രാഷ്ട്ര പദവി പലസ്തീന്റെ അവകാശം; ഔദാര്യമല്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ

ന്യൂയോർക്ക്: രാഷ്ട്ര പദവി ഔദാര്യമല്ലെന്നും പലസ്തീന്റെ അവകാശമാണെന്നും യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. ഫ്രാൻസ്, ഓസ്‌ട്രേലിയ, ബ്രിട്ടൻ, കാനഡ, പോർച്ചുഗൽ തുടങ്ങിയ കൂടുതല്‍ രാജ്യങ്ങൾ പലസ്‌തീനെ രാഷ്‌ട്രമായി അംഗീകരിച്ച് മുന്നോട്ട് വന്ന സാഹചര്യത്തിലാണ് ഗുട്ടറസിന്റെ പ്രസ്താവന. ഇസ്രയേലും പലസ്തീനും പരസ്പര സഹകരണത്തോടെ അയൽ രാജ്യങ്ങളായി കഴിയണെന്നും രണ്ട് രാജ്യമെന്ന പരിഹാരമില്ലാതെ മിഡിൽ ഈസ്റ്റിൽ സമാധാനം പുലരില്ലെന്നും അന്റോണിയോ ഗുട്ടറസ് പറഞ്ഞു.
നേരത്തെ പലസ്‌തീനെ രാഷ്‌ട്രമായി ബ്രിട്ടൻ അംഗീകരിച്ചതിനുപിന്നാലെ ലണ്ടനിലെ എംബസിക്ക് പുറത്ത് പലസ്തീൻ പതാക ഉയർത്തിയിരുന്നു. ഇസ്രയേലിന്റെ കടന്നാക്രമണങ്ങൾ അന്താരാഷ്‌ട്ര സമാധാനത്തിന് ഭീഷണിയായതായി സൗദി അറേബ്യ യുഎൻ പൊതുസഭയിൽ പറഞ്ഞു. ഹമാസ് ആയുധങ്ങൾ പലസ്‌തീൻ അതോറിറ്റിക്ക് കൈമാറണമെന്ന് പ്രസിഡന്റ് മഹമൂദ് അബ്ബാസ് പറഞ്ഞു. യുഎൻ പൊതുസമ്മേളനത്തിൽ നേരിട്ട് എത്താൻ യുഎസ് അനുമതി നിഷേധിച്ചതിനെ തുടർന്ന് ഓൺലൈനായാണ് അദ്ദേഹം സമ്മേളനത്തിൽ പങ്കെടുത്തത്. യുഎസും ഇസ്രയേലും പൊതുസഭയിൽനിന്ന് വിട്ടുനിന്നു.
പലസ്തീൻ എന്ന രാജ്യം ഒരിക്കലും ഉണ്ടാകില്ലെന്നാണ് ഇസ്രേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചത്. സ്വതന്ത്ര പലസ്തീൻ ഇനി സാധ്യമാകില്ലെന്നും വെസ്റ്റ്ബാങ്ക് കുടിയേറ്റം തുടരാനാണ് ഇസ്രയേലിന്റെ തീരുമാനമെന്നും നെതന്യാഹു പറഞ്ഞു. ജോർദാൻ നടിയുടെ പടിഞ്ഞാറ് ഇനി പലസ്തീൻ എന്നൊരു രാജ്യം ഉണ്ടാകില്ല. ഒരു ഭീകര രാഷ്ട്രം അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് രാജ്യങ്ങളുടെ ഭാഗത്ത് നിന്നും നടക്കുന്നത്. ഇതിന് മറുപടി തരുമെന്നും നെതന്യാഹു പറഞ്ഞു.








0 comments