലൂടെയും ന്യൂനപക്ഷങ്ങളെ ബോധപൂർവ്വം വേട്ടയാടുകയാണ്. ഗുജറാത്തിലും ബംഗാളിലും ബി ജെ പി സർക്കാരുകൾ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് അടിച്ചമർത്തൽ തുടരുകയാണ്.
അയോധ്യ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന അഴിമതികൾ സംഘപരിവാറിന്റെ യഥാർത്ഥ കള്ളത്തരങ്ങൾ തുറന്നുകാട്ടുന്നതാണ്. ഈ കൊള്ളയ്ക്ക് പിന്നിലുള്ള കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ യു ഡി എഫ് പ്രതിപക്ഷ സമീപനത്തെയും എം എ ബേബി രൂക്ഷമായി വിമർശിച്ചു. സംസ്ഥാനത്തെ യു ഡി എഫ് മൃദു ഹിന്ദുത്വ സമീപനമാണ് സ്വീകരിക്കുന്നത്.
സർവ്വകലാശാലകളിലും മറ്റ് സുപ്രധാന തസ്തികകളിലും ഗവർണർ വഴി സംഘപരിവാറുകാരെ തിരികിക്കയറ്റുമ്പോൾ അതിനെ ശക്തമായി എതിർക്കാൻ യു ഡി എഫ് തയ്യാറാകുന്നില്ല. കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചിട്ടും കേന്ദ്ര സർക്കാരിനെ നേരിട്ട് എതിർക്കാൻ അവർ മടിക്കുകയാണെന്നും എം എ ബേബി ഡൽഹിയിൽ പറഞ്ഞു.











0 comments