ad
Deshabhimani

അടിമുടി ദുരൂഹത; ഇൻഡോ-നേപ്പാൾ അതിർത്തിയിൽ യുഎസ് പൗരൻ പിടിയിൽ, കപ്പൽ കയറി വന്നതെന്ന് മൊഴി

us spy
വെബ് ഡെസ്ക്

Published on Jul 14, 2026, 11:06 AM | 2 min read

ന്യൂഡൽഹി: യുഎസ് നാവികസേനയിലും സ്പെഷ്യൽ ഫോഴ്സിലും സേവനമനുഷ്ഠിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന അമേരിക്കൻ പൗരൻ ഉത്തർപ്രദേശിലെ ഇൻഡോ-നേപ്പാൾ അതിർത്തിയിൽ അറസ്റ്റിൽ. സാധുവായ യാത്രാരേഖകളൊന്നുമില്ലാതെ ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ സുരക്ഷാ സേന പിടികൂടിയത്.


ശനിയാഴ്ച മഹാരാജ്ഗഞ്ച് ജില്ലയിലെ സൊനാലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മൈനിഹ്വ പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന ശാസ്ത്ര സീമ ബൽ ഉദ്യോഗസ്ഥരാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പരിശോധനയ്ക്കായി തടഞ്ഞുനിർത്തിയപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. കാലിൽ കയർ കെട്ടിയ നിലയിൽ ഉദ്യോഗസ്ഥർ ഇയാളെ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.


കാലിഫോർണിയ സ്വദേശിയായ ജോർദാൻ ബ്രൗൺ (36) ആണ് പിടിയിലായത്. 31,460 രൂപ, രണ്ട് മൊബൈൽ ഫോണുകൾ എന്നിവ ഇയാളിൽ നിന്നും കണ്ടെടുത്തു.


രേഖകളില്ല,

കപ്പൽ മാര്‍ഗം എത്തിയതെന്ന് മൊഴി


അന്വേഷണ ഏജൻസികൾക്ക് ജോർദാൻ ബ്രൗൺ നൽകിയ മൊഴികളിൽ കടുത്ത വൈരുദ്ധ്യങ്ങളുണ്ടെന്ന് സൊണാലി എസ്എച്ച്ഒ മഹേന്ദ്ര മിശ്ര പറഞ്ഞു. ടൂറിസ്റ്റ് വിസയിൽ തായ്‌ലൻഡിലേക്ക് പോയപ്പോൾ അവിടെ വെച്ച് പാസ്‌പോർട്ട് നഷ്ടപ്പെട്ടു. തുടർന്ന് സമുദ്രമാർഗ്ഗം ശ്രീലങ്കയിലെത്തുകയും, അവിടെനിന്ന് 2025 നവംബർ 2-ന് കടൽ മാർഗ്ഗം ഇന്ത്യയിലെത്തുകയും ചെയ്തു. അതിനുശേഷം ഗോവയിലാണ് താമസിച്ചിരുന്നത്. ഗോവയിൽ വെച്ച് പരിചയപ്പെട്ട 'നാസ്' എന്ന നേപ്പാൾ സ്വദേശിയെ കാണാനാണ് അതിർത്തി കടക്കാൻ ശ്രമിച്ചതെന്നുമാണ് ഇയാളുടെ മൊഴി.


താൻ 70-ഓളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും, മെയ് മാസത്തിൽ ഇൻഡോനേഷ്യയിലെ ബാലി സന്ദർശിച്ച ശേഷമാണ് ഇന്ത്യയിലെത്തിയതെന്നും പിന്നീട് അവകാശപ്പെട്ടു. രണ്ടു മാസം മുമ്പ് ഗോവയിലെത്തി ബംഗളൂരുവിൽ നിന്നാണ് അതിർത്തിയിലേക്ക് തിരിച്ചത്. തന്റെ പാസ്‌പോർട്ട് ബംഗളൂരുവിലുള്ള ഒരു സുഹൃത്തിന്റെ പക്കലാണെന്നും പറയുന്നുണ്ടെങ്കിലും അതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകാൻ കഴിഞ്ഞിട്ടില്ല.


കാലിഫോർണിയ സർവകലാശാലയിൽ പഠിച്ചതായും യുഎസ് നാവികസേനയിലും സ്പെഷ്യൽ ഫോഴ്സിലും 6 വർഷത്തോളം ജോലി ചെയ്തിട്ടുണ്ടെന്നും ഇയാൾ അവകാശപ്പെടുന്നു. കൂടാതെ, ഇറ്റലിയിൽ വെച്ച് പരിചയപ്പെട്ട ഉത്തരാഖണ്ഡ് സ്വദേശിനിയായ യോഗാ ഇൻസ്ട്രക്ടറെ 2024 ഒക്ടോബറിൽ വിവാഹം കഴിച്ചതായും മൊഴിയിലുണ്ട്. എന്നാൽ രേഖകളില്ലാതെ എങ്ങിനെ വിവാഹം നടന്നു എന്നതും വ്യക്തമല്ല.


അതിര്‍ത്തിയിൽ അടുത്തകാലത്തെ

രണ്ടാമത്തെ സംഭവം


അമേരിക്കൻ എംബസിയെ വിവരമറിയിച്ചിട്ടുണ്ടെന്നും ഇയാളുടെ അവകാശവാദങ്ങൾ കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികൾ കർശനമായി പരിശോധിച്ചു വരികയാണെന്നും മഹാരാജ്ഗഞ്ച് അഡീഷണൽ എസ്പി സിദ്ധാർത്ഥ് അറിയിച്ചു. മ്യാൻമർ അതിർത്തിയിൽ നിന്ന് മാത്യു വാൻഡൈക് എന്ന മറ്റൊരു അമേരിക്കൻ പൗരനെ പിടികൂടിയതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ സംഭവം. വൻ സുരക്ഷാ നിരീക്ഷണവും ജാഗ്രതയുമുള്ള പ്രദേശത്താണ് ഇത്തരം സാന്നിധ്യങ്ങൾ ആവര്‍ത്തിക്കുന്നത്. നേപ്പാൾ, ഭൂട്ടാൻ, മ്യാൻമര്‍ അതിര്‍ത്തികളിൽ ഇന്ത്യൻ പൗരര്‍ക്ക് തിരിച്ചറിയൽ രേഖ നൽകി പ്രവേശിക്കാം. എങ്കിലും വിദേശികൾക്ക് ഈ സൗകര്യമില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home