print edition ഒപെക്കിൽനിന്ന് യുഎഇയുടെ പിന്മാറ്റം: ആഗോള എണ്ണവിപണി ആശങ്കയിൽ

ദുബായ്: ദേശീയ താൽപ്പര്യങ്ങൾ മുൻനിർത്തി ഒപെക്, ഒപെക് പ്ലസ് സഖ്യങ്ങളിൽനിന്ന് പിന്മാറാനുള്ള യുഎഇയുടെ അപ്രതീക്ഷിത പ്രഖ്യാപനം ആഗോള എണ്ണവിപണിയിൽ വൻ പ്രത്യാഘാതമുണ്ടാക്കും. അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വലിയ അസ്ഥിരതയാണ് പ്രകടമാകുന്നത്. ഇറാനെതിരെയുള്ള യുദ്ധം മൂലം ആഗോള ഊർജ മേഖല നേരിടുന്ന പ്രതിസന്ധികൾക്കിടയിൽ യുഎഇയുടെ ഈ നീക്കം ലോക സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ആശങ്കയിലാഴ്‌ത്തി. പ്രതിദിനം 4.8 ദശലക്ഷം ബാരൽ എണ്ണ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള യുഎഇയുടെ പിന്മാറ്റം, വിപണിയിലെ വില നിയന്ത്രിക്കാനുള്ള ഒപെക്കിന്റെ കഴിവിനെ സാരമായി ബാധിക്കും.
യുഎഇയുടെ തീരുമാനത്തോട് അതീവ ജാഗ്രതയോടെയാണ് സൗദി അറേബ്യ പ്രതികരിച്ചത്. യുഎഇയുടെ പിന്മാറ്റം സഖ്യത്തിന്റെ ഐക്യത്തെ ബാധിക്കില്ലെന്ന് സൗദി വ്യക്തമാക്കുന്നുണ്ടെങ്കിലും ഉൽപ്പാദന ക്വാട്ടയുമായി ബന്ധപ്പെട്ട് സൗദി വലിയ വെല്ലുവിളിയാണ് നേരിടാൻ പോകുന്നത്. വിപണിയിലെ വില കുറയാതിരിക്കാൻ ഉൽപ്പാദനം കുറച്ചുനിർത്തുന്ന സൗദിയുടെ നയങ്ങളെ മറികടന്ന് യുഎഇ കൂടുതൽ എണ്ണ വിപണിയിലെത്തിക്കുന്നത് സൗദിയുടെ താൽപ്പര്യങ്ങൾക്ക് തിരിച്ചടിയാകും.
ഇറാൻ– യുഎസ്, -ഇസ്രയേൽ യുദ്ധം മൂലം ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ, യുഎഇയുടെ നടപടി ആഗോള വിതരണ ശൃംഖലയെ കൂടുതൽ സങ്കീർണ്ണമാക്കും. എണ്ണ ഉൽപ്പാദക രാജ്യങ്ങൾക്കിടയിലെ ഭിന്നത വിപണിയിൽ എണ്ണവില കുത്തനെ ഉയരുന്നതിനോ അല്ലെങ്കിൽ വലിയ തോതിലുള്ള അനിശ്ചിതത്വത്തിനോ കാരണമായേക്കുമെന്ന് നിരീക്ഷകർ മുന്നറിയിപ്പ് നൽകി.
ഒപെക് പ്ലസിൽ ഉറച്ചുനിൽക്കുമെന്ന് റഷ്യ
പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസിൽ ഉറച്ചുനിൽക്കുമെന്ന് റഷ്യ വ്യക്തമാക്കി. ആഗോള വിപണിയിലെ നിലവിലെ അസ്ഥിരമായ സാഹചര്യത്തിൽ ഒപെക് വളരെ പ്രധാനപ്പെട്ട സംഘടനയാണെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. യുഎഇയുടെ പിന്മാറ്റം സംഘടനയുടെ തകർച്ചയ്ക്ക് കാരണമാകില്ല. ഈ കൂട്ടായ്മ തുടർന്നും പ്രവർത്തിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.











0 comments