കേസ് ജയിക്കാന്‍ കോടതിക്കുള്ളില്‍ ആഭിചാരക്രിയ; ജഡ്ജിയുടെ കസേരയില്‍ കടുക് വിതറി, 65കാരി പിടിയിൽ

ബംഗളൂരു : വിധി അനുകൂലമായി വരാൻ കോടതി മുറിക്കുള്ളിൽ കയറി ജഡ്ജിയുടെ കസേരയിൽ ആഭിചാരക്രിയ നടത്തിയ 65കാരി പിടിയിൽ. കർണാടകയിലെ ചിക്കബല്ലാപുരയിലാണ് സംഭവം.
മഞ്ജുള എന്ന വൃദ്ധയയെയാണ് കോടതി ജീവനക്കാരുടെ പരാതിയെത്തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു സിവിൽ തർക്കക്കേസിന്റെ വിസ്താരത്തിനായി കോടതിയിലെത്തിയതായിരുന്നു വൃദ്ധ. കോടതി നടപടികൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ കോടതിമുറിക്കുള്ളിൽ കയറിയ വൃദ്ധ ആരുമില്ലെന്ന് മനസിലാക്കിയ ശേഷം ജഡ്ജി ഇരിക്കുന്ന കസേരയിലും അതിന് ചുറ്റും വെളുത്ത കടുക് വിതറുകയായിരുന്നു. രാവിലെ കോടതി ജീവനക്കാർ എത്തിയപ്പോൾ കസേരയ്ക്ക് ചുറ്റും കടുക് വിതറിയത് കണ്ട് സംശയം തോന്നി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം മനസിലായത്.
കേസിൽ തനിക്ക് അനുകൂലമായ വിധി ഉണ്ടാകുന്നതിന് വേണ്ടി മന്ത്രവാദി പറഞ്ഞതനുസരിച്ചാണ് ഇത്തരമൊരു പ്രവൃത്തിക്ക് മുതിർന്നതെന്ന് ചോദ്യം ചെയ്യലിൽ വൃദ്ധ സമ്മതിച്ചു. തുടർന്ന് കോടതിയിലെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചിക്ബല്ലാപൂർ പൊലീസ് പ്രതിക്കെതിരെ കേസെടുക്കുകയായിരുന്നു. അന്ധവിശ്വാസ നിരോധന നിയമപ്രകാരമാണ് കേസ്. വൃദ്ധയെ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് ജയിലിലേക്ക് മാറ്റി.











0 comments