ad
Deshabhimani

ഇന്ത്യക്കാരന്റെ കുത്തേറ്റു വീണ പതിനെട്ടുകാരനെ വിലങ്ങുവെച്ച് മരണത്തിന് വിട്ടുകൊടുത്തു; ബ്രിട്ടനിൽ വൻ ജനരോഷം

henry nowak

മരിച്ച ഹെൻറി നൊവാക്, പ്രതി വിക്രം ദിഗ്വ

വെബ് ഡെസ്ക്

Published on Jun 03, 2026, 03:05 PM | 2 min read

ലണ്ടൻ: കുത്തേറ്റു ചോരയൊലിപ്പിച്ചു കിടന്ന പതിനെട്ടുകാരനെ രക്ഷിക്കുന്നതിന് പകരം, പൊലീസ് കൈവിലങ്ങ് അണിയിച്ചതിനെ തുടർന്ന് വിദ്യാർഥി മരിച്ച സംഭവം വിവാദത്തില്‍. ബ്രിട്ടനിലെ സതാംപ്ടണിൽ കഴിഞ്ഞ ഡിസംബറിലാണ് ഹെൻറി നൊവാക് എന്ന കൗമാരക്കാരൻ കൊല്ലപ്പെട്ടത്. കേസിൽ പ്രതിയായ ഇന്ത്യൻ വംശജൻ വിക്രം ദിഗ്വയ്ക്ക് (23) കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിന് പിന്നാലെ, പൊലീസ് ബോഡിക്യാമിൽ തന്നെയുള്ള, സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് യുകെയിൽ പ്രതിഷേധം ആളിക്കത്തിയത്.


ഡിസംബറിൽ സുഹൃത്തുക്കളോടൊപ്പം പുറത്തുപോയ ഹെൻറിയെ വിക്രം ദിഗ്വ കത്തികൊണ്ട് മാരകമായി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് സംഭവസ്ഥലത്തേക്ക് പൊലീസ് എത്തിയപ്പോൾ, താൻ വംശീയ ആക്രമണത്തിന് ഇരയായതാണെന്ന് വിക്രം ദിഗ്വ കള്ളം പറഞ്ഞു. ഹെൻറി തന്റെ തലപ്പാവ് തട്ടിമാറ്റിയെന്നും വംശീയമായി അധിക്ഷേപിച്ചെന്നുമാണ് ഇയാൾ ആരോപിച്ചത്. ഇതുകേട്ട പൊലീസ് ഉദ്യോഗസ്ഥർ വിക്രമിന്റെ വാക്ക് വിശ്വസിക്കുകയും യഥാർത്ഥ ഇരയായ ഹെൻറിയെ പ്രതിയായി കാണുകയുമായിരുന്നു.


കുത്തേറ്റ് ചോര വാർന്നൊഴുകി, 'എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല', 'എനിക്ക് കുത്തേറ്റു' എന്ന് ഹെൻറി നിലവിളിച്ചിട്ടും പൊലീസ് അത് ഗൗനിച്ചില്ല. "നിനക്ക് കുത്തേറ്റതായി ഞങ്ങൾക്ക് തോന്നുന്നില്ല, സുഹൃത്തേ" എന്ന് പരിഹസിച്ച പൊലീസ്, ചോരയിൽ കുളിച്ചുകിടന്ന ഹെൻറിയെ അറസ്റ്റ് ചെയ്ത് കൈവിലങ്ങ് അണിയിക്കുകയാണ് ചെയ്തത്. പിന്നീട് ഹെൻറി ബോധരഹിതനായി വീണപ്പോഴാണ് ശരീരത്തിലെ മുറിവുകൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വിലങ്ങഴിച്ചു മാറ്റി കൃത്രിമ ശ്വാസം (സിപിആർ) നൽകിയെങ്കിലും ഹെൻറിയുടെ ജീവൻ രക്ഷിക്കാനായില്ല.


കോടതിയിൽ വിക്രം ദിഗ്വ ഉന്നയിച്ച വംശീയ ആരോപണങ്ങൾ വ്യാജമാണെന്ന് ജഡ്ജി വില്യം മൗസ്ലി കണ്ടെത്തി. ഹെൻറി വംശീയമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ കോടതി, വിക്രം ദിഗ്വയ്ക്ക് 21 വർഷം കുറഞ്ഞത് തടവുശിക്ഷയോടെയുള്ള ജീവപര്യന്തം തടവ് വിധിച്ചു. കൊലപാതകത്തിന് ശേഷം ആയുധം ഒളിപ്പിക്കാൻ സഹായിച്ച വിക്രമിന്റെ അമ്മ കിരൺ കൗറും (53) കേസിൽ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഇവർക്കുള്ള ശിക്ഷ ജൂലൈ 17-ന് പ്രഖ്യാപിക്കും.



ബ്രിട്ടൻ തെരുവുകളിൽ വൻ പ്രതിഷേധം


പൊലീസ് പുറത്തുവിട്ട ബോഡിക്യാം ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സതാംപ്ടൺ പൊലീസ് സ്റ്റേഷന് മുന്നിൽ നൂറുക്കണക്കിന് ആളുകൾ തടിച്ചുകൂടി വലിയ രീതിയില്‍ പ്രതിഷേധം ആരംഭിച്ചു. പലയിടത്തും പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടി. സംഭവത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാമെർ കടുത്ത അസ്വസ്ഥത രേഖപ്പെടുത്തുകയും, വംശീയ ആരോപണങ്ങൾ പൊലീസിന്റെ തീരുമാനങ്ങളെ സ്വാധീനിച്ചിട്ടുണ്ടോ എന്ന് അടിയന്തരമായി അന്വേഷിക്കാൻ ഉത്തരവിടുകയും ചെയ്തു.


അതേസമയം, മകന്റെ മരണം രാജ്യത്ത് കൂടുതൽ വിദ്വേഷവും പിരിമുറുക്കവും ഉണ്ടാക്കാൻ ആരും ഉപയോഗിക്കരുതെന്നും തെരുവുകൾ സുരക്ഷിതമാക്കാനാണ് ഇതിലൂടെ ശ്രമിക്കേണ്ടതെന്നും ഹെൻറിയുടെ പിതാവ് മാർക്ക് നൊവാക് അഭ്യർത്ഥിച്ചു. വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ നിലവിൽ ഉന്നതതല അന്വേഷണം പുരോഗമിക്കുകയാണ്.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home