ad
Deshabhimani

ഹോർമുസിന് ബദൽ പാതയൊരുക്കാൻ യുഎഇ; പുതിയ തുറമുഖ പദ്ധതിയുമായി ഡിപി വേൾഡ്

Fujairah

ഫുജൈറ തുറമുഖം | REUTERS/Satish Kumar

വെബ് ഡെസ്ക്

Published on Jul 14, 2026, 09:38 AM | 3 min read

ദുബായ് : പശ്ചിമേഷ്യയിൽ അമേരിക്കൻ - ഇസ്രയേൽ സാമ്രാജ്യത്വ സഖ്യം അഴിച്ചുവിട്ട കടന്നാക്രമണങ്ങളെത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ സുരക്ഷാ ആശങ്കകൾ വർധിച്ച സാഹചര്യത്തിൽ പുതിയ തുറമുഖ പദ്ധതിയുമായി യുഎഇ. കിഴക്കൻ തീരത്ത് പുതിയ തുറമുഖവും കണ്ടെയ്നർ ടെർമിനലും വികസിപ്പിക്കാൻ ദുബായ് സർക്കാർ ഉടമസ്ഥതയിലുള്ള തുറമുഖ, ലോജിസ്റ്റിക്സ് കമ്പനിയായ ഡിപി വേൾഡ് പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്.


സാമ്രാജ്യത്വ അധിനിവേശ നീക്കങ്ങളും അനിശ്ചിതത്വങ്ങളും കാരണം ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ഈ തന്ത്രപ്രധാന നീക്കത്തിലൂടെ യുഎഇ ലക്ഷ്യമിടുന്നത്. ഫുജൈറയിൽ പുതിയ മൾട്ടിപർപ്പസ് തുറമുഖവും നിലവിലുള്ള ഫുജൈറ തുറമുഖത്ത് പുതിയ കണ്ടെയ്നർ ടെർമിനലും നിർമിക്കുന്നതിനായി ഡിപി വേൾഡ് അധികൃതരുമായി ചർച്ചകൾ നടത്തിവരികയാണ്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ കണ്ടെയ്നർ ഹബ്ബും ദുബായുടെ ആഗോള വ്യാപാരത്തിന്റെ പ്രധാന തൂണുമായ ജബൽ അലി തുറമുഖത്തെ കേന്ദ്രീകരിച്ച് ദീർഘകാലമായി പ്രവർത്തിക്കുന്ന ഡിപി വേൾഡിനെ സംബന്ധിച്ചിടത്തോളം ഈ പദ്ധതി വലിയൊരു ബിസിനസ് വൈവിധ്യവൽക്കരണമാണ്.


ലോകത്തിലെ എണ്ണ, വാതക വിതരണത്തിന്റെ ഭൂരിഭാ​ഗത്തോളം കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടയ്ക്കുകയും മേഖലയിൽ അനിശ്ചിതത്വം പടരുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ തുറമുഖത്തെക്കുറിച്ച് യുഎഇ ചിന്തിച്ചത്. ഫെബ്രുവരിയിൽ ആരംഭിച്ച യുഎസ് - ഇസ്രയേൽ സാമ്രാജ്യത്വ സഖ്യത്തിന്റെ ഇറാൻ വിരുദ്ധ സംഘർഷത്തിന് പിന്നാലെ ഈ ജലപാതയിലൂടെയുള്ള കപ്പൽ ഗതാഗതം കടുത്ത ഭീഷണി നേരിടുന്നുണ്ട്. താൽക്കാലിക വെടിനിർത്തലിനെത്തുടർന്ന് കപ്പൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചിരുന്നെങ്കിലും സാമ്രാജ്യത്വ ശക്തികളുടെ പുതിയ നീക്കങ്ങളോടെ സ്ഥിതി വീണ്ടും വഷളാവുകയായിരുന്നു. ഒമാൻ ഉൾക്കടലിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പുതിയ തുറമുഖം വഴി കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിൽ പ്രവേശിക്കാതെ തന്നെ യുഎഇയിലേക്ക് ചരക്കുകൾ എത്തിക്കാനും തിരികെ കൊണ്ടുപോകാനും സാധിക്കും. ഇവിടെയെത്തുന്ന കണ്ടെയ്നറുകൾ റോഡ് മാർഗ്ഗം ദുബായ്, അബുദാബി തുടങ്ങിയ മറ്റ് ഗൾഫ് നഗരങ്ങളിലേക്ക് എത്തിക്കാനാണ് പദ്ധതി.


സാമ്രാജ്യത്വ സൈനിക നടപടികൾ കാരണം സമ്പദ്‌വ്യവസ്ഥയ്ക്കും അടിസ്ഥാന സൗകര്യങ്ങൾക്കും ഉണ്ടാകുന്ന തടസങ്ങൾ കുറയ്ക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനുമുള്ള യുഎഇയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ തന്ത്രപ്രധാന നീക്കം. യുഎസ് - ഇസ്രയേൽ സൈനിക നടപടികൾക്ക് മറുപടിയായി ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ജബൽ അലിയിലെ വ്യാപാര പ്രവർത്തനങ്ങളിൽ 90 മുതൽ 95 ശതമാനം വരെ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതാണ് ബദൽ വ്യാപാര പാതകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ വേഗത്തിലാക്കാൻ ഡിപി വേൾഡിനെ പ്രേരിപ്പിച്ചത്. യുദ്ധത്തിന് മുൻപ് പ്രതിദിനം നൂറ്റിമുപ്പത്തിയഞ്ചോളം കപ്പലുകൾ കടന്നുപോയിരുന്ന ഈ കടലിടുക്കിലൂടെ പിന്നീട് സർവീസുകൾ പുനഃസ്ഥാപിച്ചപ്പോൾ കപ്പലുകളുടെ എണ്ണം നാല്പതിൽ താഴെയായി ചുരുങ്ങിയിരുന്നു. പുതിയ ആക്രമണങ്ങൾ കപ്പൽ ഗതാഗതത്തെ കൂടുതൽ ദോഷകരമായി ബാധിച്ചിട്ടുണ്ട്.


പദ്ധതിയുടെ സാമ്പത്തിക സ്രോതസും ഉടമസ്ഥാവകാശവും സംബന്ധിച്ച കാര്യങ്ങളിൽ ഇപ്പോഴും ചർച്ചകൾ തുടരുകയാണെന്നും പുതിയ സൗകര്യങ്ങൾ പതിനെട്ട് മാസത്തിനുള്ളിൽ പ്രവർത്തനസജ്ജമാക്കാൻ സാധിക്കുമെന്നും ഡിപി വേൾഡിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. നിലവിലെ പ്രതിസന്ധികൾ മറികടക്കുന്നതിനായുള്ള ബദൽ പദ്ധതികൾ പുരോഗമിക്കുകയാണെന്ന് ഡിപി വേൾഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഈ പുതിയ വിപുലീകരണം ദുബായുടെ സാമ്പത്തിക കേന്ദ്രമായ ജബൽ അലിക്ക് പകരമാവില്ല. എന്നാൽ ജബൽ അലിയുടെ പ്രാധാന്യം ഒട്ടും കുറയ്ക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. പതിറ്റാണ്ടുകളായി പടുത്തുയർത്തിയ വലിയ ഫ്രീ ട്രേഡ് സോണും വൻ വ്യവസായ അടിസ്ഥാന സൗകര്യങ്ങളും ജബൽ അലിയുടെ പ്രത്യേകതയാണ്.


പുതിയ തുറമുഖ പദ്ധതിയുടെ പ്രാരംഭ നിക്ഷേപം ദശലക്ഷക്കണക്കിന് ഡോളറാണ് പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളിലെ ആവശ്യകത അനുസരിച്ച് ഇത് കൂടുതൽ വികസിപ്പിക്കും. ഹോർമുസ് കടലിടുക്കിലെ ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള തടസങ്ങളിൽ നിന്ന് യുഎഇയുടെ വ്യാപാര മേഖലയെ സംരക്ഷിക്കുന്നതിനുള്ള ഒരു പ്രതിരോധ നടപടിയായാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്. പ്രതിസന്ധി ആരംഭിച്ചതുമുതൽ ഡിപി വേൾഡ് ജബൽ അലിയിലേക്കുള്ള പല ചരക്കുകളും ഫുജൈറ, ഖോർ ഫക്കാൻ ഉൾപ്പെടെയുള്ള യുഎഇയുടെ കിഴക്കൻ തീരത്തെ തുറമുഖങ്ങളിലേക്ക് തിരിച്ചുവിട്ടിരുന്നു. ഇത് ഈ തുറമുഖങ്ങളിൽ വലിയ തോതിലുള്ള കപ്പൽ തിരക്കിന് കാരണമായിട്ടുണ്ട്.


യുഎഇയുടെ കിഴക്കൻ തീരത്തെ തുറമുഖങ്ങൾ വികസിപ്പിക്കുന്നതിൽ നിലവിൽ വലിയ മത്സരമാണ് നടക്കുന്നത്. ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോജിസ്റ്റിക്സ് കമ്പനിയായ ഗൾഫ്‌ടൈനർ, ഒമാൻ ഉൾക്കടലിലെ പ്രധാന തുറമുഖമായ ഖോർ ഫക്കാന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനായി രണ്ട് ബില്യൺ ഡോളറിന്റെ വികസന പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് ഒഴിവാക്കിക്കൊണ്ട് അബുദാബിയിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതി ചെയ്യുന്നതിനുള്ള പ്രധാന കേന്ദ്രമായ ഫുജൈറ യുഎഇയുടെ ഊർജ്ജ മേഖലയിൽ ഇതിനകം തന്നെ തന്ത്രപ്രധാനമായ സ്ഥാനമാണ് വഹിക്കുന്നത്. ഡിപി വേൾഡിന്റെ പുതിയ പദ്ധതി കൂടി വരുന്നതോടെ രാജ്യത്തിന്റെ വ്യാപാര ശൃംഖലയിൽ ഫുജൈറയുടെ പ്രാധാന്യം ഇനിയും വർധിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home