യമനില്‍നിന്ന് യുഎഇ സൈന്യം പിന്മാറുന്നു; മുകല്ല തുറമുഖത്തെ ആക്രമണ ദൃശ്യങ്ങള്‍ സൗദി പുറത്തുവിട്ടു

അനസ് യാസിന്‍
Published on Jan 01, 2026, 07:36 AM | 1 min read
ദുബായ്: സൗദി അറേബ്യയുമായുള്ള നയതന്ത്ര ഭിന്നതകള്‍ക്കിടെ, യമനില്‍നിന്ന് ശേഷിക്കുന്ന സൈനികരെ പിന്‍വലിക്കുമെന്ന് യുഎഇ പ്രഖ്യാപിച്ചു. ദക്ഷിണ യമനിലെ മുകല്ല തുറമുഖത്ത് ചൊവ്വ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെയാണ് തീരുമാനം. യുഎഇ സൈന്യം 24 മണിക്കൂറിനകം രാജ്യം വിടണമെന്ന യമന്‍ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ ചെയര്‍മാന്‍ റാഷാദ് അല്‍ അലിമിയുടെ അന്ത്യശാസനത്തെ സൗദി പിന്തുണച്ചതും തീരുമാനത്തിന് കാരണമായി. യുഎഇ പ്രതിരോധ മന്ത്രാലയം സൈനിക പിന്‍മാറ്റം സ്ഥിരീകരിച്ചു.
ഏദന്‍ ആസ്ഥാനമായ സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലിനായി (എസ്ടിസി) യുഎഇയില്‍ നിന്ന് എത്തിയ ആയുധങ്ങളാണെന്ന് ആരോപിച്ചാണ് കപ്പലുകള്‍ക്ക് നേരെ സൗദി ആക്രമണം നടത്തിയത്. എന്നാല്‍ തങ്ങളുടെ സൈന്യത്തിന് ആവശ്യമായ വാഹനങ്ങള്‍ മാത്രമായിരുന്നു കപ്പലിലെന്നും ഇതില്‍ ആയുധങ്ങള്‍ ഇല്ലായിരുന്നുവെന്നും യുഎഇ വിദേശ മന്ത്രാലയം വ്യക്തമാക്കി. സൗദിയുടെ നടപടിയില്‍ യുഎഇ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. സൈനിക സാന്നിധ്യം യമനില്‍ അവസാനിപ്പിക്കുകയാണെന്ന് അറിച്ചു.
അതേസമയം, മുകല്ല ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ സൗദി പുറത്തുവിട്ടു. മുകല്ല തുറമുഖത്ത് പ്രവേശിച്ചപ്പോള്‍, രണ്ട് കപ്പലുകളിലും 80 ലധികം വാഹനങ്ങളും ആയുധങ്ങളും വെടിക്കോപ്പുകളും അടങ്ങിയ കണ്ടെയ്‌നറുകളുണ്ടെന്ന് വ്യക്തമായതായി സൗദി സഖ്യസേന അറിയിച്ചു. സൗദിയെ അറിയിക്കാതെ ഈ ആയുധങ്ങള്‍ അല്‍ റയ്യാന്‍ സൈനിക താവളത്തിലേക്ക് മാറ്റുന്നതിനിടെയാണ് വ്യോമാക്രമണം നടത്തിയതെന്നാണ് സൗദി നിലപാട്.
യമനിലെ കിഴക്കന്‍ പ്രവിശ്യകളായ ഹളര്‍മൗത്തും അല്‍ മഹ്‌റയും ഈ മാസം ആദ്യം എസ് ടി സി പിടിച്ചെടുത്തത് മേഖലയില്‍ സംഘര്‍ഷം വര്‍ധിപ്പിച്ചിരുന്നു. സൗദി അതിര്‍ത്തിയോട് ചേര്‍ന്നുള്ള കിഴക്കന്‍ പ്രവിശ്യകളില്‍ വിഘടനവാദികള്‍ക്ക് യുഎഇ നല്‍കുന്ന പിന്തുണ തങ്ങളുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇത് ലംഘിക്കപ്പെടാന്‍ പാടില്ലാത്ത റെഡ് ലൈന്‍ ആണെന്നും സൗദി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.









0 comments