പേർഷ്യൻ ഗൾഫിലെ കപ്പൽ ഭീതി; രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ യുകെയിൽ പ്രത്യേക കേന്ദ്രം

പ്രതീകാത്മക എഐ ചിത്രം
ലണ്ടൻ : പേർഷ്യൻ ഗൾഫിലും ചെങ്കടലിലും ചരക്കുകപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായാൽ ലണ്ടനിലേക്കോ ദുബായിലേക്കോ അല്ല, മറിച്ച് യുകെയിലെ ഒരു ചെറിയ തീരദേശ നഗരത്തിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേക്കാണ് ആദ്യ അടിയന്തര സന്ദേശമെത്തുന്നത്. ബ്രിട്ടീഷ് റോയൽ നേവിയുടെ കീഴിൽ പ്രവർത്തിക്കുന്ന യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് എന്ന ഈ കൊച്ചു കൺട്രോൾ റൂമാണ് പശ്ചിമേഷ്യൻ കടൽപ്പാതകളിലെ കപ്പലുകളുടെ പ്രധാന രക്ഷകൻ. അന്താരാഷ്ട്ര പ്രാധാന്യമുള്ള വലിയ അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഈ കേന്ദ്രത്തിൽ 18 ജാവനക്കാരാണുള്ളത്.
ചെങ്കടൽ, പേർഷ്യൻ ഗൾഫ്, വടക്കൻ ഇന്ത്യൻ മഹാസമുദ്രം എന്നീ മേഖലകളിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണ ഭീഷണിയുണ്ടാകുമ്പോൾ ക്യാപ്റ്റൻമാർ ആദ്യം ബന്ധപ്പെടുന്നത് ഈ കേന്ദ്രത്തെയാണ്. കപ്പലുകൾ നേരിട്ട് ആക്രമിക്കപ്പെടുമ്പോൾ പശ്ചാത്തലത്തിൽ സൈറണുകളും അലാറങ്ങളും ചിലപ്പോൾ വെടിയൊച്ചകൾ വരെ കേൾക്കാറുണ്ടെന്ന് യുകെഎംടിഒ മേധാവി കമാൻഡർ ജോ ബ്ലാക്ക് വ്യക്തമാക്കുന്നു. ദിവസേന 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിൽ 12 മണിക്കൂർ വീതമുള്ള ഷിഫ്റ്റുകളായാണ് ജീവനക്കാർ ജോലി ചെയ്യുന്നത്.
ഒരു സമയം ഒരു അനലിസ്റ്റും മൂന്ന് വാച്ച് കീപ്പർമാരും (കൺട്രോൾ റൂം ജീവനക്കാർ) മാത്രമാണ് ഡ്യൂട്ടിയിലുണ്ടാകുക. കപ്പലുകളിൽ നിന്ന് അപായ സന്ദേശം ലഭിച്ചാൽ ഉടൻ തന്നെ വാച്ച് കീപ്പർമാർ കപ്പലിലുള്ളവരുമായി നിരന്തരം ബന്ധപ്പെടുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. അതോടൊപ്പം തൊട്ടടുത്തുള്ള മറ്റ് കപ്പലുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്യും. കപ്പലിന്റെ ഉടമസ്ഥർ, പ്രാദേശിക കോസ്റ്റ് ഗാർഡ്, മേഖലയിൽ പട്രോളിംഗ് നടത്തുന്ന നാവികസേനകൾ എന്നിവരിലേക്ക് ഈ വിവരങ്ങൾ അതിവേഗം കൈമാറുന്നത് ഇവരാണ്.
തങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ കൃത്യമായി പരിശോധിച്ച ശേഷം അന്താരാഷ്ട്ര സമൂഹത്തിന് കൈമാറാൻ മാത്രമേ സാധിക്കൂ എന്നും കപ്പലുകൾക്ക് ഉടനടി സുരക്ഷ ഉറപ്പാക്കാൻ തങ്ങൾക്ക് കഴിയില്ലെന്നും ജോ ബ്ലാക്ക് പറഞ്ഞു. എന്നാൽ ലഭിക്കുന്ന സന്ദേശങ്ങൾക്ക് എത്രയും വേഗം സഹായം ലഭ്യമാക്കാനുള്ള നടപടികൾ ഈ കേന്ദ്രം സ്വീകരിക്കും.
അമേരിക്കൻ-ഇസ്രായേൽ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ ഇറാൻ സ്ട്രിറ്റ് ഓഫ് ഹോർമുസ് (ഹോർമുസ് കടലിടുക്ക്) അടച്ചതോടെ ഈ മേഖലയിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ വൻതോതിൽ വർധിച്ചിട്ടുണ്ട്. ഫെബ്രുവരി 28ന് സംഘർഷം ആരംഭിച്ചതുമുതൽ ഇതുവരെ 44 അടിയന്തര സംഭവങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. മേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് നേരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങളും അതിവേഗ ബോട്ടുകൾ ഉപയോഗിച്ചുള്ള തടസ്സപ്പെടുത്തലുകളും നിരന്തരം ഉണ്ടാകുന്നുണ്ടെന്ന് യുകെഎംടിഒ വൃത്തങ്ങൾ വ്യക്തമാക്കുന്നു.










0 comments