ad
Deshabhimani

ഹോർമുസിൽ സുരക്ഷയൊരുക്കാൻ ബ്രിട്ടൻ; യുദ്ധക്കപ്പൽ വിന്യസിക്കാൻ നീക്കം

HMS dragon

ബ്രിട്ടന്റെ അത്യാധുനിക യുദ്ധക്കപ്പലായ എച്ച്എംഎസ് ഡ്രാഗൺ | Facebook/ The News Portsmouth

വെബ് ഡെസ്ക്

Published on May 10, 2026, 12:01 PM | 1 min read

ലണ്ടൻ : ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള ബഹുരാഷ്ട്ര ദൗത്യത്തിന്റെ ഭാഗമായി ബ്രിട്ടന്റെ അത്യാധുനിക യുദ്ധക്കപ്പലായ ‘എച്ച്എംഎസ് ഡ്രാഗൺ’ (HMS Dragon) പശ്ചിമേഷ്യയിലേക്ക്. ശനിയാഴ്ചയാണ് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഫ്രാൻസുമായി ചേർന്ന് നടത്തുന്ന സംയുക്ത പ്രതിരോധ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം.


വ്യോമ പ്രതിരോധ വിഭാഗത്തിലുള്ള ഈ ഡിസ്ട്രോയർ കപ്പൽ നിലവിൽ സൈപ്രസിനെ പ്രതിരോധിക്കുന്നതിനായി കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലാണുള്ളത്. അവിടെ നിന്നാണ് കപ്പലിനെ ഇപ്പോൾ പശ്ചിമേഷ്യയിലേക്ക് പുനർവിന്യസിക്കുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള പത്ത് ആഴ്ച നീണ്ട യുദ്ധം സമാധാന ചർച്ചകളിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിൽ മേഖല ശാന്തമായാൽ വ്യാപാര കപ്പലുകൾക്ക് സുരക്ഷിത പാതയൊരുക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.


ബ്രിട്ടനും ഫ്രാൻസും സംയുക്തമായി നേതൃത്വം നൽകുന്ന ഈ സുരക്ഷാ സഖ്യത്തോട് സഹകരിക്കാൻ ഇതിനകം പന്ത്രണ്ടോളം രാജ്യങ്ങൾ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഫ്രാൻസ്  കരിയർ സ്ട്രൈക്ക് ഗ്രൂപ്പിനെ നേരത്തെ തന്നെ തെക്കൻ ചെങ്കടലിലേക്ക് വിന്യസിച്ചിരുന്നു. സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടിയാണിതെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു.


അന്താരാഷ്ട്ര തലത്തിൽ സമാധാന നീക്കങ്ങൾ സജീവമാണെങ്കിലും സമുദ്ര സുരക്ഷാ പദ്ധതികൾ നടപ്പിലാക്കുന്നതിൽ ഇറാന്റെ ഏകോപനം അനിവാര്യമാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് ബ്രിട്ടീഷ് നാവികസേനയുടെ ശേഷി കുറഞ്ഞത് ഇത്തരം വലിയ ദൗത്യങ്ങളിൽ സജീവമായി പങ്കെടുക്കുന്നതിന് വെല്ലുവിളിയാകുന്നുണ്ട്. പുതിയ കപ്പലുകൾ നാവികസേനയുടെ ഭാഗമാകുന്നതിന് മുൻപ് തന്നെ പഴയവ വിരമിക്കേണ്ടി വന്നതാണ് ബ്രിട്ടനെ പ്രതിസന്ധിയിലാക്കിയത്. 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home