മോസ്കോയിൽ ഉക്രെയ്ൻ ഡ്രോൺ ആക്രമണം; എണ്ണശുദ്ധീകരണശാലയിൽ വൻ തീപിടുത്തം

മോസ്കോയിൽ ഉക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണം |Photo:Screengrab Reuters
മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ എണ്ണ ശുദ്ധീകരണശാലയ്‌ക്ക് നേരെ വീണ്ടും ഉക്രയ്‌ൻ ആക്രമണം. യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യൻ തലസ്ഥാനമായ മോസ്‌കോയ്‌ക്ക് നേരെ ഉക്രെയ്ൻ നടത്തുന്ന ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണിത്. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് മോസ്കോയിൽ ആക്രമണമുണ്ടാകുന്നത്. ഉക്രെയ്ൻ അയച്ച 555 ഡ്രോണുകളിൽ നിരവധി എണ്ണം റിഫൈനറിയിൽ പതിച്ച് വൻ തീപിടുത്തമുണ്ടായതോടെ റഷ്യൻ തലസ്ഥാനത്തെ നാല് വിമാനത്താവളങ്ങളുടെ പ്രവർത്തനം തടസപ്പെട്ടു.
എണ്ണ ശുദ്ധീകരണശാലയിലെ ആക്രമണം മോസ്കോയിലെ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചു. നഗരത്തിലെ എല്ലാ വിമാനത്താവളങ്ങളിലും വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. മോസ്കോയിലെ ഏറ്റവും തിരക്കേറിയ ഷെറമെത്യേവോ വിമാനത്താവളത്തിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. എണ്ണശുദ്ധീകരണശാലയ്ക്ക് സമീപമുള്ള ഹൈവേയിലെ ഗതാഗതം തടസ്സപ്പെട്ടു. നഗരത്തിന്റെ പലഭാഗങ്ങളിലും സൈറണുകൾ മുഴങ്ങാത്തതിൽ നഗരവാസികൾ പ്രതിഷേധം അറിയിച്ചു.
ഉക്രെയ്ൻ നടത്തുന്ന ഇത്തരം ആക്രമണങ്ങൾ റഷ്യൻ ജനതയ്ക്കുള്ള ശക്തമായ സന്ദേശമാണെന്ന് ഉക്രെയ്ൻ വിദേശകാര്യമന്ത്രി ആൻഡ്രി സിബിഹ പറഞ്ഞു. "എന്താണ് സംഭവിക്കുന്നതെന്ന് ചോദിക്കുന്ന മോസ്കോ നിവാസികളോട് ഒന്നേ പറയാനുള്ളൂ നിങ്ങളുടെ രാജ്യം ഞങ്ങളുടെ രാജ്യത്തിനെതിരെ അധിനിവേശ യുദ്ധം ആരംഭിച്ചു. യുദ്ധം അവസാനിപ്പിക്കാൻ എപ്പോൾ തയ്യാറാകുമെന്ന് പുടിനോട് ചോദിക്കൂ"- അദ്ദേഹം എക്സിൽ കുറിച്ചു. അതേസമയം, ഉക്രെയ്ന്റെ അവകാശവാദങ്ങൾ റഷ്യ തള്ളി.
ആക്രമണങ്ങൾ റഷ്യയുടെ ഇന്ധന വിതരണത്തെയും ബാധിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പെട്രോൾ ക്ഷാമം രൂക്ഷമായി. ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഉൽപ്പാദകരായ റഷ്യയ്ക്ക് ഈ മാസം കടൽമാർഗ്ഗം ഇന്ധനം ഇറക്കുമതി ചെയ്യേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ധനങ്ങൾക്ക് ഒരാഴ്ചയ്ക്കുള്ളിൽ 19 ശതമാനം വില വർധിച്ചതിനെക്കുറിച്ച് റഷ്യൻ ഫെഡറൽ വാച്ച്‌ഡോഗ് അന്വേഷണം ആരംഭിച്ചു.









0 comments