ad
Deshabhimani

തോറ്റെങ്കിലും ഹീറോസ്: മടങ്ങിയെത്തിയ നോർവേ ടീമിന് വൻ സ്വീകരണം; വൈക്കിംഗ് റോ' ആഘോഷവുമായി 90,000 ആരാധകർ

norway celibration

Photo Credit:Social Media

വെബ് ഡെസ്ക്

Published on Jul 14, 2026, 11:31 AM | 1 min read

ഓസ്ലോ: ഫിഫ ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ വരെയുള്ള തങ്ങളുടെ ചരിത്രപ്രധാനമായ മുന്നേറ്റത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ദേശീയ ടീം അംഗങ്ങളെ സ്വീകരിക്കാൻ നോർവേയിലെ രാജകൊട്ടാരത്തിന് മുന്നിൽ പതിനായിരക്കണക്കിന് ആരാധകർ തടിച്ചുകൂടി.


ശനിയാഴ്ച മയാമിയിൽ നടന്ന ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനോട് എക്സ്ട്രാ ടൈമിൽ 2-1 ന് പരാജയപ്പെട്ടെങ്കിലും, ടീമിന് ആവേശോജ്ജ്വലമായ സ്വീകരണമാണ് കൊട്ടാര മൈതാനത്ത് ഒത്തുകൂടിയ ഏകദേശം 90,000 വരുന്ന കാണികൾ നൽകിയത്.


ഫിഫ ലോകകപ്പ് ചരിത്രത്തിൽ നോർവേയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. കളിക്കാർ വേദിയിലെത്തിയപ്പോൾ, ഈ ടൂർണമെന്റിലുടനീളം നോർവേയുടെ പ്രതീകമായി മാറിയ പ്രശസ്തമായ "വൈക്കിംഗ് റോ" ആഘോഷത്തിൽ കളിക്കാരും ആരാധകരും ഒരുപോലെ പങ്കുചേർന്നു.


നോർവീജിയൻ മാധ്യമമായ എൻആർകെ റിപ്പോർട്ട് ചെയ്തതനുസരിച്ച്, നോർവേ രാജാവിന് കൈകൊടുത്ത് സ്വീകരണം ഏറ്റുവാങ്ങിയ കളിക്കാർ, രാജകുടുംബാംഗങ്ങളോടും അവിടെയുണ്ടായിരുന്ന ഏകദേശം 88,000 പേരോടുമൊപ്പം ചേർന്ന് വീണ്ടും 'വൈക്കിംഗ് റോ' ആഘോഷം നടത്തി.


ഇതിന് പിന്നാലെ കാൾ ജോഹാൻസ് ഗേറ്റിലൂടെ ഏകദേശം രണ്ട് മണിക്കൂർ നീണ്ട ഓപ്പൺ ബസ് പരേഡും നടന്നു. തുടർന്ന് രാധുസ്പ്ലാസനിൽ വച്ചും സമാനമായ രീതിയിൽ ആഘോഷങ്ങൾ സംഘടിപ്പിച്ച ശേഷമാണ് ബസ് പരേഡ് ഓസ്ലോ നഗരമധ്യത്തിലേക്ക് നീങ്ങിയത്.



"ഇങ്ങനെയൊന്ന് ആരും തന്നെ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാകില്ല. അമേരിക്കയിലും ഇപ്പോൾ ഇവിടെ നാട്ടിലും ഞങ്ങൾക്ക് ലഭിച്ച പിന്തുണ എല്ലാ പ്രതീക്ഷകൾക്കും അപ്പുറമാണ്. ഇത് കാണുന്നത് തന്നെ തികച്ചും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്," നോർവേ താരം മാർട്ടിൻ ഒഡെഗാർഡ് പറഞ്ഞു.


നോർവേ കോച്ച് സ്റ്റാലെ സോൽബാക്കൻ പ്രതികരിച്ചത് ഇങ്ങനെയാണ്, "മുന്നിൽ വരാനിരിക്കുന്ന വലിയ സ്വീകരണത്തെക്കുറിച്ച് രാജാവ് ഞങ്ങൾക്ക് നേരത്തെ തന്നെ സൂചന നൽകിയിരുന്നു. എങ്കിലും ഇത് ഇത്രയും വലുതായിരിക്കുമെന്ന് ഞങ്ങൾ ഒട്ടും പ്രതീക്ഷിച്ചില്ല."


അതേസമയം, ഇറ്റലിയിലേക്ക് പോകേണ്ട മറ്റൊരു വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്നത്കൊണ്ട് നോർവേയുടെ മുൻനിര ഗോൾവേട്ടക്കാരനായ എർലിങ് ഹാലണ്ടിന് ഈ പൊതു സ്വീകരണ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home