ad
Deshabhimani

ഒരൊറ്റ വിസയിൽ പലതവണ യുഎഇയിലെത്താം; മൾട്ടിപ്പിൾ എൻട്രി വിസയുടെ ഫീസും നിബന്ധനകളും അറിയാം

uae visa
വെബ് ഡെസ്ക്

Published on Aug 29, 2026, 03:26 PM | 2 min read

ദുബായ്: യുഎഇ യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കുന്ന മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയുടെ ഫീസും അപേക്ഷാ നടപടികളും വ്യക്തമാക്കി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്. 30 ദിവസത്തേക്കും 60 ദിവസത്തേക്കുമുള്ള വിസകളാണ് ലഭ്യമാകുക. വിസയുടെ കാലാവധിക്കുള്ളിൽ യുഎഇയിൽനിന്ന് പുറത്തുപോയാലും അതേ വിസ ഉപയോഗിച്ച് വീണ്ടും രാജ്യത്തേക്ക് പ്രവേശിക്കാം.


30 ദിവസത്തെ മൾട്ടിപ്പിൾ എൻട്രി വിസയ്ക്ക് 300 ദിർഹവും (ഏകദേശം ₹7,800), 60 ദിവസത്തെ വിസയ്ക്ക് 500 ദിർഹവും (ഏകദേശം ₹13,000) ആണ് അടിസ്ഥാന ഫീസ്. ഇതിനൊപ്പം അഞ്ച് ശതമാനം മൂല്യവർധിത നികുതിയും നൽകണം. ഈ വിഭാഗത്തിലുള്ള ടൂറിസ്റ്റ് വിസയ്ക്ക് പ്രത്യേക സെക്യൂരിറ്റി ഡെപ്പോസിറ്റ് ഈടാക്കുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.


അപേക്ഷകന്റെ സാഹചര്യത്തിനനുസരിച്ച് അന്തിമ ഫീസിൽ മാറ്റമുണ്ടാകാമെന്നും അറിയിപ്പിൽ പറയുന്നു. യുഎഇയിൽ ലൈസൻസുള്ള ടൂറിസം സ്ഥാപനമാണ് അപേക്ഷകന്റെ സ്പോൺസറോ ഹോസ്റ്റോ ആയിരിക്കേണ്ടത്. പാസ്പോർട്ട് പകർപ്പും ഫോട്ടോയും അപേക്ഷയ്ക്കൊപ്പം നൽകണം. പാസ്പോർട്ടിന് കുറഞ്ഞത് ആറുമാസത്തെ കാലാവധി ഉണ്ടായിരിക്കണം.


യുഎഇയിൽ സാധുവായ ആരോഗ്യ ഇൻഷുറൻസും മടക്കയാത്രയ്ക്കോ തുടർയാത്രയ്ക്കോ ഉള്ള ടിക്കറ്റും നിർബന്ധമാണ്. ജിഡിആർഎഫ്എയുടെ ഡിജിറ്റൽ സംവിധാനങ്ങളിലൂടെ അപേക്ഷ നൽകാം. ആവശ്യമായ രേഖകളും ഫീസും സമർപ്പിച്ചാൽ നടപടികൾ പൂർത്തിയാക്കാൻ ഏകദേശം 48 മണിക്കൂറാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്ന സമയം. ഓൺലൈൻ സേവനം മുഴുവൻ സമയവും ലഭ്യമാണ്.


മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ പുതുക്കുന്നതിനും കാലാവധി നീട്ടുന്നതിനുമുള്ള സംവിധാനവും ലഭ്യമാണ്. സിംഗിൾ എൻട്രി വിസയിൽ യുഎഇയിൽനിന്ന് പുറത്തുപോയാൽ അതേ വിസ ഉപയോഗിച്ച് വീണ്ടും പ്രവേശിക്കാനാകില്ല. അതേസമയം മൾട്ടിപ്പിൾ എൻട്രി വിസയുടെ അനുവദിച്ച കാലയളവിനുള്ളിൽ ഒന്നിലധികം തവണ രാജ്യത്ത് പ്രവേശിക്കാനും പുറത്തുപോകാനും കഴിയും. അതിനാൽ യുഎഇയിൽ എത്തുന്നതിനൊപ്പം സമീപരാജ്യങ്ങളിലേക്കും യാത്ര ചെയ്ത് തിരിച്ചെത്തേണ്ട വിനോദസഞ്ചാരികൾക്കും ഒരേ കാലയളവിൽ ഒന്നിലധികം യുഎഇ യാത്രകൾ ആസൂത്രണം ചെയ്യുന്നവർക്കും ഇത് കൂടുതൽ സൗകര്യപ്രദമാകും.


അതേസമയം ഇത് യുഎഇയുടെ അഞ്ചുവർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയിൽനിന്ന് വ്യത്യസ്തമാണ്. അഞ്ചുവർഷ വിസയ്ക്ക് യുഎഇയിലെ സ്പോൺസറോ ഹോസ്റ്റോ ആവശ്യമില്ല. ഓരോ സന്ദർശനത്തിലും പരമാവധി 90 ദിവസം താമസിക്കാം; നിബന്ധനകൾക്ക് വിധേയമായി ഇത് വീണ്ടും 90 ദിവസം നീട്ടാമെങ്കിലും ഒരു വർഷത്തെ മൊത്തം താമസം 180 ദിവസം കവിയാൻ പാടില്ല. ഈ വിസയ്ക്ക് അപേക്ഷിക്കുന്നവർ കഴിഞ്ഞ ആറുമാസത്തിനിടെ കുറഞ്ഞത് 4,000 ഡോളറിന് തുല്യമായ ബാങ്ക് ബാലൻസ് തെളിയിക്കണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home