ഹോർമുസിൽ എണ്ണക്കപ്പലുകൾക്ക് നേരെ മിസൈൽ ആക്രമണം; ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു

പ്രതീകാത്മക എഐ ചിത്രം
ദുബായ് : പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രയേലും സംയുക്തമായി അഴിച്ചുവിട്ട സാമ്രാജ്യത്വ യുദ്ധത്തിന് മറുപടിയായി ഇറാന്റെ ശക്തമായ പ്രത്യാക്രമണം. ഹോർമുസ് കടലിടുക്കിൽ വെച്ച് യുഎഇയുടെ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. എട്ട് കപ്പൽ ജീവനക്കാർക്ക് പരിക്കേറ്റു. ഇതിൽ ആറ് പേർ ഇന്ത്യക്കാരാണ്.
ഒമാൻ പ്രാദേശിക സമുദ്രപരിധിയിലെ ഹോർമുസ് കടലിടുക്കിന്റെ തെക്കൻ കപ്പൽ പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന മൊംബാസ (Mombasa), അൽ ബഹിയ (Al Bahiyah) എന്നീ എണ്ണക്കപ്പലുകൾക്ക് നേരെയാണ് ഇറാന്റെ ക്രൂയിസ് മിസൈലുകൾ പതിച്ചത്. ഇതിൽ മൊംബാസ കപ്പലിലെ ഇന്ത്യൻ ജീവനക്കാരനാണ് ദാരുണാന്ത്യം സംഭവിച്ചത്. പരിക്കേറ്റ ഉക്രെയ്ൻ സ്വദേശികളുൾപ്പെടെയുള്ള എട്ട് പേരിൽ നാലുപേരുടെ നില ഗുരുതരമാണ്. മിസൈൽ പതിച്ചതിനെത്തുടർന്ന് രണ്ട് കപ്പലുകളിലും തീപിടിത്തമുണ്ടായെങ്കിലും പിന്നീട് നിയന്ത്രണവിധേയമാക്കി.
മൂന്ന് ദിവസമായി അമേരിക്കൻ സൈന്യം ഇറാന്റെ പല ജനവാസ മേഖലകളിലും ആവർത്തിച്ചുകൊണ്ടിരിക്കുന്ന വൻ വ്യോമാക്രമണങ്ങൾക്ക് തിരിച്ചടിയായി പരമാധികാരം സംരക്ഷിക്കാനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഇറാൻ ഈ നീക്കം നടത്തിയത്. എന്നാൽ സംഭവത്തെ അപലപിച്ച യുഎഇ പ്രതിരോധ മന്ത്രാലയം ഇത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും രാജ്യത്തിന്റെ സുരക്ഷ തകർക്കാനുള്ള ഏത് ശ്രമത്തെയും നേരിടാൻ സൈന്യം സജ്ജമാണെന്നും പ്രതികരിച്ചു.
കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഈ സംഭവത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല. സൈപ്രസ് പതാകയുള്ള ജിഎഫ്എസ് ഗാലക്സി എന്ന കണ്ടെയ്നർ കപ്പലിന് നേരെ നടന്ന പ്രത്യാക്രമണത്തിൽ ഒരു ഇന്ത്യൻ ജീവനക്കാരനെ കാണാതായി രണ്ട് ദിവസത്തിന് ശേഷമാണ് ഈ സംഭവം.
ഫെബ്രുവരി 28ന് ഇറാനെതിരെ ഇസ്രയേലും അമേരിക്കയും ഏകപക്ഷീയമായി ആക്രമണം ആരംഭിച്ചതിനെത്തുടർന്ന് പശ്ചിമേഷ്യയിലുണ്ടായ സംഘർഷങ്ങളിൽ ഇതിനകം 14 ഇന്ത്യക്കാർക്കാണ് ജീവൻ നഷ്ടമായത്. ഞായറാഴ്ച ജിഎഫ്എസ് ഗാലക്സി കപ്പലിന് നേരെയുണ്ടായ സംഭവത്തിൽ മറ്റ് പത്ത് ഇന്ത്യൻ ജീവനക്കാരെ രക്ഷപ്പെടുത്തിയിരുന്നു.
ഇറാന് മേലുള്ള നാവിക ഉപരോധം അമേരിക്ക പുന:സ്ഥാപിച്ചെന്നും ഹോർമുസ് കടലിടുക്കിന്റെ സംരക്ഷകരാകുമെന്നും ചരക്കു കപ്പലുകൾക്ക് 20 ശതമാനം തീരുവ ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചതോടെയാണ് മേഖലയിൽ സംഘർഷം രൂക്ഷമായത്. ഇറാന്റെ പ്രതിരോധ ആക്രമണങ്ങൾ ശക്തമായതിനെത്തുടർന്ന് കഴിഞ്ഞ മാസം ഒപ്പുവെച്ച താൽക്കാലിക സമാധാന കരാർ അവസാനിച്ചതായി ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.











0 comments