ഉഗാണ്ടയിൽ എബോള വൈറസ് സ്ഥിരീകരിച്ചു; ഒരു മരണം

photo credit: X
കമ്പാല: ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിൽ എബോള വൈറസ് സ്ഥിരീകരിച്ചു. വൈറസ് സ്ഥിരീകരിച്ച ആദ്യത്തെ രോഗി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മുലാഗോ റഫറൽ ആശുപത്രിയിലെ നഴ്‌സായിരുന്നു രോഗി. പനിയെത്തുടർന്ന് റഫറൽ ഉൾപ്പെടെയുള്ള വിവിധ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
തലവേദന, രക്തം ഛർദ്ദി, പേശി വേദന, രക്തസ്രാവം എന്നിവയാണ് ലക്ഷണങ്ങൾ. 2022-ലാണ് ഉഗാണ്ടയിൽ അവസാനമായി എബോള പടർന്നു പിടിച്ചത്. 143 പേർക്ക് അന്ന് രോഗം സ്ഥിരീകരിച്ചിരുന്നു. അതിൽ 55 പേർ മരിച്ചു. മരിച്ചവരിൽ ആറ് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.
എബോള വൈറസ്
1976 ൽ സുഡാനിലും കോംഗോയിലുമാണ് എബോള രോഗബാധ ആദ്യമായി കാണപ്പെട്ടത്. കോംഗോയിൽ എബോള എന്ന നദിയുടെ തീരത്തുള്ള ഒരു ഗ്രാമത്തിലായതിനാൽ എബോള ഡിസീസ് എന്ന് വിളിക്കപ്പെട്ടു. എബോള വൈറസ് ശരീരത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞാൽ രണ്ടു ദിവസം മുതൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. പനി, തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകർന്ന ഒരു രോഗമാണ് ഇത്.
എബോളാവൈറസ് ജീനസിൽ പെടുന്ന 5 വൈറസ്സുകളിൽ 4 എണ്ണമാണ് മനുഷ്യരിൽ എബോളാ രോഗത്തിന് കാരണമാകുന്നത്. ബുണ്ടിബുഗ്യോ (ബിഡിബിവി), എബോള വൈറസ്(ഇബിഒബി), സുഡാൻ വൈറസ്(എസ്‌യുഡിവി), തായ് ഫോറസ്റ്റ് വൈറസ്(ടിഎഎഫ്‌വി) എന്നീ വൈറസുകൾ രോഗത്തിന് ഹേതുവാകുന്നു. ടിഎഎഫ്‌വി മനുഷ്യരിൽ രോഗമുണ്ടാക്കുന്നതായി കരുതുന്നില്ല.
പകരുന്ന വിധം
രോഗബാധിത ജീവിയുടെ ശരീരദ്രവങ്ങളിലൂടെയാണ് എബോള പ്രധാനമായും പടരുന്നത്. എബോളബാധിച്ച മനുഷ്യന്റെ രക്തം നേരിട്ട് സ്പർശിക്കുന്നതിലൂടെയും മനുഷ്യരിൽ ഈ രോഗം പടരുന്നു.
എബോള വൈറസ് മനുഷ്യനിലെത്തുന്നത് മൃഗങ്ങളിലൂടെയാണ്. രോഗം ബാധിച്ച ചിമ്പാൻസി, കുരങ്ങ്, ഗറില്ല, പന്നി, വവ്വാൽ എന്നിവയുടെ ശരീരത്തിലെ എല്ലാത്തരം സ്രവങ്ങളിലും എബോള വൈറസ് ഉണ്ടാകാം. ഇവയുടെ രക്തം, മൂത്രം, കാഷ്ഠം എന്നിവയുടെ സ്പർശനത്തിലൂടെയും രോഗാണുക്കൾ പകരാം. ശരീരത്തിലെ മുറിവുകൾ, വായ്, ത്വക്ക് എന്നിവയിലൂടെ വൈറസിന് മനുഷ്യശരീരത്തിലെത്താനാകും.
ചികിത്സ
ഈ അസുഖത്തിന് നിലവിൽ ചികിത്സകൾ ഒന്നും ഇല്ല. രോഗം പടരാതെ നോക്കുകയാണ് വേണ്ടത്. ശരീരത്തിലെ ധാതുലവണങ്ങൾ നഷ്ടപ്പെടാതിരിക്കാനും നിർജ്ജലീകരണം ഒഴിവാക്കാനായി ഓറൽ റീഹൈഡ്രേഷൻ ചികിത്സ നല്കാവുന്നതാണ്. രക്തസ്രാവം ഒഴിവാക്കാനുള്ള മരുന്നുകളും ലഭ്യമാണ്. തുടക്കത്തിലേ ചികിത്സ തേടിയാൽ രക്ഷപ്പെടാനുള്ള സാധ്യത വർദ്ധിക്കാം.










0 comments