റഷ്യയില്‍ എണ്ണ ടാങ്കറിന് നേരെയുള്ള ഉക്രയ്ൻ ഡ്രോൺ ആക്രമണം; 23 ഇന്ത്യക്കാരെയും രക്ഷപ്പെടുത്തി

മോസ്കോ : റഷ്യയുടെ തെക്കൻ തീരത്ത് എണ്ണ ടാങ്കറിന് നേരെയുണ്ടായ ഉക്രയ്ൻ ഡ്രോൺ ആക്രമണത്തിൽ അപകടത്തിൽപ്പെട്ട 23 ഇന്ത്യക്കാരെയും രക്ഷപ്പെടുത്തി. കപ്പലിലെ മുഴുവൻ ജീവനക്കാരും ഇന്ത്യക്കാരാണെന്നും എല്ലാവരും സുരക്ഷിതരാണെന്നും റഷ്യൻ ഗതാഗത മന്ത്രാലയം അറിയിച്ചു.
അഗ്നിരക്ഷാസേന ഉൾപ്പെടെയുള്ളവർ അടിയന്തിര രക്ഷാപ്രവർത്തനം നടത്തിയാണ് കപ്പലിലുള്ളവരെ പുറത്തെത്തിച്ചത്. തീയുടെ തീവ്രത വളരെ കൂടുതലായതിനാൽ തീയണയ്ക്കാൻ കഴിഞ്ഞില്ലെന്നും ഗതാഗത മന്ത്രാലയം അറിയിച്ചു.
കരിങ്കടലിൽ സോചി തീരത്താണ് ആക്രമണമുണ്ടായത്. ലൈബീരിയൻ പതാകയേന്തിയ എണ്ണ ടാങ്കറിന് നേരെ നാവിക ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. ഇതേതുടർന്ന് കപ്പലിൽ നിന്ന് തീജ്വാലകൾ ഉയരുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുകയും ചെയ്തു. തീരദേശത്തേക്കുള്ള പ്രവേശനവും നിയന്ത്രിച്ചിട്ടുണ്ട്. ഏകദേശം അഞ്ച് ലക്ഷം ജനസംഖ്യയുള്ള സോചി, റഷ്യയുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.








0 comments