ഉക്രെയിൻ വഴങ്ങുമോ, ജനീവയിൽ ചർച്ച അവസാന ഘട്ടത്തിൽ

ജനീവ: യുദ്ധ വിരാമത്തിനായുള്ള കരാറിൽ ഭിന്നിച്ച് നിന്ന ഉക്രെയിൻ ചർച്ചയ്ക്ക് സന്നദ്ധമായി. യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പദ്ധതിക്കുമേൽ ഉക്രെനിയൻ പ്രതിനിധികൾ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി. ജനീവയിലായിരുന്നു ചർച്ച.
സമാധാന പദ്ധതി മുന്നോട്ട് വെച്ച ശേഷമുള്ള ആദ്യ ചർച്ചാ സെഷനാണ്. ഏറ്റവും ഫലപ്രദവും അർത്ഥവത്തായതുമായ കൂടിക്കാഴ്ച എന്നാണ് റൂബിയോ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. ഞായറാഴ്ച രാത്രിയിൽ രണ്ടാമതും കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട് ഉണ്ട്. ആർമി സെക്രട്ടറി ഡാൻ ഡ്രിസ്കോളും ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും ചർച്ചയിൽ പങ്കുചേർന്നു.
ഉക്രേനിയൻ പ്രതിനിധി സംഘത്തിന്റെ തലവനായ ചീഫ് ഓഫ് സ്റ്റാഫ് ആൻഡ്രി യെർമാക്ക് പ്രാരംഭ ചർച്ചകൾ അവസാനിച്ചതായും രണ്ടാമത്തെ കൂടിക്കാഴ്ച ഉടൻ നടക്കുമെന്നും സ്ഥിരീകരിച്ചു.
" ഞങ്ങൾ വളരെ നല്ല പുരോഗതി കൈവരിച്ചു, നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിലേക്ക് നീങ്ങുകയാണ്," അദ്ദേഹം പറഞ്ഞു.
സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്ക് പുറമെ വൈറ്റ് ഹൗസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, ആർമി സെക്രട്ടറി ഡാൻ ഡ്രിസ്കോൾ, ട്രംപിന്റെ മരുമകനും ഉപദേശകനുമായ ജാരെഡ് കുഷ്നർ എന്നിവർ ചർച്ചയുടെ ഭാഗമായി.
കൂടിക്കാഴ്ചയ്ക്ക് മുമ്പ് പ്രസിഡന്റ് ട്രപ് തന്റെ പോസ്റ്റിൽ, സൈനിക സഹായത്തിന് നന്ദിയില്ലായ്മ കാണിച്ചു എന്ന് ഉക്രെയ്‌നിനെ കുറ്റപ്പെടുത്തി പ്രതികരിച്ചിരുന്നു. അതേസമയം റഷ്യയെ വിമർശിക്കുന്നതിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്തു.
ട്രംപിന്റെ പോസ്റ്റിന് ശേഷം, സുരക്ഷയ്‌ക്കായി യുഎസ് നയിക്കുന്ന ശ്രമങ്ങൾക്ക് താൻ "നന്ദിയുള്ളവനാണെന്ന്" ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പ്രതികരിച്ചു. എന്നാൽ "ഈ യുദ്ധം ആരംഭിച്ചത് റഷ്യ മാത്രമാണെന്നതാണ് മുഴുവൻ നയതന്ത്ര സാഹചര്യത്തിന്റെയും കാതൽ" എന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു.








0 comments