വിയറ്റ്നാം ബോട്ട് അപകടം; മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

വിയറ്റ്നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരണപ്പെട്ട കൊട്ടാരക്കര സ്വദേശികളായ എ സി തോമസ്, ലോവേനി തോമസ് ദമ്പതികളുടെ മൃതദേഹങ്ങൾ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ
തിരുവനന്തപുരം: വിയറ്റ്നാമിലുണ്ടായ ദാരുണമായ ബോട്ട് അപകടത്തിൽ മരണപ്പെട്ട കൊട്ടാരക്കര സ്വദേശികളായ ദമ്പതികളുടെ മൃതദേഹങ്ങൾ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചു. കൊട്ടാരക്കര സ്വദേശികളായ എ സി തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരുടെ ഭൗതികദേഹങ്ങളാണ് നാട്ടിലെത്തിച്ചത്.
സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി പി സി വിഷ്ണുനാഥ് വിമാനത്താവളത്തിൽ മൃതദേഹങ്ങൾ ഏറ്റുവാങ്ങി. കൊടിക്കുന്നിൽ സുരേഷ് എംപിയും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. വിമാനത്താവളത്തിലെ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ആംബുലൻസിൽ കൊട്ടാരക്കരയിലെ സ്വവസതിയിലേക്ക് കൊണ്ടുപോയി.
വിയറ്റ്നാമിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഫൂ ക്വോക്ക് ദ്വീപിന് സമീപമായിരുന്നു അപകടം നടന്നത്. തെക്കൻ ഫൂ ക്വോക്കിലെ ഹോൺ മേയ് റുട്ട് എൻഗോയ് ദ്വീപിൽ നിന്ന് ആൻ തോയ് പോർട്ടിലേക്ക് യാത്ര പുറപ്പെട്ട സ്പീഡ് ബോട്ട് മിനിറ്റുകൾക്കകം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 32 ഇന്ത്യൻ വിനോദസഞ്ചാരികൾ ഉൾപ്പെടെ 36 യാത്രക്കാരാണ് അപകടസമയത്ത് ബോട്ടിലുണ്ടായിരുന്നത്. അപകടത്തിൽ 15 ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി.
അതേസമയം, അപകടത്തിന് കാരണമായ സ്പീഡ് ബോട്ടിന്റെ ക്യാപ്റ്റനെ ആൻ ഗിയാങ് പ്രവിശ്യാ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാഗത്തുനിന്ന് ഗുരുതരമായ നിയമലംഘനങ്ങളും വീഴ്ചയുമുണ്ടായതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.











0 comments