നിയമന വിവാദം; കർണാടക പിഎസ്‌സി ചെയർമാനെ സസ്‌പെൻഡ് ചെയ്തു

ബെംഗളൂരു : കർണാടക പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ ശിവശങ്കരപ്പ എസ് സാഹുകറിനെ കർണാടക ഗവർണർ സസ്‌പെൻഡ് ചെയ്തു. രണ്ട് മക്കളെ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ തസ്തികയിലേക്കുള്ള പി എസ് സി റാങ്ക് ലിസ്റ്റിൽ നിയമവിരുദ്ധമായി ഉൾപ്പെടുത്തി എന്ന ആരോപണത്തെത്തുടർന്നാണ് നടപടി. ചെയർമാന്റെ മകൾ സുമയെ സംവരണ വിഭാഗത്തിലും മറ്റൊരു മകളായ അനുരാധയെ ജനറൽ വിഭാഗത്തിലും ഉൾപ്പെടുത്തിയതിൽ ക്രമക്കേട് നടന്നതായി ആരോപണം ഉയർന്നതിന് പിന്നാലെയാണ് അച്ചടക്ക നടപടി. ഈ വിഷയം സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വിടാൻ ഗവർണർ രാഷ്ട്രപതിയോട് ശുപാർശ ചെയ്തിട്ടുണ്ട്.
സംവരണ ആനുകൂല്യം ലഭിക്കുന്നതിനായി സുമ തന്റെ കുടുംബത്തിന്റെ വാർഷിക വരുമാനം വെറും 40,000 രൂപ മാത്രമാണെന്ന് കാണിച്ച് വ്യാജ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിച്ചതായി പി എസ് സി അസിസ്റ്റന്റ് സെക്രട്ടറി കണ്ടെത്തിയതോടെയാണ് ക്രമക്കേടുകൾ പുറത്തുവന്നത്. തുടർന്ന് പി എസ് സി സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിയമന പ്രക്രിയയിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ഗവർണർക്കും മുഖ്യമന്ത്രിമാർക്കും കത്തയച്ചിരുന്നു. ഇതിനു പിന്നാലെ നടന്ന വിശദമായ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഈ മാസം നാലാം തീയതി ചേർന്ന യോഗത്തിൽ കർണാടക പി എസ് സി അംഗങ്ങൾ ചെയർമാനെ കമ്മീഷൻ യോഗങ്ങളിൽ നിന്ന് മാറ്റിനിർത്താൻ തീരുമാനിച്ചിരുന്നു. രാജി ആവശ്യപ്പെട്ട് കമ്മീഷൻ പാസാക്കിയ പ്രമേയത്തിന്മേൽ ഹൈക്കോടതി താൽക്കാലിക സ്റ്റേ അനുവദിച്ചിട്ടുണ്ട്.










0 comments